ഇംഗ്ളീഷ് എഫ്എ കപ്പില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ. പ്രീമിയര്‍ ലീഗില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ള മാഞ്ചസ്റര്‍ യുണൈറ്റഡും മാഞ്ചസ്റര്‍ സിറ്റിയും ഇന്ന് നേര്‍ക്കുനേര്‍ ഇറങ്ങും. സിറ്റിയുടെ തട്ടകത്തിലാണ് മത്സരം. നിലവിലെ ജേതാക്കളായ സിറ്റിയോട് കഴിഞ്ഞ വര്‍ഷം സെമിയില്‍ പരാജയപ്പെട്ടതിന്റെ കണക്കുതീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുണൈറ്റഡ് ഇറങ്ങുക. എന്നാല്‍, ഫെര്‍ഗൂസന്റെ കുട്ടികള്‍ക്ക് ഈ സീസണില്‍ തൊട്ടതെല്ലാം പൊന്നാക്കാന്‍ സാധിച്ചിട്ടില്ല.
പ്രീമിയര്‍ ലീഗില്‍ സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ പോലും തോല്‍വി വഴങ്ങിയെത്തുന്ന ഫെര്‍ഗിയുടെ കുട്ടികള്‍ക്ക് ചിരവൈരികളായ സിറ്റിയെ അവരുടെ ഹോം ഗ്രൌണ്ടില്‍ കീഴടക്കുക വിഷമകരമാവും. 35 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കഴിഞ്ഞ വര്‍ഷം സിറ്റി ഒരു പ്രധാന കപ്പ് എഫ്എയിലൂടെ കണ്െടത്തിയത്. മികച്ച ഫോമിലുള്ള സിറ്റിയുടെ കരുത്ത് ഈ സീസണില്‍ ടീമിലെത്തിയ സെര്‍ജിയൊ അഗ്യൂറോ, ഡേവിഡ് സില്‍വ, സമീര്‍ നസ്രി തുടങ്ങിയവരാണ്.
ഇന്ന് യുണൈറ്റഡിനെതിരേ ഇറങ്ങുമ്പോള്‍ റോബര്‍ട്ടോ മാന്‍സീനിക്ക് കൊളു, യയ ടുറെ എന്നിവരെ കൂടാതെ ടീമിനെ ഇറക്കേണ്ടിവരും. ആഫ്രിക്കന്‍ കപ്പ് ഫുട്ബോളില്‍ സ്വന്തം ടീമായ ഐവറികോസ്റ്റിനു വേണ്ടി കളിക്കാന്‍ പുറപ്പെട്ടതിനാലാണ് കൊളു, യയ ടുറെ എന്നിവരുടെ സേവനം സിറ്റിക്കു നഷ്ടമായത്. ഗരെറ്റ് ബരെ സസ്പെന്‍ഷനിലായതും ഓവന്‍ ഹെര്‍ഗീവ്സിന്റെ പരിക്കു ഭേദമാകാത്തതും മാന്‍സിനിക്കു തലവേദനയാണ്. ബലൊട്ടെല്ലിയുടെ കണങ്കാലിനും ഡെക്കൊയുടെ കാല്‍മുട്ടിനും പരിക്കേറ്റതാണ് ടീമിനെ കുഴക്കുന്നത്.
ഫെര്‍ഗൂസന് കഴിഞ്ഞ ഏതാനം ആഴ്ചകളായി ശനിദശയാണ്. സ്വന്തം കാണികള്‍ക്കു മുന്നില്‍പോലും ഫെര്‍ഗൂസന്റെ കുട്ടികള്‍ക്ക് തോല്‍വി വഴങ്ങേണ്ടിവന്നിരുന്നു. സിറ്റിയെപ്പോലെ പരിക്ക് യുണൈറ്റഡിനും തലവേദനയാണ്. ക്രിസ് സ്മെല്ലിംഗും ജോണി ഇവാന്‍സും ശാരീരിക വൈഷമ്യത്തെത്തുടര്‍ന്ന് ഇന്നു കളിക്കാന്‍ സാധ്യതയില്ല. പരിക്കിനെത്തുടര്‍ന്ന് ഏറെനാളായി മൈതാനത്തുനിന്ന് വിട്ടുനില്‍ക്കുന്ന വിഡിക്, ഡാരന്‍ ഫ്ളച്ചര്‍, ഫാബിയൊ, മൈക്കിള്‍ ഓവന്‍ എന്നിവര്‍ ഇന്നും കളത്തിലിറങ്ങാന്‍ സാധ്യതയില്ല. ആഷ്ലി യംഗിനും പരിക്കേറ്റത് ഫെര്‍ഗൂസനെ വിഷമവൃത്തത്തിലാ ക്കും.
കഴിഞ്ഞ വര്‍ഷം വെംബ്ളിയില്‍ നടന്ന ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് സ്റ്റോക് സിറ്റിയെ കീഴടക്കിയാണ് മാഞ്ചസ്റ്റര്‍ സിറ്റി കപ്പുയര്‍ത്തിയത്. ഇതിനുമുമ്പ് സിറ്റിയും യുണൈറ്റഡും എഫ്എ കപ്പില്‍ ഏഴു പ്രാവശ്യം മുഖാമുഖം ഇറങ്ങിയിട്ടുണ്ട്. യുണൈറ്റഡ് നാലു പ്രാവശ്യവും സിറ്റി മൂന്നു പ്രാവശ്യവും വിജയിച്ചു. പതിനൊന്നു പ്രാവശ്യം എഫ്എ കപ്പ് നേടിയവരാണ് യുണൈറ്റഡ്. 2003-2004 സീസണിനു ശേഷം ചുവന്ന ചെകുത്താന്മാര്‍ക്ക് എഫ്എ കപ്പ് നേടാനായിട്ടില്ല. മറ്റു മത്സരങ്ങളില്‍ ചെല്‍സി പോട്സ്മൌത്തിനെയും സണ്ടര്‍ലന്‍ഡ് പീറ്റര്‍ബ്രൊ യുണൈറ്റഡിനെയും നേരിടും. വെസ്റ്ഹാം യുണൈറ്റഡ് ഷിഫീല്‍ഡ് വെനസ്ഡെയുമായാണ് മറ്റൊരു മത്സരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല