എഫ്എ കപ്പിന്റെ മൂന്നാം റൗണ്ടില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 3-2ന് നിലവിലുള്ള ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ കീഴടക്കി. പ്രീമിയര്‍ ലീഗിലെ 6-1ന്റെ നാണം കെട്ട തോല്‍വിക്കുള്ള ചുട്ടമറുപടി കൂടിയായിരുന്നു ഇത്. അയല്‍ക്കാരും ചിരവൈരികളുമായ യുനൈറ്റഡിന്റെയും സിറ്റിയുടെയും പോരാട്ടം ഫുട്‌ബോള്‍ ലോകം ഏറെ ആവേശത്തോടെയാണ് വീക്ഷിച്ചത്.
കളിയുടെ ഗതിക്കു വിപരീതമായിരുന്നു ആദ്യത്തെ ഗോള്‍. റിയാന്‍ ഗിഗ്‌സ് തുടക്കമിട്ട മുന്നേറ്റത്തിനൊടുവില്‍ ബോക്‌സിനുള്ളിലേക്ക് കുതിച്ചെത്തിയ വെയ്ന്‍ റൂണിക്കായി വലന്‍സിയ അളന്നുമുറിച്ചു നല്‍കിയ പാസ് പോസ്റ്റിന്റെ വലതുമൂലയില്‍ വിശ്രമിച്ചു. തൊട്ടുപിറകെ നാനിയെ ഗുരുതരമായി ഫൗള്‍ ചെയ്തതിന്റെ പേരില്‍ ക്യാപ്റ്റന്‍ വിന്‍സെന്റ് കൊംപനി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് സിറ്റിയ്ക്ക് അടുത്ത തിരിച്ചടിയായി. രണ്ടാം ഗോല്‍ 30ാം മിനിറ്റില്‍ ഡാനി വെല്‍ബെക്കിന്റെ വകയായിരുന്നു.
40ാം മിനിറ്റില്‍ പെനല്‍റ്റി സേവ് ചെയ്യുന്നതില്‍ സിറ്റി ഗോള്‍കീപ്പര്‍ പാന്റിലിമന്‍ വിജയിച്ചെങ്കിലും റീബൗണ്ടില്‍ നിന്നും റൂണി മൂന്നാം ഗോള്‍ കണ്ടെത്തി. 0-3നു പിന്നിട്ടു നിന്ന സിറ്റി രണ്ടാം പകുതിയില്‍ ഗംഭീരമായ തിരിച്ചുവരവാണ് നടത്തിയത്. 48ാം മിനിറ്റില്‍ അലെക്‌സാണ്ടര്‍ കൊലാറോവും 64ാം മിനിറ്റില്‍ സെര്‍ജിയോ അഗ്വേറയും ലക്ഷ്യം കണ്ടെങ്കിലും തോല്‍വിയില്‍ നിന്ന് സിറ്റിയെ രക്ഷിക്കാനായില്ല. ജയത്തോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നാലാം റൗണ്ടിലെത്തിയപ്പോല്‍ സിറ്റി പുറത്തായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല