ബ്രിട്ടണിലെ നേഴ്സുമാരുടെ പ്രശ്നം രൂക്ഷമായ മാറുന്ന സൂചനകളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓരോ ദിവസം ചെല്ലുമ്പോഴും നേഴ്സുമാരെക്കുറിച്ചുള്ള പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്. നേഴ്സുമാര്‍ രോഗികളോട് ആശുപത്രിയില്‍വെച്ച് സംസാരിക്കണമെന്ന ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയ പ്രധാനമന്ത്രി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
ഒരു മണിക്കൂറെങ്കിലും നേഴ്സുമാര്‍ രോഗികളുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട പ്രധാനമന്ത്രി നേഴ്സുമാരെക്കുറിച്ചുള്ള പരാതികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു. രോഗികളുടെ സുരക്ഷയിലും പരിചരണത്തിലുമായിരിക്കണം നേഴ്സുമാര്‍ പ്രധാനമായും ശ്രദ്ധ ചെലുത്തേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുതിര്‍ന്ന രോഗികളോടുള്ള നേഴ്സുമാരുടെ അവഗണനയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉണ്ടായിരിക്കുന്നത്.
ഈ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്. രോഗീപരിചരണം തന്നെയാണ് നേഴ്സുമാരുടെ ഒന്നാമത്തെ ജോലിയെന്ന് പറഞ്ഞ കാമറൂണ്‍ ബാക്കിയെല്ലാ കാര്യങ്ങളും രണ്ടാമത് മാത്രമാണ് വരുകയെന്ന് വ്യക്തമാക്കി. പേപ്പര്‍ ജോലികള്‍കൊണ്ട് രോഗീപരിചരണം അവസാനിപ്പിക്കാമെന്ന് ആരും കരുതരുതെന്നും അദ്ദേഹം പറഞ്ഞു.
എന്‍എച്ച്എസിനെതിരെയുള്ള പരാതികള്‍ വളരെ വ്യാപകമായ സാഹചര്യങ്ങളിലാണ് പ്രധാനമന്ത്രി ഇക്കാര്യത്തില്‍ നേരിട്ട് ഇടപെട്ടിരിക്കുന്നത്. ഭക്ഷണം കഴിക്കാനും മരുന്ന് കഴിക്കാനുമെല്ലാം നേഴ്സുമാരുടെ സഹായം വേണ്ടിവരുന്ന മുതിര്‍ന്ന പൗരന്മാര്ക്കാണ് പ്രധാനമായും പരാതികളുള്ളത്. ഇത് വ്യാപകമായ സാഹചര്യത്തില്‍ ബ്രിട്ടണിലെ മാധ്യമങ്ങളെല്ലാംതന്നെ ഇതിനെതിരെ ശക്തമായി മുന്നോട്ട് വന്നിരുന്നു. രോഗികളെ പരിചരിക്കാനും സംസാരിക്കാനുമായി ദിവസം ഒരു മണിക്കൂറെങ്കിലും ചെലവഴിക്കണമെന്ന നിര്‍ദ്ദേശമാണ് പ്രധാനമന്ത്രി ഇപ്പോള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. വരുംദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ശക്തമായ ചില നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല