പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണം നമ്മുടെ സാമ്പത്തിക മേഖലയ്ക്ക് നല്‍കുന്ന ഉണര്‍വ് ചെറുതൊന്നുമല്ല. എന്നാല്‍ പലപ്പോഴും മറ്റു രാജ്യങ്ങളില്‍ പ്രവാസികള്‍ക്ക് പല തരത്തിലുള്ള ദുരിതങ്ങളും അനുഭവിക്കേണ്ടി വരാറുണ്ട്, കൂടാതെ നാട്ടില്‍ തിരിച്ചെത്തിയാല്‍ തൊഴിലും വരുമാനവും ഇല്ലാതെ അലഞ്ഞു നടക്കേണ്ടിയും വരാറുണ്ട്. എന്തായാലും രാജ്യത്തിനു പുറത്തു ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കു പെന്‍ഷനും ഇന്‍ഷ്വറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്ന പദ്ധതിക്കു കേന്ദ്രസര്‍ക്കാര്‍ രൂപം നല്കിയത് പ്രവാസികളിലെ അര്‍ഹരായ വലിയൊരു വിഭാഗത്തിന് അനുഗ്രഹമയി മാറിയിരിക്കുകയാണ്.
പെന്‍ഷന്‍ ആന്‍ഡ് ലൈഫ് ഇന്‍ഷ്വറന്‍സ് ഫണ്ട് (പിഎല്‍ഐഎഫ്) എന്ന പേരിലുള്ള ഈ പദ്ധതി വിദേശരാജ്യങ്ങളിലെ വരുമാനം കുറഞ്ഞ അവിദഗ്ധ തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനകരമാകും. യു.പി, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണു ഗള്‍ഫ് പോലുള്ള രാജ്യങ്ങളില്‍ ഇത്തരം തൊഴില്‍ മേഖലയില്‍ കൂടുതലായി ആളുകള്‍ എത്തുന്നത്. നിര്‍മാണമേഖലയില്‍ കേരളീയരുടെ എണ്ണവും കുറവല്ല. കുറഞ്ഞ ശമ്പളത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാളുകളിലും മറ്റും ജോലി ചെയ്യുന്ന ആയിരക്കണക്കിനു മലയാളികളുണ്ട്. രാജ്യത്തെ വലിയൊരു വിഭാഗം പ്രവാസി തൊഴിലാളികള്‍ക്കു പ്രയോജനകരമാകുന്ന പദ്ധതി അവരുടെ പങ്കാളിത്തത്തോടെയാണു നടപ്പാക്കുന്നത് എന്നതിനാല്‍ പദ്ധതി പ്രവാസികള്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതൊന്നുമല്ല.
യൂറോപ്പിലും അമേരിക്കയിലും ഓസ്ട്രേലിയയിലുമൊക്കെ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് അവിടത്തെ സാമൂഹ്യസുരക്ഷാ പദ്ധതികളിലും മറ്റും അംഗത്വം ഈ പദ്ധതി വഴിയൊരുക്കും. കൂടാതെ പൌരത്വവും ലഭിക്കും. അവിടത്തെ പൌരന്മാര്‍ അനുഭവിക്കുന്ന ഒട്ടുമിക്ക ആനുകൂല്യങ്ങള്‍ക്കും അവര്‍ അര്‍ഹരാണ്. എന്നാല്‍ ഇത്തരം സാധ്യതകള്‍ പ്രതീക്ഷിക്കാനില്ലാത്തവരാണു ഗള്‍ഫിലും ഇതര ഏഷ്യന്‍ രാജ്യങ്ങളിലും തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിനുള്ള പ്രവാസി ഇന്ത്യക്കാര്‍ എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
രാജ്യത്തിന്റെ വിദേശനാണ്യ സമ്പാദ്യത്തില്‍ ഇവരുടെ സംഭാവനയും നിര്‍ണായകമാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകില്ല എന്നിട്ടും അവരുടെ ജീവിതം ദുരിത പൂര്‍ണമാകുന്നത് കഷ്ടം തന്നെയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. വിദേശ തൊഴില്‍ സാധ്യതകള്‍ കുറഞ്ഞുവരുകയും പല വികസിത രാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രവാസികാര്യവകുപ്പ് ദീര്‍ഘവീക്ഷണത്തോടെ തയാറാക്കിയ പിഎല്‍ഐഎഫ് പദ്ധതി കാര്യക്ഷമവും ജനക്ഷേമകരവുമായി നടപ്പാക്കാന്‍ സാധിക്കണം എങ്കില്‍ മാത്രമേ പ്രവാസികള്‍ക്ക് പ്രതീക്ഷിക്കുന്ന സേവനം നല്‍കാന്‍ പദ്ധതിയ്ക്ക് കഴിയുകയുള്ളൂ.
പദ്ധതി പ്രകാരം പ്രതിവര്‍ഷം ആയിരം മുതല്‍ പന്തീരായിരംവരെ രൂപ ഈ ഫണ്ടിലേക്കു നിക്ഷേപിക്കുന്നവര്‍ക്കു സര്‍ക്കാര്‍ വിഹിതമായി ആയിരം രൂപ ലഭിക്കും. കൂടുതല്‍ വിഹിതം നല്കുന്നവര്‍ക്കു സര്‍ക്കാര്‍ വിഹിതത്തില്‍ വര്‍ധനയുണ്ടാകും. വിദേശരാജ്യങ്ങളിലെ തൊഴില്‍ മേഖലകളില്‍ ജോലിചെയ്യുന്ന കുറഞ്ഞ വരുമാനക്കാരായ ജോലിക്കാര്‍ക്ക് ദീര്‍ഘകാല കരാറുകളോ കുടുംബ ആനൂകൂല്യങ്ങളോ ഒന്നും നിലവിലില്ല. അവര്‍ക്കു ശമ്പളംപോലും ക്രമമായി ലഭിക്കാത്ത സാഹചര്യമുണ്ട്. ചിലയിടങ്ങളില്‍ പ്രശ്നം സമരംവരെ എത്തിയിട്ടുമുണ്ട്. കര്‍ശനമായ നിയമസംവിധാനങ്ങളുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ സമരത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കൂടുതല്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടതായിവരും.
ചെയ്ത ജോലിയുടെ കൂലിപോലും കിട്ടാതെ നാട്ടിലേക്കു മടങ്ങേണ്ട അവസ്ഥയും ചിലര്‍ക്കുണ്ടായിട്ടുണ്ട് എന്നതും ശ്രദ്ധിക്കേണ്ട വസ്തുതതയാണ്. പ്രവാസി തൊഴിലാളികളുടെ ഇത്തരം തൊഴില്‍ പ്രശ്നങ്ങള്‍ രൂക്ഷമായപ്പോള്‍ കേന്ദ്രസര്‍ക്കാരും പ്രവാസി വകുപ്പും ഇടപെടുകയും പല പ്രശ്നങ്ങളിലും പരിഹാരമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. നാട്ടില്‍നിന്നു തൊഴിലാളികളെ കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ കര്‍ശനമാക്കിയിരുന്നു. എങ്കിലും ഇപ്പോഴും പലരും കബളിപ്പിക്കപ്പെടുന്നുണ്ട് എന്നതാണ് സത്യം. പിഎല്‍ഐഎഫ് പോലുള്ള പദ്ധതികള്‍ പ്രാവര്‍ത്തികമാകുമ്പോള്‍ ഇത്തരം തട്ടിപ്പുകള്‍ക്കു തടയിടാനും സാധികേണ്ടി ഇരിക്കുന്നു എന്നാല്‍ നിലവിലെ പദ്ധതിയില്‍ ഇതിനുള്ള പോംവഴി ഉണ്ടോ എന്നകാര്യം സംശയമാണ്.
പുനരധിവാസം, വാര്‍ധക്യകാലപെന്‍ഷന്‍, ഇന്‍ഷ്വറന്‍സ് പരിരക്ഷ എന്നിവയൊക്കെ നിലവില്‍ പിഎല്‍ഐഎഫിന്റെ പരിധിയില്‍ വരും. കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം രൂപകല്പന ചെയ്ത ഈ പദ്ധതിക്കു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കിയെങ്കിലും തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ നടപ്പാക്കലിനു കാലതാമസമുണ്ടായേക്കാം. കൊട്ടിഘോഷിക്കപ്പെടുന്ന ക്ഷേമപദ്ധതികള്‍ പലതും നടത്തിപ്പിന്റെ ഘട്ടത്തിലെത്തുമ്പോള്‍ നമ്മെ നിരാശപ്പെടുത്താറുണ്ട്.
വാര്‍ധക്യകാല പെന്‍ഷന്‍ കിട്ടണമെങ്കില്‍പ്പോലും മുഖ്യമന്ത്രി നേരിട്ടെത്തി അപേക്ഷ പരിശോധിക്കേണ്ട സ്ഥിതി ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്. ഇത്തരമൊരവസ്ഥ പ്രവാസികള്‍ക്കുവേണ്ടിയുള്ള പിഎല്‍ഐഎഫ് പദ്ധതിക്കുണ്ടാകാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമനിധിയിലും തത്തുല്യമായ ചില ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. രണ്ടു പദ്ധതികളും തമ്മില്‍ കൂടിക്കുഴയുകയുമരുത്.
സ്ത്രീകള്‍ക്കും ആശ്വസിക്കാന്‍ വക പദ്ധതിയില്‍ ഉണ്ട്, വിദേശത്ത് ജോലിചെയ്യുന്ന സ്ത്രീകള്‍ക്കായി പദ്ധതിയില്‍ ചില പ്രത്യേക ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്കായി പ്രതിവര്‍ഷം ആയിരം രൂപകൂടി സര്‍ക്കാരിന്റെ വിഹിതമായി പെന്‍ഷന്‍ ഫണ്ടിലേക്കു നിക്ഷേപിക്കും. വീട്ടുജോലിക്കാരായും മറ്റും അന്യനാടുകളില്‍ പോയി കഷ്ടപ്പെടുന്ന സ്ത്രീകളുടെ കദനകഥകള്‍ കേരളീയര്‍ക്കു സുപരിചിതമാണ്. ഓരോ വര്‍ഷവും നീട്ടേണ്ട വിസയും ഇക്കാമയുമൊക്കെ ഗള്‍ഫിലെ തൊഴിലാളികളില്‍ മാത്രമല്ല, ഇടത്തരം ജീവനക്കാരിലും അനിശ്ചിതത്വത്തിന്റെയും അരക്ഷിതത്വത്തിന്റെയും സംഘര്‍ഷം സൃഷ്ടിക്കുന്നുണ്ട്. അവര്‍ക്കൊക്കെ ആശ്വാസമായി പുതിയ പദ്ധതി മാറുമെന്നാണ് പ്രതീക്ഷ.
വിദേശത്തേക്കു പോകുന്ന ഓരോരുത്തര്‍ക്കും എമിഗ്രേഷന്‍ സമയത്ത് പിഎല്‍ഐഎഫ് നമ്പര്‍ നല്കാനും തുടര്‍ന്ന് ഓരോരുത്തരുടെയും പേരില്‍ ബാങ്ക് അക്കൌണ്ട് തുറന്ന് ഫണ്ട് മാനേജര്‍മാരായ സ്വകാര്യബാങ്കുകള്‍വഴി പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അഥോറിറ്റിയില്‍ പണം നിക്ഷേപിക്കാനുമാണ് ഉദ്ദേശിക്കുന്നത്.
താത്പര്യമുള്ളവര്‍ മാത്രം പദ്ധതിയില്‍ ചേര്‍ന്നാല്‍ മതിയെന്നാണ് നിബന്ധനയെങ്കിലും എല്ലാവരെയും ഇതില്‍ ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമം നോര്‍ക്ക പോലെയുള്ള സ്ഥാപനങ്ങളും വിദേശത്തുള്ള സംഘടനകളും നടത്തെണ്ടതുണ്ട്. തുച്ഛമായ വരുമാനമുള്ളവര്‍ ഇത്തരം പദ്ധതികളില്‍ വിഹിതം അടയ്ക്കാന്‍ സ്വമനസാലെ താത്പര്യം പ്രകടിപ്പിച്ചെന്നുവരില്ല. പദ്ധതി തങ്ങളുടെ ഭാവിക്കു പ്രയോജനകരമാണെന്ന ബോധ്യം അവരിലുണ്ടാക്കാന്‍ അസോസിയെഷനുകള്‍ക്കും സംഘടനകള്‍ക്കും കഴിയണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല