സുനില്‍ രാജന്
സ്റ്റാഫോര്‍ഡ്: : ഡിസംബര്‍ 24 ന് സ്മൈലിലെ സുഹൃത്തുക്കള്‍ വളരെ ലളിതമായ ചടങ്ങുകളോടെ ദൈവപുത്രന്റെ ജന്മദിനവും പുതുവത്സരവും ആഘോഷിച്ചു. തിരുപ്പിറവിയെ അനുസ്മരിപ്പിക്കുന്ന നേറ്റിവിറ്റി പ്ലേയോട് കൂടി ആരംഭിച്ച ആഘോഷ പരിപാടികള്‍ സാന്താക്ലോസ് കേക്ക് മുറിച്ചു ഔപചാരികമായി ഉല്‍ഘാടനം ചെയ്തു. തുടര്‍ന്നു സ്മൈലിന്റെ ചെയര്മാന് തോമസ് എബ്രഹാം ക്രിസ്തുമസ് സന്ദേശം നല്കി.
ലോക രക്ഷയ്ക്കായി പിറവിയെടുത്ത യേശുക്രിസ്തുവിന്റെ മഹത് വചനങ്ങള്‍ വര്‍ത്തമാന കാല ജീവിതത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നവ ആണെന്നും അവ നമ്മുടെയെല്ലാം സ്വീകരണമുറിയുടെ ഭിത്തിയിലെ ആലങ്കാരിക വാക്യങ്ങളായി വിസ്മരിക്കപ്പെടരുതെന്നും അദ്ദേഹം തന്റെ സന്ദേശത്തിലൂടെ ഓര്‍മ്മിപ്പിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും സംഗീത നൃത്ത പരിപാടികള്‍ക്ക് ശേഷം വിഭവ സമൃദ്ധമായ ക്രിസ്തുമസ് വിരുന്നു നടന്നു.
ആഘോഷ പരിപാടികള്‍ക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് കുട്ടികള്‍ക്ക് സമ്മാനപ്പൊതികളും കുടുംബങ്ങള്‍ക്ക് ആശംസാ കാര്‍ഡുകളും എന്‍ആര്‍ഐ മലയാളിയുടെ പുതുവര്‍ഷ കലണ്ടറും വിതരണം ചെയ്തു. സെക്രട്ടറി ബിപിന്‍ മാത്യു കൃതജ്ഞത രേഖപെടുത്തി കൊണ്ട് എല്ലാവര്ക്കും ഒരിക്കല്‍ കൂടി ശാന്തിയുടെയും സമാധാനത്തിന്റെയും ക്രിസ്തുമസും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും പുതുവത്സരവും ആശംസിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല