യൂറോപ്പിന് പുതുവര്‍ഷം എങ്ങനെയായിരിക്കും? ഇരുണ്ടതാകും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്നു തന്നെയാണ് നേതാക്കന്മാര്‍ വ്യക്തമാക്കിയിരിക്കുന്നത്! 2011 നെ അപേക്ഷിച്ച് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടാന്‍ തയാറായിരിക്കണമെന്ന് പുതുവര്‍ഷ ദിനത്തില്‍ യൂറോപ്യന്‍ നേതാക്കളുടെ ആഹ്വാനവും, മറ്റൊരു സാമ്പത്തിക മാന്ദ്യമാണ് 2012 ല്‍ എത്തുന്നതെന്നുള്ള സാമ്പത്തിക വിദഗ്ധരുടെ പരോക്ഷമായ പ്രവചനവും കൂട്ടിവായിക്കുമ്പോള്‍ 2012 എന്തുകൊണ്ടും കടുപ്പമേറിയതാവും.
പതിറ്റാണ്ടുകള്‍ക്കിടെ യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ പരീക്ഷണമാണ് ഈ വര്‍ഷത്തേതെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ ന്യൂഈയര്‍ സന്ദേശത്തില്‍ പറഞ്ഞു. യൂറോപ്യന്‍ കടക്കെണി അനിയന്ത്രിതമായി പെരുകിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ജര്‍മനിയുടെ സാമ്പത്തിക ഹോംവര്‍ക്കുകള്‍ പിഴവില്ലാത്തതാണെങ്കിലും മറ്റുള്ളവരുടെ തെറ്റുകളില്‍ ജര്‍മനിയും ഇടറിയേക്കാമെന്നും മെര്‍ക്കല്‍ സൂചിപ്പിച്ചു. സമാധാനവും, സ്വാതന്ത്യ്രവും, നീതിയും, മാനുഷിക ധര്‍മവും, ജനാധിപത്യവും നീണാള്‍ വാഴട്ടെയെന്നും അവര്‍ പ്രത്യാശിച്ചു.
പ്രതിസന്ധി ഘട്ടം അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പാണ് ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി നല്‍കിയത്. കൂടുതല്‍ ത്യാഗങ്ങള്‍ക്ക് എല്ലാവരും തയാറാകണമെന്ന് ഇറ്റാലിയന്‍ പ്രസിഡന്റ് ജോര്‍ജിയോ നപ്പോളിറ്റാനോയും അഭിപ്രായപ്പെട്ടത് ഇറ്റലിയുടെ കഴിഞ്ഞുപോയ ബുദ്ധിമുട്ടുകളുടെ ഏറ്റുപറച്ചിലായിരുന്നു. കടക്കെണിയും സാമ്പത്തിക മാന്ദ്യവും യൂറോയുടെ മൂല്യത്തകര്‍ച്ചയും 2011ല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വന്‍ പ്രതിസന്ധിക്ക് വഴിയൊരുക്കിയിരുന്നു.
കടക്കെണി കാരണം വിവിധ രാജ്യ സര്‍ക്കാരുകള്‍ ചെലവുകള്‍ ഗണ്യമായി കുറച്ചത് യൂറോപ്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ സാരമായി ബാധിച്ചിട്ടുണ്ട്. അതിനിടെ പ്രമുഖ ധനശാസ്ത്രജ്ഞര്‍ക്കിടയില്‍ ബിബിസി നടത്തിയ സര്‍വേയും യൂറോപ്പിന്റെ സാമ്പത്തികം ഇരുണ്ട ഭാവിയിലേക്കാണെന്ന സൂചനയാണ് നല്‍കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല