ബ്രിട്ടനില്‍ ഇപ്രാവശ്യം വസന്തം മുന്‍പേ എത്തുന്നതിന്റെ സൂചനകള്‍ ഗ്രാമങ്ങളിലും, പൂന്തോട്ടങ്ങളിലും ദൃശ്യമായിക്കൊണ്ടിരിക്കുന്നു. ഋതുഭേദം രേഖപ്പെടുത്തുന്ന വുഡ് ലാന്‍ഡ് ട്രസ്റ്റ് പലയിടങ്ങളിലും മഞ്ഞു തുള്ളികള്‍ കണ്ടെത്തിയതും ,ഡാഫഡില്‍സ് പുഷ്പിച്ചതും, മറ്റു പല ചെടികളിലും മൊട്ടുകള്‍ വിടര്ന്നതും ചൂണ്ടിക്കാട്ടുന്നു. നാഷണല്‍ ട്രസ്റ്റിന്റെ അഭിപ്രായത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വയലുകളെല്ലാം പച്ചയണിഞ്ഞു നില്‍ക്കുകയാണ്. വസന്തം നേരത്തെ വന്നു കയറുന്നതിന്റെ സൂചനകളാണ് ഇവയെല്ലാം എന്നും സൂചിപ്പിച്ചു. അതിലെ ഒരു വിദഗ്ദന് ആയ മാത്യു ഓട്സ് പറയുന്നത് കഴിഞ്ഞ രണ്ടു തണുത്ത ശിശിരത്തിന് ശേഷം അത്ര രൂക്ഷമല്ലാത്ത ഒരു ശിശിരത്തിലൂടെയാണ് നാം കടന്നു പോകുന്നത്, നനഞ്ഞ ഒരു ശിശിരത്തിലൂടെ.
താഴ്വരകളെയും മരങ്ങളെയും സൂക്ഷ്മമായി ശ്രദ്ധിക്കുകയാണെങ്കില്‍ ജനുവരി അവസാനമാകുന്നതോടെയോ ഫെബ്രുവരി ആദ്യങ്ങളില്‍ കാണാവുന്നതോ ആയ മാറ്റം നമുക്ക് ഇപ്പോഴേ ദൃശ്യമാകും. ജനുവരി അവസാനങ്ങളില്‍ പുഷ്പ്പിക്കാറുള്ള പല വൃക്ഷങ്ങളും ഇപ്രാവശ്യം ഇപ്പോഴേ പൂത്തുലയാന്‍ തയ്യാറായിക്കഴിഞ്ഞു. ചില്ലകളില്‍ ഇരുന്നു പക്ഷികള്‍ പാടിതുടങ്ങിയിരിക്കുന്നു. പ്രാവുകള്‍ ഇണ ചേരുന്നു. ഇതെല്ലാം വസന്തത്തിന്റെ കടന്നു വരവിനെയാണ് സൂചിപ്പിക്കുന്നതെന്ന് ഓട്ട്സ് വ്യക്തമാക്കി. ചിത്രശലഭങ്ങള്‍ ചിറകുകള് വിടര്‍ത്തി പറക്കുന്നതും തേനീച്ചകള്‍ മൂളിക്കൊണ്ട് തേന്‍ തേടുന്നതും മറ്റൊന്നിനേയുമല്ല വ്യക്തമാക്കുന്നത്.
പൂന്തോട്ടങ്ങളില്‍ ഇപ്രാവശ്യം മഞ്ഞില്‍ കുളിച്ചു നില്ക്കുന്ന പൂവ് കാണാന്‍ ഫെബ്രുവരി അവസാനം വരേയ്ക്കും കാത്തു നില്ക്കുകയാണെങ്കില് നിരാശപ്പെടേണ്ടി വരും. എന്നാല്‍ നേരത്തെ വരുന്ന ഈ കാലാവസ്ഥാ വ്യതിയാനം വന്യജീവികളെ ദോഷകരമായി ബാധിക്കുവാന്‍ സാധ്യതയുണ്ട്. നമ്മുടെ ചെടികളും മരങ്ങളും ഈ വ്യതിയാനത്തിന്റെ സൂചനകള്‍ മുന്‍കൂട്ടി നമുക്ക് കാട്ടിത്തരുന്നു. ഈ വര്‍ഷത്തെ അവസാന മൂന്നു മാസങ്ങള്‍ ആയിരുന്നു താപനിലയില്‍ വലിയ മാറ്റമില്ലാതെ പോകാന്‍ ബ്രിട്ടനെ അനുവദിച്ചത്. എന്നാല്‍ ഈ കാലാവസ്ഥാവ്യതിയാനങ്ങള്‍ പ്രകൃതിയില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തും എന്ന് നമുക്ക് കാത്തിരുന്നു കാണുക തന്നെ വേണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല