അമൃത ടിവിയിലെ സൂപ്പര്‍ സ്റ്റാര്‍ ദ അള്‍ട്ടിമേറ്റ് എന്ന റിയാലിറ്റി ഷോ കാണികളെ പൊട്ടന്മാരാക്കുകയാണെന്ന് പരക്കെ ആക്ഷേപം. പാവങ്ങളില്‍ പാവത്താനായ ഗായകന് ജയചന്ദ്രനെ വച്ച് ഒരു സെന്‍സേഷണല്‍ രംഗമുണ്ടാക്കി പ്രേക്ഷകരെ കയ്യിലെടുക്കാന്‍ ‘സൂപ്പര്‍ സ്റ്റാര്‍ ദ അള്‍ട്ടിമേറ്റി’ന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചു എന്നാണ് നെറ്റില്‍ പ്രചരിക്കുന്നത്.
അമൃത ടിവി അടുത്ത ദിവസം പ്രക്ഷേപണം ചെയ്യാന്‍ പോകുന്ന ‘സൂപ്പര്‍ സ്റ്റാര്‍ ദ അള്‍ട്ടിമേറ്റി’ന്റെ അടുത്ത എപ്പിസോഡിന്റെ പരസ്യമാണ് സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളില്‍ യൂസര്‍മാര്‍ ഉഴുതുമറിക്കുന്നത്. യൂട്യൂബില്‍ പ്രചരിക്കുന്ന ഈ പരസ്യം ഇനിപ്പറയും വിധമാണ് –
ഒരു മത്സരാര്‍ത്ഥി ധനുഷ് പാടിയ കൊലവെറിപ്പാട്ട് പാടാന്‍ തുടങ്ങുന്നു. കൊലവെറി കേള്‍ക്കുന്നതോടെ അസ്വസ്ഥനാകുന്ന ഗായകന് ജയചന്ദ്രന്റെ മുഖമാണ് പിന്നീട് നമ്മള് കാണുക. പാട്ട് തുടരുന്നു. ഉടന്‍, കയ്യുയര്‍ത്തി ‘ഇതാരാ പാടന്‍ പറഞ്ഞത്?, ഞാന്‍ പോണൂ’ എന്നും പറഞ്ഞ് എഴുന്നേല്ക്കുന്നു. അണിയറയില്‍ ‘സാറേ സാറേ പോകല്ലേ’ എന്ന കോറസ് ഉയരുന്നു. എന്നാല്‍ ‘അമൃതയിലെ പരിപാടിയില്‍ കൊലവെറി പാടാന്‍ പറ്റില്ല’ എന്നും പറഞ്ഞ് ജയചന്ദ്രന് പുറത്തേക്ക് പോകുന്നു.
സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളില്‍ ഉയര്‍ന്നിരിക്കുന്ന ചോദ്യം ഇതാണ്. കൊലവെറി പാടിയ പാവം മത്സരാര്‍ത്ഥിയുടെ നേര്‍ക്ക് കണ്ണില്‍ ചോരയില്ലാത്ത വിധം പെരുമാറുന്ന ആളാണോ ജയചന്ദ്രന്? സത്യത്തില്‍ ജയചന്ദ്രന് ഇങ്ങനെയൊക്കെ പെരുമാറി എന്നുതന്നെ ഇരിക്കട്ടെ. കാണികളെ ആകര്‍ഷിക്കാനുള്ള പരസ്യതന്ത്രമായി ഈ ക്ലിപ്പ് ഉപയോഗിക്കാന്‍ പാടുണ്ടോ?
“ആയിരങ്ങള്‍ ആ പാട്ട് ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണ്? ജയചന്ദ്രന്റെ പാട്ടുകള്‍ എനിക്ക് ഇഷ്ടമാണ്. പക്ഷെ ഈ സംഭവത്തോടെ അങ്ങേരോട് ഒരു തരം വെറുപ്പ് ആണ് തോന്നുന്നത്. ഒരു റിയാലിറ്റി ഷോയില്‍ മുല്യം നിര്‍ണയിക്കേണ്ടത് ആ പാട്ട് എത്രമാത്രം ഭംഗിയായി പാടി എന്നതിനാണ്. ആ ഗാനത്തിന്റെ സംഗീത സംവിധായകനെ അല്ല, വേദിയില്‍ ആ ഗാനം പാടുന്ന ആളിന്റെ കഴിവിനെ ആണ് ആധാരമാക്കേണ്ടത്. അതിനു മാര്‍ക്ക് ഇടാനാണ് അയാളെ ഇരുത്തിയത്. അപ്പോള്‍ അയാള്‍ക്ക് വല്യ ഗാനഗന്ധര്‍വന്റെ ഭാവം….കഷ്ടം……” – എന്നാണ് ജയന് കോശി തോമസ് എന്ന യൂസര്‍ ഈ വീഡിയോയോട് പ്രതികരിച്ചത്.
“പാടി പകുതി ആയപ്പോയാണ് ജയചന്ദ്രന് കമന്റ് ചെയ്യുന്നത്… അത്രയും സമയം അയാള്‍ ഉറങ്ങുകയായിരുന്നോ? മറ്റേ ജഡ്ജി ജയചന്ദ്രനോട് മൈക്കിലൂടെയാണ് സംസാരിക്കുന്നത്. ഈ സിറ്റുവേഷന് ഒറിജിനല്‍ ആണെങ്കില്‍ മൈക്ക് എടുക്കാന്‍ ഓര്മ കാണുമോ? അമൃത ടിവിയുടെ നാടകം പൊളിഞ്ഞു” – എന്ന് മറ്റൊരു യൂസര്‍ എഴുതുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല