സാമ്പത്തികരംഗത്ത് ഇന്ത്യക്ക് ആശ്വാസകരമായ കുറേ വാര്‍ത്തകള്‍ക്ക് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചു. ഇന്ത്യയുടെ റേറ്റിംഗ് ഉയര്ത്തിക്കിട്ടി. രൂപയുടെ മൂല്യം കുതിച്ചുകയറി. നവംബറില്‍ രാജ്യത്തേക്കു വന്ന വിദേശമൂലധനനിക്ഷേപത്തില് വന്‍ വളര്‍ച്ചയും ഉണ്ടായി. ഇതെല്ലാം ചേര്‍ന്ന് ഓഹരിവിപണിയെയും ഉണര്‍ത്തി.
മൂഡീസ് എന്ന റേറ്റിംഗ് ഏജന്‍സി ഇന്ത്യയുടെ ഹ്രസ്വകാല വിദേശനാണ്യറേറ്റിംഗ് നിക്ഷേപയോഗ്യമായ പി-3 നിലവാരത്തിലേക്കുയര്‍ത്തി. ഇതുവരെ നിക്ഷേപയോഗ്യമല്ലാത്ത എന്‍പി (നോട്ട് പ്രൈം) നിലവാരത്തിലായിരുന്നു. ഈ ഉയര്‍ച്ച ഇന്ത്യന്‍ കമ്പനികള്‍ക്കു മുമ്പത്തേക്കാള്‍ കുറഞ്ഞ പലിശയ്ക്കു വിദേശവായ്പയെടുക്കാന്‍ സഹായകമാകും.
പുതിയ റേറ്റിംഗ് ഉയര്ത്തല്കൂടിയായതോടെ ഇന്ത്യയിലേക്കു വിദേശനാണ്യവരവ് കൂടുമെന്നുറപ്പായി. ഇതും ഓഹരി വിപണിയിലെ ഗണ്യമായ നേട്ടവും ഇന്നലെ രൂപാവില ഒന്നരശതമാനം കൂട്ടി. ഡിസംബറില്‍ 54.30 രൂപ വരെ എത്തിയ ഡോളര്‍ ഇന്നലെ 51.70 രൂപ വരെ താണു. തിങ്കളാഴ്ച 20 പൈസ കയറി 52.51 രൂപയില്‍ ക്ളോസ് ചെയ്ത ഡോളര്‍ രാവിലെ 52.25 ലാണു തുടങ്ങിയത്. വൈകുന്നേരത്തോടെ 51.70 രൂപയില്‍ ഡോളര്‍ ക്ളോസ് ചെയ്തു. ഇന്നലത്തെ നേട്ടം 81 പൈസ. രൂപ ഏതാനും ദിവസംകൂടി കയറുമെന്നാണു നിരീക്ഷണം. ഇക്കൊല്ലം രൂപയ്ക്കു 11 ശതമാനം കയറ്റം ബാര്‍ക്ളേസ് ബാങ്ക് പ്രവചിച്ചു. ഡോളറിനു 48 രൂപയാകുമെന്ന് അവര്‍ പറയുന്നു.
ഒരു മാസംമുമ്പ് ഇന്ത്യ ഗവണ്മെന്റിന്റെ കടപ്പത്രങ്ങളുടെ റേറ്റിംഗും മൂഡീസ് നിക്ഷേപയോഗ്യനിലവാരത്തിലാക്കിയിരുന്നു. ഇതു വിദേശഫണ്ടുകള്‍ ഇന്ത്യന്‍ കടപ്പത്രങ്ങള്‍ വാങ്ങാന്‍ പ്രോത്സാഹനമായി. നവംബര്‍ അവസാനം ആയിരം കോടി ഡോളര്‍ കൂടി ഇന്ത്യന്‍ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കാന്‍ വിദേശികള്‍ക്കു റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. ജനുവരി 15 വരെയാണ് അതിനു സമയം. ജനുവരിയില്‍ ആദ്യ ഒമ്പതു ദിവസം കൊണ്ടു വിദേശികള്‍ 160 കോടി ഡോളറിന്റെ കടപ്പത്രങ്ങള്‍ വാങ്ങി.
നവംബറില്‍ ഇന്ത്യയിലേക്ക് 253 കോടി ഡോളറിന്റെ വിദേശമൂലധനനിക്ഷേപം വന്നു ഇതു തലേവര്‍ഷം നവംബറിനെ അപേക്ഷിച്ച് 56 ശതമാനം അധികമാണ്. ഏപ്രില്‍-നവംബറിലെ വരവ് 2283 കോടി ഡോളറാണ്. 2010-11 സാമ്പത്തികവര്‍ഷം മൊത്തം 1943 കോടി ഡോളര്‍ എത്തിയ സ്ഥാനത്താണിത്. ഇങ്ങനെ റേറ്റിംഗ് കൂടിയതും വിദേശനാണ്യം ധാരാളമായി വരുന്നതും രൂപയെ സംബന്ധിച്ച വിപരീതാഭിപ്രായം മാറ്റി. ഭക്ഷ്യവിലക്കയറ്റം ഇല്ലാതാകുകകൂടി ചെയ്തതോടെ വിദേശനിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ വിശ്വാസം വര്‍ധിച്ചിട്ടുണ്ട്.
അതേസമയം പ്രവാസികളെ സംബന്ധിച്ചിടത്തോളം ഈ വാര്‍ത്ത അത്ര ശുഭകരമല്ല.രൂപ ശക്തമായാല്‍ സ്വഭാവികമായും പൌണ്ട് അടക്കമുള്ള വിദേശ നാണയ വില കുറയും.ഉദാഹരണത്തിന് കഴിഞ്ഞ ഒരു മാസമായി എണ്പതു രൂപയ്ക്ക് മേല്‍ വിലയുണ്ടായിരുന്ന പൌണ്ടിന്റെ മൂല്യം ഇന്നലെ ഇടിഞ്ഞ് 79.70 രൂപയായി.വരും ദിവസങ്ങളില്‍ ഈ നില തുടരുമെന്നാണ് കരുതപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല