സാല്‍ഫോര്‍ഡില്‍ വെടിയേറ്റ് മരണപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി അനൂജ് ബിദ്വെയ്ക്ക് സ്വന്തം നാട്ടില്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഇരുപത്തിമൂന്നുകാരനായ ഈ എന്ജിനീയറിംഗ് വിദ്യാര്‍ഥിയുടെ മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സ്വദേശമായ പൂനെയില്‍ വിമാനമാര്‍ഗം എത്തിച്ചത്. ഇന്നലെ വൈകുന്നേരം നടന്ന സംസ്കാര ചടങ്ങില്‍ അനുജിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന അഞ്ഞൂറോളം ആളുകള്‍ പങ്കെടുത്തിരുന്നു. ലുകാസ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥി ആയിരുന്ന അനൂജ് കഴിഞ്ഞ ബോക്സിംഗ് ഡേയിലാണ് അപരിചിതനായ ബ്രിട്ടീഷുകാരന്റെ വെടിയേറ്റ് മരണപെട്ടത്.
കഴിഞ്ഞ ദിവസം അനൂജിന്റെ മരണവാര്‍ത്ത അറിഞ്ഞു അനുജിന്റെ പിതാവ് സുഭാഷ് ബിദ്വേയും മാതാവ് യോഗിണിയും അനുജിന്റെ അളിയനും ബ്രിട്ടനില്‍ എത്തിയിരുന്നു. തുടര്‍ന്നു ഇവര്‍ അനൂജ് വെടിയേറ്റ് മരിച്ചയിടം സന്ദര്‍ശിക്കുകയും അനൂജ് പഠിച്ചിരുന്ന ലുകാസ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ അവന്റെ സുഹൃത്തുക്കളെയും അധ്യാപകരെയും സന്ദര്‍ശിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് സുഭാഷ് ബിദ്വെ പറഞ്ഞത് തങ്ങളുടെ മകന്‍ മരണപ്പെട്ട സ്ഥലം കാണുവാനും അവന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനും ഇവിടെ ബ്രിട്ടനില്‍ അവന്റെ ജീവിതത്തെ സ്വാധീനിച്ച ചിലരുണ്ട് അവരെ കാണാനുമാണ് തങ്ങള്‍ വന്നതെന്നുമാണ്.
അനുജിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കുന്ന വിവരമറിഞ്ഞ് ഇന്നലെ രാവിലെ മുതല്‍ മുംബൈ എയര്‍പോര്‍ട്ടിന് മുന്‍പില്‍ വന്‍ ജനക്കൂട്ടം തന്നെ തമ്പടിച്ചിരുന്നു. ഇന്ത്യന്‍ സമയം രാവിലെ 11.45 ന് മൃതദേഹവുമായി മാതാപിതാക്കള്‍ ബ്രിട്ടീഷ് എയര്‍വേയ്സ് ഫ്ലൈറ്റില്‍ മുംബൈയില്‍ എത്തിയെങ്കിലും ആംബുലന്‍സ് എത്താന്‍ ഒരു മണിക്കൂര്‍ വൈകിയതിനാല്‍ ഏതാണ്ട് വൈകീട്ട് അഞ്ച് മണിയോടെയാണ് പൂനെയിലെ വസതിയില്‍ മൃതദേഹം എത്തിച്ചത്. തുടര്‍ന്നു രണ്ടു മണിക്കൂറോളം സന്ദര്‍ശത്തിന് മൃതദേഹം വെച്ചപ്പോള്‍ നൂറുകണക്കിന് ആളുകളാണ് കണ്ണീരോടെ അവസാനമായി അനൂജിനെ കാണാന്‍ എത്തിയത്.
കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്ക് വരുമ്പോള്‍ അനൂജിന് നിരവധി പ്രതീക്ഷ ഉണ്ടായിരുന്നുവെന്നു പിതാവ് പറഞ്ഞു. എങ്കിലും ബ്രിട്ടനിലെ ജനങ്ങളെയോ അധികൃതരെയോ ഞങ്ങള്‍ പഴിചാരുന്നില്ല ഞങ്ങള്‍ക്ക് ആകെയുള്ള പരിഭവം ഞങ്ങളുടെ മകനോടു ഈ ക്രൂരത കാണിച്ച ആളോട് മാത്രമാണെന്നും ഈ പിതാവ് കൂട്ടിച്ചേര്‍ത്തു. ബിദ്വെ കുടുംബത്തിനോപ്പം സാല്‍ഫോര്ടിലും ലുക്കാസ്റ്ററിലും ഉള്ള നൂറുകണക്കിന് ആളുകളാണ് തങ്ങളുടെ വേദന പങ്കുവെച്ചത്. ഇന്ത്യന്‍ കമ്യൂണിറ്റിയില്‍ ഉള്‍പ്പെടുന്നവര്‍ ആയിരുന്നു ഇവരില്‍ ഏറെയും അവരെല്ലാം തന്നെ തങ്ങളുടെ ദുഃഖം ബിദ്വെ കുടുംബത്തെ അറിയിച്ചു. അതേസമയം ഇരുപതുകാരന്‍ കൈരാന്‍ സ്റ്റാപ്ലട്ടന്‍ അനൂജിന്റെ കൊലപാതകത്തിന്റെ പേരില്‍ അറസ്റ്റിലായിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല