ചിലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി അടുത്തിടെയായി ബ്രിട്ടനിലെ ആശുപത്രികള്‍ നേഴ്സുമാരുടെ എണ്ണം പരമാവധി വെട്ടി കുറയ്ക്കുന്ന പ്രവണത കാണുന്നുണ്ട്. ഇത് മൂലം ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ച് കൊണ്ടിരിക്കുന്നത് മലയാളികള്‍ അടക്കമുള്ള വിദേശ നേഴ്സുമാരാണ്, എന്തായാലും ആശുപത്രികള്‍ വെളുക്കാന്‍ തേച്ചത് പാണ്ടാവുന്നതാണ് കാണുന്നത്.
യോഗ്യതകളില്ലാത്ത ആശുപത്രി ജീവനക്കാരും കെയറര്‍മാരും നഴ്സുമാരുടെ ജോലികള്‍ ചെയ്യുന്നത് ആശുപത്രികളില്‍ കഴിയുന്ന രോഗികളില്‍ ഭീതി ഉളവാക്കുന്നു എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ പല ആശുപത്രികളിലും നിര്‍ണായകമായ ടെസ്റ്റുകള്‍ ഇവരാണ് നടത്തുന്നതത്രെ!
രക്തസാമ്പിളുകളെടുക്കുന്നതും ചിലയിടങ്ങളില്‍ വാര്‍ഡിന്റെ ചുമതല വഹിക്കുന്നതും നെഴ്സുമാര്‍ക്ക് പകരം കെയറര്‍മാരാണ്. നേഴ്സിംഗ് സ്റ്റാന്‍ഡേര്‍ഡ് മാഗസിന്‍ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. ശരിയായ പരിശീലനം ലഭിച്ചിട്ടില്ലാത്ത കെയറര്‍മാര്‍ ഹൃദ്രോഗത്തിന്റെ ടെസ്റ്റുകളും നവജാത ശിശുക്കളെ ശുശ്രൂഷിക്കുന്നതായും അന്വേഷണത്തില്‍ വെളിപ്പെട്ടിട്ടുണ്ട്. കുറഞ്ഞത് മെഡിക്കല്‍ രംഗത്ത് ഡിപ്ളോമ കോഴ്സ് പാസായിട്ടുള്ള നഴ്സുമാരുടെ ജോലിയാണ് ഇവരെക്കൊണ്ട് ആശുപത്രി അധികൃതര്‍ ചെയ്യിക്കുന്നത്.
നിലവിലെ കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യത്ത് മൂന്നുലക്ഷത്തോളം കെയറര്‍മാരാണ് ആശുപത്രികളില്‍ ജോലി ചെയ്തു വരുന്നത് എന്ന് കാണാം. വൃദ്ധരെയും മറ്റും ശുശ്രൂഷിക്കുന്നതിനാണ് ഇവരെ പരിശീലിപ്പിച്ചിട്ടുള്ളത് എന്നിരിക്കെയാണ് അറിയാത്ത ജോലികള്‍ ഇവരെകൊണ്ട് ചെയ്യിപ്പിക്കുന്നത്. ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും രജിസ്റര്‍ ഉള്ളതുപോലെ കെയറര്‍മാര്‍ക്ക് ഔദ്യോഗിക രജിസ്റ്ററില്ല എന്നതിനാല്‍ രോഗിക്ക് എന്തെങ്കിലും അപകടം ഉണ്ടായാല്‍ ഇവര്‍ക്കെതിരെ നടപടികള്‍ എടുക്കാന്‍ കഴിയില്ല എന്നതും നോക്കണേ. എന്തായാലും അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല