ധനുഷിന്റെ നായികയായി ‘ആടുകളം’ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച പഞ്ചാബിസുന്ദരി തപ്സിയെ പ്രേക്ഷകര്‍ ഹൃദയപൂര്‍വം വരവേറ്റുകഴിഞ്ഞു. തെന്നിന്ത്യന്സിനിമകളില് ശ്രദ്ധകേന്ദ്രീകരിക്കാന്‍ തന്നെയാണ് തപ്സിയുടെ തീരുമാനം.
സോഫ്റ്റ്വേര്എന്ജിനീയറായിരുന്ന തപ്സി സൗന്ദര്യമത്സരവേദികളിലൂടെ മോഡലിങ്ങിലാണ് ആദ്യമെത്തിയത്. തെലുങ്കിലാണ് സിനിമാഭിനയത്തിനു തുടക്കം കുറിച്ചത്.’ജുമ്മാണ്ടിനാദം’ എന്ന ആ റൊമാന്റിക് കോമഡി പൂര്‍ത്തിയാകുന്നതിനുമുമ്പുതന്നെ തപ്സിക്ക് തെലുങ്കിലും തമിഴിലും വീണ്ടും അവസരങ്ങള്കിട്ടി.
തമിഴു ചിത്രത്തിലെ അഭിനയം തികച്ചും പുതിയ അനുഭവമായിരുന്നുവെന്ന് തപ്സി വിവരിക്കുന്നു. ഡല്‍ഹിയില്‍ നിന്നാണ് താരം ‘ആടുകള’ത്തിന്റെ ലൊക്കേഷനിലെത്തിയത്. മധുരയിലായിരുന്നു അത്. ഭാഷയാണ് തന്നെ ഏറ്റവും കുഴക്കിയ ഘടകമെന്ന് തുറന്നുസമ്മതിക്കാന്‍ തപ്സിക്ക് മടിയില്ല. അറിയാത്ത ഭാഷയില്‍ എന്തൊക്കെയോ സംസാരിക്കുന്ന അപരിചിതരായ ആളുകള്‍ക്കിടയില്‍ പെട്ടുപോയപോലെയായിരുന്നു തുടക്കത്തില്‍. എന്നാല്‍, വൈകാതെ കാര്യങ്ങള്‍ മനസ്സിലായിത്തുടങ്ങി. അപ്പോഴും സിനിമയിലെ ഡയലോഗുകള്‍ തെറ്റാതെ പറയുകയെന്നത് വെല്ലുവിളിയായിരുന്നു.നായിക ഡയലോഗ് തെറ്റിച്ചതിന്റെ പേരില്‍ ഓരോ രംഗവും പലകുറി ആവര്‍ത്തിക്കേണ്ടിവന്നു. അപ്പോള്‍ നായകന് ധനുഷ് നല്കിയ പിന്തുണ ഏറെ സഹായകമായെന്ന് തപ്സി കൃതജ്ഞതയോടെ ഓര്‍ക്കുന്നു.
വാസ്തവത്തില്‍, ‘ആടുകള’ത്തില്‍ അഭിനയിക്കാന്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ ധനുഷിനെക്കുറിച്ച് അധികമൊന്നും അറിയില്ലായിരുന്നു. രജനീകാന്തിന്റെ മരുമകനാണ് എന്നതാണ് അറിയാമായിരുന്നൊരു കാര്യം. ഒന്നിച്ചഭിനയിക്കാന്‍ തുടങ്ങിയപ്പോഴാണ് ധനുഷിന്റെ താരമൂല്യത്തെക്കുറിച്ചും ആരാധകവൃന്ദത്തെപ്പറ്റിയുമൊക്കെ വ്യക്തമാകുന്നത്.
ചെന്നൈയില്‍നിന്നു വളരെയകലെ മധുരയിലായിരുന്നിട്ടുപോലും ധനുഷിന്റെ താരപ്രതിച്ഛായയ്ക്ക് തിളക്കമൊട്ടും കുറവില്ലെന്ന് കണ്ടറിയാന്‍ സാധിച്ചെന്ന് തപ്സി സാക്ഷ്യപ്പെടുത്തുന്നു. എന്നുവെച്ച് അതിന്റെ തലക്കനമൊന്നും ധനുഷ് കാണിച്ചിരുന്നില്ല. പരിചയക്കുറവുകൊണ്ടുള്ള അബദ്ധങ്ങള്‍ ക്ഷമിക്കാനും സഹായിക്കാനും അദ്ദേഹം സന്നദ്ധനായിരുന്നുവെന്നാണ് പഞ്ചാബിസുന്ദരി പറയുന്നത്. ഭാഷാപ്രശ്നത്തിന്റെ പേരില്‍ ഏറെ കഷ്ടപ്പെടേണ്ടിവന്നെങ്കിലും തമിഴ്പ്രേക്ഷകര്‍ തന്നെ സ്വീകരിച്ചതില്‍ ഏറെ സന്തുഷ്ടയാണ് താരം. തമിഴ്നാടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവക്കാലത്തുതന്നെ പ്രേക്ഷകര്ക്കുമുന്നിലെത്താനായതിന്റെ ആഹ്ലാദവും അവര്‍ പങ്കുവെക്കുന്നു.
ജീവയുടെ നായികയായി ‘വന്താന്വെന്ട്രാന്’ എന്ന തമിഴ് ചിത്രത്തിലാണ് ഇനി തപ്സിയെ കാണാനാവുക. അതിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.’മിസ്റ്റര്‍ പെര്‍ഫക്ട്’,’വസ്താഡു നാ രാജു’, ‘വീര’ എന്നീ തെലുങ്ക് ചിത്രങ്ങളിലും തപ്സി അഭിനയിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല