ആയിരം അപരാധികള്‍ ശിക്ഷിക്കപ്പെട്ടാലും ഒരൊറ്റ നിരപരാധിയും ശിക്ഷിക്കപ്പെടാന്‍ പാടില്ലയെന്നു നിയമം അനുശാസിക്കുന്നുണ്ട്. എന്നിട്ടും ഒരു നിരപരാധിയ്ക്ക് 99 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരുന്ന അവസ്ഥ എത്രത്തോളം ദാരുണം ആണെന്ന് ചിന്തിച്ചു നോക്കൂ. എന്നാല്‍ കേട്ടോളൂ അത്തരമൊരു സംഭവം നടക്കുകയുണ്ടായി. ഡാലസ് സ്വദേശിയായ റിക്കി വയറ്റിനാണ് ഈ ദുര്‍ഗതി ഉണ്ടായത്.
1980 ല്‍ സൗത്ത് ഡാലസിലെ ഒരു സ്ത്രീയെ പീഡിപ്പിച്ചതുനുശേഷം കുത്തിമുറിവേല്പിച്ചുവെന്ന കുറ്റമാരോപിച്ച് 99 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിച്ചുവന്നിരുന്ന റിക്കി വയറ്റിനെ 31 വര്‍ഷത്തെ ജയില്‍ ശിക്ഷക്കുശേഷം നിരപരാധിയെന്നു കണ്ട് കോടതി വെറുതെവിട്ടു. സ്റ്റേറ്റ് ഡിസ്ട്രിക്ട് ജഡ്ജി ജോണ്‍ ക്രൂസോട്ട് ജനുവരി 4 ന് ആണ് ഈ സുപ്രധാന വിധി പ്രഖ്യാപിച്ചത്. 56 വയസ്സുള്ള റിക്കിയോട് കോടതി ക്ഷമാപണവും നടത്തി.
മുപ്പതിലേറെ വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നതില് ദുഃഖമുണ്ടെന്നും എന്നാല്‍ വിമോചിതമായതില് ഈശ്വരനോട് നന്ദിയുണ്ടെന്നും വയറ്റ് പറഞ്ഞു. എന്നിരിക്കിലും ഒരിക്കലും ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കഴിയേണ്ടി വന്ന റിക്കിയ്ക്ക് തന്റെ ജീവിതത്തിലെ നല്ല നാളുകള്‍ എല്ലാം തടവറയില്‍ കഴിക്കേണ്ടി വന്നു എന്നതാണ് കഷ്ടം. എന്തായാലും തന്റെ വാര്ധക്യമെങ്കിലും അഴിക്കു പുറത്തായത്തിലുള്ള സന്തോഷത്തിലാണ് ഇദ്ദേഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല