ബ്രിട്ടണില്‍ 800,000 ഓളം പ്രായമായവര്‍ യാതൊരു പരിഗണനയും ലഭിക്കാതെ കഴിയുന്നതായി റിപ്പോര്‍ട്ട്. ചില സംഘടനകള്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഇത്രയും പേര്‍ യാതൊരു പരിഗണനയും ലഭിക്കാതെ വീട്ടിനുള്ളില്‍ അടച്ചിട്ട നിലയില്‍ കഴിയുകയാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സാമ്പത്തികമാന്ദ്യം രൂക്ഷമായ ബ്രിട്ടണില്‍ ഇപ്പോള്‍ പ്രായമായവരെ സംരക്ഷിക്കുന്നതിന് നടപ്പിലാക്കിയിരുന്ന പല നിയമങ്ങളും എടുത്ത് കളഞ്ഞിരിക്കുകയാണ്. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ഈ വീഴ്ചകളെ മറന്നുകൊണ്ടാണ് സര്‍ക്കാര്‍ പ്രതികരിക്കുന്നത് എന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. എന്തായാലും ബ്രിട്ടണിലെ ഒരു വലിയ സമൂഹം ഇപ്പോള്‍ അടഞ്ഞ മുറിയില്‍ ജീവിക്കുകയാണ് എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ജീവകാരുണ്യ സംഘടനകളും ആരോഗ്യവിദഗ്ദരും നേതാക്കന്മാരുമെല്ലാം സര്‍ക്കാരിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന തരത്തില്‍ രൂക്ഷമായ പ്രതികരണമാണ് ഈ വിഷയത്തില്‍ നടത്തുന്നത്. പ്രായമായവരെ അവഗണിക്കുന്ന സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണ് എന്നാണ് ഇവര്‍ പ്രധാനമായും ആരോപിക്കുന്നത്. പ്രായമായവര്‍ നേരിടുന്ന ഏകാന്തത കുടുംബങ്ങളില്‍ രൂക്ഷമായ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്ന് ജീവകാരുണ്യ സംഘടനകളും മറ്റും അഭിപ്രായപ്പെടുന്നത്. മുതിര്‍ന്ന പൌരന്മാരെ നോക്കുന്നതിന് സര്‍ക്കാര്‍ നേഴ്സുമാരെയും മറ്റും നിയമിക്കണം എന്നതാണ് പ്രധാനമായും ഉയരുന്ന ആവശ്യം. എന്നാല്‍ ഇത് സര്‍ക്കാരിനുണ്ടാക്കുന്ന ഭീമമായ സാമ്പത്തിക നഷ്ടത്തെക്കുറിച്ചാണ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും മറ്റ് മന്ത്രിമാരും പറയുന്നത്.
എന്നാല്‍ പ്രധാനമന്ത്രിയുടെ ഈ നിലപാടിനെതിരെ രൂക്ഷമായാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കന്മാരും യൂണിയന്‍ നേതാക്കന്മാരുമെല്ലാം പ്രതികരിക്കുന്നത്. ബ്രിട്ടണിലെ പ്രായമായവരെ സംരക്ഷിക്കുന്ന നിയമം പാസാക്കിയാല്‍ വരുന്ന രണ്ട് ബില്യണ്‍ പൌണ്ടിന്‍റെ ചിലവ് കണ്ടെത്താതെ ഒരു രക്ഷയുമില്ലെന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും സര്‍ക്കാര്‍. പ്രായമായവരെ സംരക്ഷിക്കുന്നതിനുള്ള ചിലവില്‍ 35,000 പൌണ്ട് നിക്ഷേപിക്കാന്‍ തയ്യാറാണെങ്കില്‍ നേഴ്സുമാരെ നിയമിക്കാമെന്ന നിലപാടാണ് ഇപ്പോള്‍ സര്‍ക്കാരെടുത്തിരിക്കുന്നത്.
സാമൂഹിക സുരക്ഷാകാര്യങ്ങളില്‍ കാമറൂണ്‍ കാണിക്കുന്ന അലംഭാവങ്ങള്‍ ഏറെ വിമര്‍ശിക്കപ്പെടുന്ന കാലമാണിത്. ഭക്ഷണം കഴിക്കുന്നതിനും മറ്റുമായി വരുന്ന ചെലവുകള്‍ സ്വരൂപിക്കാന്‍വേണ്ടി ഇപ്പോള്‍ പ്രായമായവര്‍ വീടുകള്‍ വില്‍ക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല