1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2011


മാന്ദ്യത്തിന്റെ പിടിയില്‍ നിന്ന് എയര്‍ലൈന്‍ കമ്പനികള്‍ തിരിച്ചുകയറുന്നതിന്റെ സൂചനയായി ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഈ വര്‍ഷം അയ്യായിരത്തിലേറെ പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യും. പൈലറ്റുമാര്‍, എയര്‍ ഹോസ്റ്റസുമാര്‍ ഉള്‍പ്പെടെയുള്ള കാബിന്‍ ക്രൂ, എയര്‍പോര്‍ട്ട് ഗ്രൗണ്ട് സ്റ്റാഫ് എന്നിവരെയാണ് നിയമിക്കുന്നത്.

മാന്ദ്യകാലത്ത് വിമാനക്കമ്പനികള്‍ 20 ശതമാനത്തോളം സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇത് പുനരാരംഭിച്ചിട്ടുണ്ട്. ഇതോടെ അയ്യായിരത്തോളം തൊഴിലവസരങ്ങള്‍ ഉണ്ടാവുമെന്ന് എയര്‍ലൈന്‍ രംഗത്തുള്ളവര്‍ പറയുന്നു. ഇന്ത്യന്‍ വ്യോമയാന മേഖല ഈ വര്‍ഷം 18-20 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്.

പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയും സ്വകാര്യ ബജറ്റ് എയര്‍ലൈനുകളായ ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ് എന്നിവയും ചുരുങ്ങിയത് 1000 പേരെ വീതം നിയമിക്കും.

ഇന്‍ഡിഗോയുടെ ഫ്‌ളൈറ്റുകളുടെ എണ്ണം 221ല്‍ നിന്ന് 350 ആയി ഉയരും. ഇതിനായി 200 പൈലറ്റുമാരെയും 400-500 കാബിന്‍ ക്രൂവിനെയും നിയമിക്കുമെന്ന് ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ് പറഞ്ഞു. എയര്‍പോര്‍ട്ട് ഗ്രൗണ്ട് സ്റ്റാഫുകളായി 400 ഓളം പേരെയും നിയമിക്കുന്നുണ്ട്.

സ്‌പൈസ്‌ജെറ്റ് 1,000 കാബിന്‍ ക്രൂ അംഗങ്ങളെയും 40 പൈലറ്റുമാരെയും നിയമിക്കും. എയര്‍ഇന്ത്യ ഈ വര്‍ഷം 700 ഓളം പേരെയാണ് നിയമിക്കാന്‍ ഉദ്ദേശിക്കുന്നത്.

അതിനിടെ, പരിചയസമ്പന്നരായ പൈലറ്റുമാരുടെ ക്ഷാമം വിമാനക്കമ്പനികളെ സാരമായി ബാധിക്കുന്നുണ്ട്. ഇത് പരിഹരിക്കാന്‍ 2013 ഡിസംബര്‍ വരെ വിദേശ പൈലറ്റുമാരെ നിയമിക്കാന്‍ വ്യോമയാന മന്ത്രാലയം അനുവദിച്ചിട്ടുണ്ട്.

ജെറ്റ് എയര്‍വേയ്‌സ് 500-600 പൈലറ്റുമാരെ നിയമിക്കാനൊരുങ്ങുകയാണ്. അന്താരാഷ്ട്ര സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ജെറ്റ് 49 വിമാനങ്ങള്‍ പുതുതായി ചേര്‍ക്കുകയാണ്. ഇതിന് മാത്രം 100 ഓളം കമാന്‍ഡര്‍മാര്‍ ആവശ്യമായി വരും. മാന്ദ്യകാലത്ത് 1,800 ഓളം പേരെ കമ്പനി പിരിച്ചുവിട്ടതാണെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തിരിച്ചെടുക്കുകയായിരുന്നു. ശമ്പളത്തില്‍ 25 ശതമാനം വരെ കുറവുവരുത്തുകയും ചെയ്തിരുന്നു.

2014 ഓടെ 20 വിമാനങ്ങള്‍ കൂടി ചേര്‍ക്കുന്ന ഗോഎയര്‍, ഈ വര്‍ഷം 250 പേരെ നിയമിക്കും. ഇതില്‍ 100 പേര്‍ കാബിന്‍ ക്രൂവും 50 പേര്‍ പൈലറ്റുമാരുമാണ്.

കാര്യമായി നിയമനങ്ങള്‍ നടത്താന്‍ സാധ്യതയില്ലാത്ത ഒരേയൊരു മുന്‍നിര വിമാനക്കമ്പനി കിങ്ഫിഷറായിരിക്കും. കടബാധ്യതയെത്തുടര്‍ന്ന് പ്രതിസന്ധിയിലാണ് കമ്പനി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.