തമിഴ്നാട്ടില്‍ പൊങ്കല്‍ റിലീസായി രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങള്‍ എത്തുകയാണ്. ലിംഗുസാമി സംവിധാനം ചെയ്ത വേട്ടൈ, ഷങ്കര്‍ ഒരുക്കിയ നന്പന് എന്നിവ. വേട്ടൈയില്‍ മാധവനും ആര്യയുമാണ് നായകന്മാര്. നന്‍പനില്‍ വിജയ്, ശ്രീകാന്ത്, ജീവ എന്നിവര്‍ ഒന്നിക്കുന്നു.
ഈ പൊങ്കല്‍ മാധവന് ഏറെ പ്രിയപ്പെട്ടതാണ്. ഏറെക്കാലം കൂടിയാണ് മാധവന് ഒരു മാസ് മസാല ചിത്രത്തില്‍ നായകനാകുന്നത്. ‘വേട്ടൈ’ വന്‍വിജയം നേടുമെന്നാണ് പ്രതീക്ഷ. വേട്ടൈയോട് എതിരിടാന്‍ വരുന്ന ‘നന്പന്’ ആകട്ടെ ‘ത്രീ ഇഡിയറ്റ്സ്’ എന്ന ഹിന്ദി ബ്ലോക്ക് ബസ്റ്ററിന്റെ റീമേക്കാണ്. ത്രീ ഇഡിയറ്റ്സില് മാധവനും ഒരു നായകനായിരുന്നു. എന്നാല്‍ നന്‍പനില്‍ മാധവന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രീകാന്താണ്.
“ത്രീ ഇഡിയറ്റ്സിന്റെ ഭാഗമായതില്‍ സന്തോഷമുണ്ട്. നന്പന്റെ ഭാഗമാകാത്തതിലും സന്തോഷമുണ്ട്. ത്രീ ഇഡിയറ്റ്സില് ഞാന്‍ 21 വയസുള്ള ഒരു വിദ്യാര്‍ത്ഥിയായാണ് അഭിനയിച്ചത്. അതിനുവേണ്ടി രണ്ടുവര്‍ഷത്തെ തയ്യാറെടുപ്പ് വേണ്ടിവന്നു. അത് അത്ര എളുപ്പമായിരുന്നില്ല. നന്‍പനില്‍ അഭിനയിക്കാന്‍ ഷങ്കര്‍ എന്നെ ക്ഷണിച്ചതാണ്. 41കാരനായ ഞാന്‍ ഇനിയും ഒരു വിദ്യാര്‍ത്ഥിയായി അഭിനയിക്കുന്നതിലെ അനൌചിത്യം ഞാന്‍ ഷങ്കറിനെ പറഞ്ഞു മനസിലാക്കി. മാത്രമല്ല, ഷങ്കറിന് നന്പന്റെ ചിത്രീകരണം വളരെ വേഗം ആരംഭിക്കേണ്ടതുമുണ്ടായിരുന്നു” – മാധവന് വ്യക്തമാക്കി.
“നന്പന്റെ ട്രെയിലര്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. നമ്മുടെ പ്രതീക്ഷകള്‍ക്കുമപ്പുറം മികച്ചതായിരിക്കും നന്പന് എന്ന് ഉറപ്പാണ്. നന്‍പനില്‍ അഭിനയിക്കാത്തതില്‍ എനിക്ക് കുറ്റബോധമില്ല. വേട്ടൈ കാണുംമുമ്പെ ഞാന്‍ നന്പന് കാണുകയും ചെയ്യും” – ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ മാധവന് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല