ഭൂമി തട്ടിപ്പ് കേസില്‍ തമിഴ് നടന് മന്‍സൂര്‍ അലിഖാന് അറസ്റ്റിലായി. അരുമ്പാക്കം തിരുകുമാരപുരത്ത് ദുരൈ വേലുവിന്റെ ഒരു കോടി രൂപ വിലമതിക്കുന്ന 1247 ചതുരശ്ര അടി സ്ഥലം രണ്ടര ലക്ഷം രൂപയ്ക്ക് തട്ടിയെടുത്തുവെന്ന പരാതിയിലാണ് അറസ്റ്റ്. ഭീഷണിപ്പെടുത്തി സ്ഥലം തട്ടിയെടുത്ത് മന്‍സൂര്‍ ബഹുനില കെട്ടിടം കെട്ടിയെന്ന് ആരോപിച്ചാണ് ദുരൈവേല് പരാതി നല്‍കിയത്.
സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. വെള്ളിയാഴ്ച രാവിലെ പോലീസ് മന്‍സൂര്‍ അലിഖാന്റെ നുങ്കമ്പാക്കത്തെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. ഭൂമി തട്ടിപ്പ് കേസിന് പുറമെ വധഭീഷണിക്കും മന്‍സൂര്‍ അലിഖാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഭൂമി തട്ടിയെടുത്ത് കെട്ടിയ ബഹുനിലകെട്ടിടത്തില്‍ മൊത്തം 16 ഫ്ളാറ്റുകളുണ്ട്.
അറസ്റ്റ് ചെയ്ത ശേഷം സിറ്റി പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. കോടതിയില്‍ ഹാജരാക്കിയ മന്‍സൂര്‍ അലിഖാനെ പുഴല്‍ സെന്‍ട്രല്‍ ജയിലിടച്ചു. അതേസമയം വ്യാജ പരാതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് മന്‍സൂര്‍ അലിഖാന് കോടതിയിലേക്ക് കൊണ്ടുപോകവെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല