ഇറാനില്‍ നിന്നു അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതു നിരോധിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ തത്വത്തില്‍ ധാരണയായി. ക്രൂഡ് ഓയില്‍ ഇറക്കുമതിയ്ക്കു വിലക്ക് ഏര്‍പ്പെടുത്താനുള്ള തീരുമാനം ജനുവരി അവസാനം നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. അടുത്തിടെ ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധം കൊണ്ടുവന്ന അമേരിക്ക, യൂറോപ്യന്‍ യൂണിയന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു.
ഇറാന്റെ വിവാദ ആണവ പരീക്ഷണങ്ങള്‍ക്കു തിരിച്ചടി നല്‍കുകയാണ് നിരോധനത്തിലൂടെ യൂറോപ്യന്‍ യൂണിയന്റെ ലക്ഷ്യം. ഇറാന്റെ പ്രധാന വരുമാന മാര്‍ഗമായ ക്രൂഡ് ഓയില്‍ കയറ്റുമതിയ്ക്കു തടയിട്ട് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ ശ്രമിക്കുന്നത്. അതേസമയം, ഉപരോധം ഇറാന്റെ സമ്പദ് വ്യവസ്ഥയില്‍ പ്രത്യാഘാതമുണ്ടാക്കിയിട്ടില്ലെന്നും പാശ്ചാത്യശക്തികളുടെ ഭീഷണി വിലപ്പോവില്ലെന്നില്ലെന്നും ഇറാന്‍ പ്രതികരിച്ചു.
ഇതിനൊപ്പം യുഎസ് വിമാനവാഹിനിക്കപ്പല്‍ ഹോര്‍മൂസ് കടലിടുക്കിലേക്ക് മടങ്ങരുതെന്ന ഇറാന്റെ താക്കീത് വകവയ്ക്കുന്നില്ലെന്ന് അമേരിക്ക. ഗള്‍ഫിലെ യുഎസ് യുദ്ധക്കപ്പലുകളുടെ സാന്നിധ്യം തുടരുമെന്ന് പെന്റഗണ്‍ അറിയിച്ചു. ഉപരോധം ഇറാന്റെ സമ്പദ് വ്യവസ്ഥയില്‍ പ്രത്യാഘാതമുണ്ടാക്കിയിട്ടുണ്െടന്നും ആഭ്യന്തര പ്രശ്നങ്ങളില്‍ നിന്നു ശ്രദ്ധതിരിക്കാനാണ് ഭീഷണിയുമായി ഇറാന്‍ രംഗത്തെത്തിയിരിക്കുന്നതെന്നും വൈറ്റ്ഹൌസ് പ്രസ് സെക്രട്ടറി ജേ കാര്‍നി പറഞ്ഞു.
ആഗോളതലത്തിലുള്ള എണ്ണക്കയറ്റുമതിയില്‍ നല്ല പങ്കും നടക്കുന്നത് ഹോര്‍മൂസ് കടലിടുക്കിലൂടെയാണ്. ഹോര്‍മൂസ് അടയ്ക്കുമെന്ന ഇറാന്റെ ഭീഷണി വിലപ്പോവില്ല. എണ്ണക്കപ്പലുകള്‍ക്കു സംരക്ഷണം നല്‍കാനാണ് ഗള്‍ഫില്‍ അമേരിക്ക യുദ്ധക്കപ്പലുകള്‍ വര്‍ഷങ്ങളായി നിലനിര്‍ത്തിയിരിക്കുന്നതെന്നും ഇതില്‍ മാറ്റമില്ലെന്നും പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോര്‍ജ് ലിറ്റില്‍ വ്യക്തമാക്കി. ഇതിനിടെ, ഹോര്‍മുസ് കടലിടുക്കിന്റെ സംരക്ഷണത്തിന് ആവശ്യമായ എന്തു നടപടിയും സ്വീകരിക്കുമെന്നു ഇറാന്‍ ഇന്നലെ ആവര്‍ത്തിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല