തമിഴനും മലയാളിയ്ക്കുമിടയില്‍ പൊട്ടിപ്പുറപ്പെട്ട മുല്ലപ്പെരിയാര്‍ പ്രശ്‌നം സംഗീതരാജാക്കന്മാരായ എആര്‍ റഹ്മാനെയും ഇളയരാജയ്ക്കും പാരയാവുന്നു. തമിഴ്‌നാട് നിരോധിച്ച ‘ഡാം 999’ സിനിമയിലെ ഗാനങ്ങള്‍ ഓസ്‌കറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ആഗ്രയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചിത്രത്തിലെ സഹ സംഗീത സംവിധായകനും മലയാളിയുമായ ഔസേപ്പച്ചനെ പ്രശ്ംസിച്ചതാണ് റഹ്മാനെ വെട്ടിലാക്കിയത്.
ഇതേച്ചൊല്ലി തമിഴ്‌നാട്ടില്‍ എതിര്‍പ്പ് രൂക്ഷമായതോടെ വിശദീകരണവുമായി റഹ്മാന്‍ രംഗത്തേണ്ടി വന്നു. കഴിഞ്ഞ ഒരുമാസമായി അമേരിക്കയില്‍ ഹോളിവുഡ് ചിത്രത്തിന്റെ ജോലികളിലായതിനാല്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം ഇത്ര ഗുരുതരമായത് അറിഞ്ഞില്ലെന്നും പറഞ്ഞാണ് റഹ്മാന്‍ തലയൂരുന്നത്.
ഔസേപ്പച്ചനെ പുകഴ്ത്തിയത് ചിലര്‍ മറ്റുതരത്തില്‍ വ്യാഖ്യാനിക്കുന്നത് വേദനാജനകമാണെന്ന് റഹ്മാന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. ‘തമിഴനായ എന്റെ വളര്‍ച്ചയില്‍ തമിഴ്‌നാട്ടുകാര്‍ എന്നും ഒപ്പം നിന്നിട്ടുണ്ട്. അതിന് എന്നും കടപ്പാടുണ്ട്. ഈ പ്രശ്‌നത്തില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാമിന്റെ നിലപാടിനെ ആദരിക്കുന്നു. റഹ്മാന്‍ വ്യക്തമാക്കി.
കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പും ജയാ ടി.വിയും മുഖ്യ സ്‌പോണ്‍സര്‍മാരായ സംഗീതപരിപാടിയില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചതാണ് ഇളയരാജയെ കുടുക്കിയത്. ബുധനാഴ്ച ചെന്നൈയില്‍ നടക്കുന്ന സംഗീതപരിപാടിയ്‌ക്കെതിരെ തീവ്രനിലപാടുകളുള്ള ഒരു കൂട്ടം തമിഴ് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മലയാളികളുടെ പങ്കാളിത്തത്തോടെ നടക്കുന്ന പരിപാടിയായതാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചിരിയ്ക്കുന്നത്.
പ്രതിഷേധക്കാരെ ഭയന്ന് സംഘാടകര്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഏറെ നാള്‍ മുമ്പ് പരിപാടിയ്ക്കായി കരാര്‍ ഒപ്പുവച്ചതാണെന്നാണ് ഇളയരാജയുടെ വിശദീകരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല