അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് നായകനായി അഭിനയിക്കും. നിത്യ മേനോന്‍ നായിക വേഷത്തിലെത്തുന്ന ചിത്രത്തില്‍ യുവതാരം ആസിഫലി, ഇന്ദ്രജിത്ത് എന്നിവരും പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റഹ്‌മാന്‍, കലാഭവന്‍ മണി, രമ്യാ നമ്പീശന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സംവിധായകന്‍ അമല്‍ നീരദ് തന്നെയാണ് ബാച്ചിലര്‍ പാര്‍ട്ടിയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
ഉണ്ണിയും സന്തോഷ് എച്ചിക്കാനവും ചേര്‍ന്നാണ് ബാച്ചിലര്‍ പാര്‍ട്ടിയുടെ തിരക്കഥ രചിച്ചത്. അതേസമയം ഹാംഗ് ഓവര്‍ എന്ന ഹോളിവുഡ് ചിത്രത്തിന്റെ കഥയാണ് ബാച്ചിലര്‍ പാര്‍ട്ടിയുടേതെന്നും ആരോപണമുണ്ട്. അന്‍വറിന് ശേഷം അമല്‍ നീരദും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണിത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംവിധായകന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദീപന്‍ സംവിധാനം ചെയ്യുന്ന ഹീറോ എന്ന ചിത്രം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പൃഥ്വിരാജ് ബാച്ചിലര്‍ പാര്‍ട്ടിയില്‍ അഭിനയിക്കാനെത്തുക.
നേരത്തെ മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന ചിത്രമാണ് അമല്‍ നീരദ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അരിവാള്‍ ചുറ്റിക നക്ഷത്രം തല്‍ക്കാലം മാറ്റിവെയ്‌ക്കാന്‍ സംവിധായകന്‍ അമല്‍ നീരദും നിര്‍മ്മാതാവ് പൃഥ്വിരാജും തീരുമാനിക്കുകയായിരുന്നു. അറുപതുകളിലെ കഥപറയുന്ന ചിത്രമായിരുന്നു അരിവാള്‍ ചുറ്റിക നക്ഷത്രം.
ഏതാണ്ട് ഇതേ രീതിയില്‍ അറുപതുകളിലെയും എഴുപതുകളിലെയും കഥ പറഞ്ഞ വെനീസിലെ വ്യാപാരി എന്ന ചിത്രം ബോക്‌സോഫീസില്‍ തകര്‍ന്നതുകാരണമാണ് അരിവാള്‍ ചുറ്റിക നക്ഷത്രം മാറ്റിവെയ്‌ക്കാന്‍ തീരുമാനിച്ചതെന്നും സൂചനയുണ്ട്. എന്നാല്‍ ഈ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും, ബാച്ചിലര്‍ പാര്‍ട്ടിയ്‌ക്ക് ശേഷം ചെയ്യുമെന്നും അമല്‍ നീരദിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല