കഴിഞ്ഞ ദിവസം വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ നടന്ന പ്രതിവാര സന്ദര്‍ശനപരിപാടിയില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ കാണാനെത്തിയവരുടെയിടയില്‍ മുതലക്കുഞ്ഞു കാണപ്പെട്ടതു കൌതുകം ഉളവാക്കി. റോമിലെ കാഴ്ചബംഗ്ളാവിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാഴ്ചബംഗ്ളാവിലെ ജീവനക്കാരും ഉദ്യോഗസ്ഥരും മാര്‍പാപ്പയെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് അടുത്തയിടെ മൃഗശാലയില്‍ അതിഥിയായെത്തിയ ക്യൂബന്‍ മുതലക്കുഞ്ഞിനേയും ഒപ്പം കൂട്ടിയത്.
വംശനാശം നേരിടുന്ന ഇനമാണു ക്യൂബന്‍ മുതല. സമീപകാലത്തായി ഇവയുടെ എണ്ണം 80 ശതമാനം കണ്ടു കുറഞ്ഞതായും ക്യൂബയിലെ ഒരു ദ്വീപില്‍ മാത്രമേ ഇവ ഇപ്പോള്‍ കാണപ്പെടുന്നുള്ളൂവെന്നും അധികൃതര്‍ പറഞ്ഞു. അടുത്തയിടെ റോം നഗരപ്രാന്തത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടത്തിയ ഈ മുതലക്കുഞ്ഞിനെ കാഴ്ചബംഗ്ളാവിലെത്തിക്കുകയായിരുന്നു.
നഗരവാസികളാരോ ക്യൂബയില്‍ വിനോദസഞ്ചാരത്തിനു പോയപ്പോള്‍ അനധികൃതമായി കൊണ്ടുവന്ന മുതലക്കുഞ്ഞിനെ അധികൃതരെ ഭയന്ന് ഉപേക്ഷിച്ചതായിരിക്കാമെന്നാണു പോലീസ് സംശയിക്കുന്നത്. മാര്‍ച്ച് 26മുതല്‍ 28 വരെ മാര്‍പാപ്പ ക്യൂബയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല