ഇരുപത് പൗണ്ട് ചിലവാക്കിയില്ലെങ്കില്‍ 1,000 പൗണ്ട് കൈയ്യില്‍നിന്ന് പോകുമെന്ന് പറയുന്നത് ഇത്തിരി കട്ടിയാണെന്ന് പറയാതെ വയ്യ. ഇംഗ്ലണ്ടിലെ ഡ്രൈവര്‍മാരുടെ കാര്യമാണ് പറഞ്ഞ് വരുന്നത്. ലൈസന്‍സിലെ ചില നിയമങ്ങള്‍മൂലം ഏതാണ്ട് 1.6 മില്യണ്‍ ഡ്രൈവര്‍മാരാണ് കുടുങ്ങാന്‍ പോകുന്നത്. കാര്യം വേറൊന്നുമല്ല. ഇരുപത് പൗണ്ട് മുടക്കി ഫോട്ടോ പുതുക്കിയിട്ടില്ല എന്നതാണ് പ്രശ്നം. അങ്ങനെ ചെയ്തിട്ടില്ലാത്ത 1.6 മില്യണോളം ഡ്രൈവര്‍മാര്‍ പതിനായിരം പൗണ്ട് പിഴ കൊടുക്കേണ്ടിവരും.
ലൈസന്‍സിലെ ചിത്രങ്ങള്‍ കാലാകാലങ്ങളില്‍ പുതുക്കണമെന്ന കാര്യം പല ഡ്രൈവര്‍മാരും മറന്നുപോകും. അതുതന്നെയാണ് പ്രശ്നമായത്. സെയ്ന്‍ബറി കാര്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. പത്ത് വര്‍ഷം കൂടുമ്പോഴാണ് ഫോട്ടോകള്‍ പുതുക്കേണ്ടത്. എന്നാല്‍ പലപ്പോഴും ഇത് മറന്നുപോകുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. ഇപ്പോള്‍ 1.6 മില്യണ്‍ ഡ്രൈവര്‍മാരുടെ ഫോട്ടോകളുടെ കാലാവധി കഴിഞ്ഞിട്ടുണ്ടെന്നും 2.9 മില്യണ്‍ ഡ്രൈവര്‍മാരുടെ ഫോട്ടോകളുടെ കാലാവതികാലാവധി 2012ല്‍ അവസാനിക്കുമെന്നും കമ്പനി കണ്ടെത്തിയിട്ടുണ്ട്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് 13 മില്യണ്‍ ഡ്രൈവര്‍മാര്‍ ഫോട്ടോകള്‍ പുതുക്കേണ്ടതായി വരും. ഇങ്ങനെ ചെയ്തില്ലെങ്കില്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഖജനാവില്‍ മില്യണ്‍ കണക്കിന് പൗണ്ട് കുന്നുകൂടും എന്നല്ലാതെ വേറൊന്നും സംഭവിക്കാനില്ലതന്നെ.
ബ്രിട്ടണിലെ ഡ്രൈവര്‍മാരില്‍ നാല്പത്തിയൊന്ന് ശതമാനത്തിനും പ്രശ്നത്തിന്റെ ഗൗരവത്തെക്കുറിച്ച് കാര്യമായ അറിവില്ലെന്നാണ് ഇന്‍ഷുറന്‍സ് കമ്പനി കണ്ടെത്തിയിരിക്കുന്നത്. 1988ലെ റോഡ് ട്രാഫിക് ആക്ട് പ്രകാരം നിങ്ങള്‍ ആയിരം പൗണ്ട് ഫൈന്‍ കൊടുക്കാന്‍ നിര്‍ബന്ധിതരാകും എന്നാണ് നിയമവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. അതുപോലെതന്നെ ഗുരുതരമായ മറ്റൊരു പ്രശ്നമാണ് ലൈസന്‍സിന്റെ കാലാവധി കഴിയാറായ കാര്യവും. പല ഡ്രൈവര്‍മാര്‍ക്കും തങ്ങളുടെ ലൈസന്‍സ് പുതുക്കേണ്ട സമയമായി എന്ന കാര്യം അറിയില്ലെന്നാണ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരിക്കുന്നത്.
ഇങ്ങനെ ലൈസന്‍സിന്റെ കാലാവധി എന്നവസാനിക്കുമെന്ന് അറിയാത്ത 10 മില്യണ്‍ ഡ്രൈവര്‍മാര്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ലൈസന്‍സുകളുടെ കാലാവധി അവസാനിക്കുന്നതിന്റെയും ഫോട്ടോകളുടെ കാലാവധി കഴിയുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഭൂരിപക്ഷം ഡ്രൈവര്‍മാര്‍ക്കും കാര്യമായി ഒന്നും അറിയില്ല എന്നാണ് പഠനസംഘം കണ്ടെത്തിയിരിക്കുന്നത്. ഇരുപത്തിയൊന്‍പത് ശതമാനംപേര്‍ക്ക് മാത്രമാണ് ഇതിനെക്കുറിച്ച് അല്പമെങ്കിലും അറിയാവുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല