മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം വ്യത്യസ്തത കൊണ്ട് അവിസ്മരണീയമായി. മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് കത്തോലിക ചര്‍ച്ച് ഹാളില്‍ നടന്ന ആഘോഷ പരിപാടികള്‍ പ്രസിഡണ്ട് സാജു കാവുങ്ങല്‍ ഉല്‍ഘാടനം ചെയ്തു ക്രിസ്തുമസ് സന്ദേശം നല്കി. എംഎംഎ ഈ വര്‍ഷം ആദ്യമായി നാല് ദിവസങ്ങളിലായി നടത്തിയ ക്രിസ്തുമസ് കരോള്‍ ഏറെ ആഹ്ലാദകരമായി. രാത്രി വൈകിയും കരോള്‍ ടീമിനെ വരവേല്‍ക്കാന്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ കാത്തിരുന്നത് ടീമംഗങ്ങള്‍ക്ക് ഏറെ പ്രോത്സാഹനമായിരുന്നു.
ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത് റോയ് മാത്യുവിന്റെ നേതൃത്വത്തില്‍ കരോള്‍ ടീം ആലപിച്ച കരോള്‍ ഗാനത്തോട് കൂടിയായിരുന്നു. കരോള്‍ സര്‍വീസ്നോടൊപ്പം കുട്ടികള്‍ അവതരിപ്പിച്ച തിരുപ്പിറവി ഏറെ ഹൃദ്യമായിരുന്നു. ഡോ: ജയചന്ദ്രന്, റോയ്, ജിനേഷ് ചേര്‍ന്നു അവതരിപ്പിച്ച ഗാനമേള കാതുകള്‍ക്ക് ശ്രവണ സുന്ദരമായി. അമ്പതില്‍ അധികം കുട്ടികള്‍ പങ്കെടുത്ത വിവിധ കലാപരിപാടികള്‍ കലാസന്ധ്യക്ക് മാറ്റ് കൂട്ടി. ജിന്ഗില്‍ ബെല്ലിന്റെ താളത്തിനൊപ്പം ചുവടുകള്‍ വെച്ച് സദസിലെക്ക് കടന്നുവന്ന ക്രിസ്തുമസ് ഫാദര്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും മനം കവര്‍ന്നു. പിന്നീട് ക്രിസ്തുമസ് ഡിന്നര്‍ കഴിച്ചു ആടിയും പാടിയും പുതുവര്‍ഷത്തെ വരവേറ്റു.
ആസ്ട്രേലിയയിലേക്ക് പോകുന്ന എംഎംഎ മുന്‍ ഭാരവാഹികള്‍ ആയിരുന്ന ബോബി ജോര്‍ജ്, സുനില്‍ ഫിലിപ്പ് എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി ഉപഹാരങ്ങള്‍ സമ്മാനിച്ചു. അവര്‍ സംഘടനയ്ക്ക് നല്കിയ സഹായങ്ങള്‍ക്ക് പോള്സന് തോട്ടപ്പിള്ളി നന്ദി രേഖപ്പെടുത്തി. ശേഷം കുട്ടികള്‍ക്ക് എല്ലാവര്ക്കും ഷാജിമോന്‍, സോണി ചാക്കോ എന്നിവര്‍ സമ്മാനങ്ങള്‍ നല്കി. കരോള്‍ പരിപാടിയില്‍ നിന്ന് സംഭാവനയായി കിട്ടിയ പണം ബംഗാളില്‍ തീപ്പിടുത്തത്തില്‍ മരിച്ച മലയാളി നേഴ്സുമാരുടെ കുടുംബത്തിന് സഹായമായി നല്‍കുമെന്ന് പ്രസിഡണ്ട് അറിയിച്ചു.
കൂടാതെ മാഞ്ചസ്റ്ററില്‍ വെടിയേറ്റ് മരിച്ച അനുജിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി. കലാപരിപാടികള്‍ നിയന്ത്രിച്ച കലേഷിനെയും ജിന്‍സി ജോസിനെയും പ്രത്യേകം അഭിനന്ദിച്ചു. ആഘോഷങ്ങള്‍ക്കും കരോള്‍ സര്‍വീസിനും ജിന്റോ, ജിനേഷ്, വിത്സണ്, ഗിഗി, ഹരിഷ്, രഞ്ജിത്ത്, ജോസ്, അരുണ്‍, മനോജ്, അജു എന്നിവര്‍ നേതൃത്വം കൊടുത്തു. സെക്രട്ടറി ജോര്‍ജ് വടക്കാഞ്ചേരി സ്വാഗതവും മേഖല ഷാജി നന്ദിയും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല