1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2012

തൃക്കാക്കര: കാമുകിക്കൊപ്പം ഒരുമിച്ചു ജീവിക്കാന്‍ അവരുടെ ഭര്‍ത്താവിനെ കൊന്നതുപോലെ തന്റെ ഭാര്യയെയും വകവരുത്താന്‍ തീരുമാനിച്ചിരുന്നതായി തെങ്ങോട് പോള്‍ വര്‍ഗീസ് വധക്കേസിലെ പ്രതിയും യു.കെ മലയാളിയുമായ ടിസന്‍ പൊലീസിനോടു പറഞ്ഞു. യുകെയിലുള്ള ഭാര്യ ഈ മാസം അവസാനം അവധിക്കു നാട്ടിലെത്തുമ്പോള്‍ മലമ്പുഴ ഡാം പരിസരത്തു കൊണ്ടുപോയി കൊല്ലാനായിരുന്നു പദ്ധതിയെന്നും ടിസന്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഒന്നര വര്‍ഷം മുന്‍പു വിവാഹിതനായ ടിസന്‍ യുകെയില്‍ നഴ്‌സായ ഭാര്യയുടെ കുടുംബ വീസയിലാണു യു.കെയിലെത്തിയത്. സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ്മാനായ ഇയാള്‍ ഭാര്യക്കൊപ്പം ഒരുമിച്ചു നാട്ടിലേക്കു വരാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. സജിതയുമായുള്ള ബന്ധം കാരണമാണ് യാത്ര നേരത്തെയാക്കിയതെന്നു പൊലീസ് പറഞ്ഞു.
പോള്‍ വര്‍ഗീസിനെ വാഹനാപകടം ‘സൃഷ്ടിച്ചു കൊലപ്പെടുത്താനും ആലോചിച്ചിരുന്നുവെന്നു ടിസനും സജിതയും മൊഴി നല്‍കിയിട്ടുണ്ട്.

പ്രഭാത ഭക്ഷണത്തില്‍ ഉറക്ക ഗുളിക കലര്‍ത്തി നല്‍കിയാല്‍ ബൈക്കില്‍ പോകുമ്പോള്‍ അപകടം സംഭവിക്കുമെന്നായിരുന്നു കണക്കു കൂട്ടല്‍. എന്നാല്‍ അപകടത്തില്‍ മരിക്കാതെ ഗുരുതരമായി പരുക്കേറ്റാല്‍ നീക്കം പാളുമെന്നു ടിസന്‍ തന്നെ കണ്ടെത്തിയതിനെത്തുടര്‍ന്നാണു കിടപ്പു മുറിയില്‍വച്ചു കൊലപ്പെടുത്താന്‍ ഇവര്‍ ഉറച്ചത്.
പോള്‍ വര്‍ഗീസ് കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ മൂന്നിനു ടാക്‌സി വരുത്തിയാണു സജിത നല്‍കിയ പൈനാപ്പിള്‍ പൊതിയുമായി ടിസന്‍ മടങ്ങിയതെന്നും പൊലീസ് പറഞ്ഞു. ഒറ്റപ്പെട്ട പ്രദേശത്തെ ഇടവഴി അവസാനിക്കുന്ന സ്ഥലത്തെ വീട്ടില്‍ ടിസന്‍ പതിവായി വന്നു പോയത് അധികമാരും ശ്രദ്ധിച്ചിരുന്നില്ല. പോളിന്റെ സംസ്‌കാര ദിവസം സ്ഥലത്തെത്തിയ ടിസന്‍ മൃതദേഹത്തില്‍ റീത്തും വച്ചു.

ടിസനെയും സജിതയെയും കൂടുതല്‍ തെളിവെടുപ്പിനായി ആലുവ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തു. ടിസനെ കാണാന്‍ മാതാവ് ഇന്നലെ പൊലീസ് സ്‌റ്റേഷനിലെത്തിയിരുന്നു. സജിതയുടെ ബന്ധുക്കളാരും എത്തിയില്ല.

(യുകെയിലുള്ള ടിസന്റെ ഭാര്യയുടെ സ്വകാര്യതയെ മാനിച്ച് അവരെ സംബന്ധിച്ച യാതൊരു സൂചനയും പ്രസിദ്ധീകരിക്കരുത് എന്ന തീരുമാനം എന്‍ ആര്‍ ഐ മലയാളി എഡിറ്റോറിയല്‍ ബോര്‍ഡ്‌ കൈക്കൊണ്ടിട്ടുണ്ട് )

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.