യൂറോപ്പില്‍ വന്നു താമസിക്കുന്ന മലയാളികളെ സംബന്ധിച്ച് അവരെ പ്രധാനമായും അലട്ടുന്ന ഒരു പ്രശ്നമാണ് നാട്ടിലേക്കുള്ള വിമാന സര്‍വീസിന്റെ അപര്യാപ്തത. ഇക്കാര്യത്തില്‍ ഏറെ ദുരിതം അനുഭവിക്കുന്നത് അയര്‍ലാന്‍ഡിലെ മലയാളികള്‍ ആണ്. എന്തായാലും ഇവര്‍ക്ക് ആശ്വാസകരമായ വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നത്. തലസ്ഥാനമായ ഡബ്ളിനില്‍ നിന്നും ദുബായ് വഴി കേരളത്തിലേക്ക് വിമാനസര്‍വീസ് ആരംഭിച്ചു.
ഡബ്ളിനില്‍ നിന്നും പകല്‍ 12. 55 ന് പുറപ്പെടുന്ന വിമാനം ദുബായ് വഴി പിറ്റേദിവസം രാവിലെ കേരളത്തിലെത്തും. ഡബ്ളിനിലെ പുതിയ ടെര്‍മിനല്‍ രണ്ടില്‍ നിന്നുമാണ് സര്‍വീസ്. എമിറേറ്റ്സ് സര്‍വീസ് അയര്‍ലന്‍ഡിലെ യാത്രക്കാര്‍ക്കും ടൂറിസം മേഖലയ്ക്കും ഏറെ ഉണര്‍വേകുമെന്ന് ഐറിഷ് ട്രാന്‍സ്പോര്‍ട്ട് മന്ത്രി ലീയോ വരദ്കര്‍ അഭിപ്രായപ്പെടുകയുണ്ടായി. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വിമാനകമ്പനിയായ എമിറേറ്റ്സ് എയര്‍ലൈന്‍സാണ് പുതിയ സര്‍വീസ് ആരംഭിച്ചത്. ഡബ്ളിനില്‍ നിന്നും നിത്യേന ദുബായിയിലേക്കും അവിടെ നിന്നും കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുമാണ് സര്‍വീസ്.
ലോകത്ത് 67 രാജ്യങ്ങളിലേക്ക് പ്രതിവാരം ദുബായിയില്‍ നിന്നും എമിറേറ്റ്സ് ആയിരത്തിലേറെ സര്‍വീസുകള്‍ നടത്തുന്നുണ്ട്. സ്റാന്റാര്‍ഡിന്റേയും സര്‍വീസിന്റെയും കാര്യത്തില്‍ എമിറേറ്റ്സ് ഉന്നത നിലവാരമാണ് പുലര്‍ത്തുന്നതെന്ന് മന്ത്രി വരദ്കര്‍ പറഞ്ഞു. അയര്‍ലന്‍ഡില്‍ നിന്നും കേരളത്തിലേക്ക് കൂടുതല്‍ വിമാന കമ്പനികള്‍ സര്‍വീസ് ആരംഭിക്കുന്നത് മലയാളികള്‍ക്ക് എറെ ഗുണപ്രദമാവും എന്ന കാര്യത്തില്‍ സംശയമില്ല.
ഇന്ത്യ, ആഫ്രിക്ക, സൌത്ത് ഈസ്റ് ഏഷ്യ, ഓസ്ട്രേലിയ, ചൈന, ന്യുസിലാന്‍ഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ഏറെ അനുഗ്രഹപ്രദമാവും ഈ സര്‍വീസ്. എ 330-200 എയര്‍ബസാണ് സര്‍വീസ് നടത്തുന്നത്. ഫസ്റ്, ബിസിനസ്, ഇക്കോണമി, കാളാസുകള്‍ എയര്‍ബസിലുണ്ട്.
എന്തായാലും ടിക്കറ്റ് നിരക്ക് ഇപ്പോള്‍ തന്നെ പകുതിയോളം കുറഞ്ഞിട്ടുണ്ട്. മാസങ്ങള്‍ക്കു മുമ്പ് ടിക്കറ്റെടുക്കുന്നവര്‍ പോലും അമിത ചാര്‍ജ് നല്‍കിവരുന്ന രീതിയായിരുന്നു ഇതുവരെ ഇവിടെ നിലവിലുണ്ടായിരുന്നത്. ഇതിനിടെ ലുഫ്താന്‍സയും അയര്‍ലന്‍ഡില്‍ നിന്നും ജര്‍മനി വഴി കൊച്ചിയിലേക്ക് വിമാനസര്‍വീസ് ആരംഭിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട് എന്നും സൂചനയുണ്ട്. ലുഫ്താന്‍സയുടെ ഫ്രാങ്ക്ഫര്‍ട്ട്- ഹൈദരാബാദ് സര്‍വീസ് നിര്‍ത്തലാക്കി ഫ്രാങ്ക്ഫര്‍ട്ട് -കൊച്ചി സര്‍വീസ് തുടങ്ങാനാണ് പരിപാടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല