ഇക്കഴിഞ്ഞ ഏഴെട്ടു മാസമായി യു കെ മലയാളികള്‍ കേള്‍ക്കുന്ന വാര്‍ത്തയാണ് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് എന്ന സംഘടനയും അതിലെ ഗ്രൂപ്പുകളും വിവിധ യൂണിറ്റ് രൂപീകരണങ്ങളും.കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തന സംസ്കാരത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളതിനാല്‍ യു കെയില്‍ നിലവിലുള്ള ഇരു ഗ്രൂപ്പുകളുടെയും വാര്‍ത്തകള്‍ ഒരേ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയാണ് എന്‍ ആര്‍ ഐ മലയാളി ചെയ്തിരുന്നത്.ഭരണം വന്നപ്പോള്‍ മാത്രം ഒരു വിഭാഗം രൂപം കൊണ്ടതും അവരാണ് ഒറിജിനല്‍ എന്ന് പറഞ്ഞപ്പോഴും വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ചില മാധ്യമ കുബുദ്ധികള്‍ ഒരു വിഭാഗത്തെ കടന്നാക്രമിച്ചപ്പോഴും മറുഭാഗത്തിന്‍റെ ജനപിന്തുണ ഞങ്ങള്‍ മനസിലാക്കിയിരുന്നു.അതുകൊണ്ടു തന്നെയാണ് യു കെ യിലെ പ്രത്യേക സാഹചര്യത്തില്‍ കേരള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് റോളില്ല എന്ന അടിസ്ഥാന ആശയത്തില്‍ നിലനിന്നുകൊണ്ടു തന്നെ ഇരു ഗ്രൂപ്പുകളുടെയും വാര്‍ത്തകള്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ചത്.
നിര്‍ഭാഗ്യവശാല്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ യു കെയിലെ ചില മലയാള മഞ്ഞപ്പത്രങ്ങള്‍ പടച്ചു വിട്ട വ്യാജ വാര്‍ത്തകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ സ്നേഹിക്കുന്നവരുടെ മനസ്സില്‍ അലോസരമുണ്ടാക്കിയിരിക്കുന്നു.ഒ ഐ സി സി യുടെ പേരില്‍ മനുഷ്യക്കടത്ത് നടത്തിയെന്നും പാര്‍ട്ടി നേതാക്കള്‍ക്കെതിരെ യു കെ പോലീസും ബോര്‍ഡര്‍ എജെന്‍സിയും അന്വേഷണം തുടങ്ങിയെന്നുമായിരുന്നു ഇടതുപക്ഷ സഹയാത്രികനായ ഒരു മഞ്ഞപ്പത്രക്കാരന്‍ വാര്‍ത്ത പടച്ചു വിട്ടത്. . അടുത്ത കാലത്ത് വരെ ഒ ഐ സി സി യിലെ ഒരു ഗ്രൂപ്പിനെ മാത്രം പിന്തുണച്ച് വാര്‍ത്തകള്‍ കൊടുത്തിരുന്ന ഈ മാധ്യമം ആ ഗ്രൂപ്പിലെ തന്നെ നേതാക്കളെ അവഹേളിക്കുന്ന റിപ്പോര്‍ട്ട് ആണ് ഇന്നലെ പുറത്തു വിട്ടത്.മുന്‍പും ഇത്തരം വ്യാജ വ്യക്തിഹത്യ വാര്‍ത്തകള്‍ക്ക് കുപ്രസിദ്ധനായ ഇയാള്‍ കൊടുത്ത വാര്‍ത്തയിലെ സത്യമറിയാന്‍ അനവധി ആളുകള്‍ ഞങ്ങളെ ബന്ധപ്പെട്ടിരുന്നു.ഒരു നിഷ്പക്ഷ മാധ്യമമെന്ന നിലയില്‍ ഇത് സംബന്ധിച്ച യാഥാര്‍ത്ഥ്യം ഞങ്ങള്‍ മാന്യ വായനക്കാരെ അറിയിക്കുകയാണ്.
ഒ ഐ സി സി യുടെ പേരില്‍ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രെജിസ്റ്റര്‍ ചെയ്തു എന്നത് സത്യമാണ്.ഇംഗ്ലണ്ടിലെ കമ്പനി നിയമപ്രകാരം ആര്‍ക്കും ഏതു പേരിലും കമ്പനി രെജിസ്റ്റര്‍ ചെയ്യാം.ആവശ്യപ്പെടുന്ന പേര് ലഭ്യമാണെങ്കില്‍ നിശ്ചിത ഫീസടച്ചാല്‍ ഒരു ദിവസത്തിനുള്ളില്‍ കമ്പനി രെജിസ്റ്റര്‍ ചെയ്തു കിട്ടും.അതിനര്‍ത്ഥം മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരിലോ തിരിച്ചോ കമ്പനി ഉണ്ടാക്കാം.പക്ഷെ ഇവിടെ ഒ ഐ സി സി യുടെ പേരില്‍ കമ്പനി ഉണ്ടാക്കിയത് അറിയപ്പെടുന്ന ഒരു കോണ്ഗ്രസ് നേതാവ് തന്നെയാണ്.ഇതിനു പിന്നിലെ ബിസിനസ് താല്‍പ്പര്യം എന്തെന്ന് ഇനിയും വ്യക്തമല്ല.OICC UK Ltd എന്ന പേരില്‍ 2011 ഒക്ടോബര്‍ 18 നാണ് 7814086 എന്ന നമ്പരില്‍ കമ്പനി രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഇത് സംബന്ധിച്ച രേഖകള്‍ കമ്പനി ഹൌസില്‍ നിന്നും നിശ്ചിത ഫീസടച്ചാല്‍ ആര്‍ക്കും ലഭിക്കും.എന്‍ ആര്‍ ഐ മലയാളിക്ക് ലഭിച്ച രേഖയുടെ സ്ക്രീന്‍ഷോട്ട് ചുവടെ കൊടുക്കുന്നു.
ഇനി ഈ കമ്പനിയുടെ പേരില്‍ വിസയ്ക്ക് അപേക്ഷിച്ചുവെന്ന ആരോപണം.കമ്പനി രൂപീകരിച്ച് ഒരു മാസത്തിനുള്ളില്‍
പതിനഞ്ചു പേര്‍ക്ക വിസയ്ക്ക് അപേക്ഷിച്ചാല്‍ കിട്ടുമെന്ന് വിശ്വസിക്കാന്‍ അത്രയ്ക്ക് മണ്ടന്മാര്‍ ആണോ യു കെയിലെ കോണ്‍ഗ്രസുകാര്‍ .ഇനി അഥവാ അപേക്ഷിച്ചാല്‍ തന്നെ ഒരു മാസത്തെ കമ്പനിയുടെ രേഖ കാണിച്ചാല്‍ ഇവര്‍ക്കൊക്കെ കൊടുക്കാന്‍ യു കെ ബോര്‍ഡര്‍ എജെന്‍സിയില്‍ വിസ അടുക്കി വച്ചിരിക്കുകയാണോ.ഒരു സ്റ്റേജ് ഷോ നടത്താന്‍ കലാകാരന്മാരെ കൊണ്ടുവരാന്‍ എന്ന പേരില്‍ ആയിരുന്നു വിസയ്ക്ക് അപേക്ഷിച്ചത് എന്നായിരുന്നു ആരോപണം.വലിയൊരു സ്റ്റെജ്ഷോ നടത്താന്‍ മാസങ്ങള്‍ മുന്‍പേ തന്നെ പരസ്യവും പ്രചാരണവും തുടങ്ങേണ്ട സമയത്ത് ഇപ്പറയുന്ന സ്റ്റേജ് ഷോയുടെ ഒരു വിവരവും യു കെ മലയാളികള്‍ ആരും അറിഞ്ഞിട്ടില്ല.ഇതിനെല്ലാമര്‍ത്ഥം
ഈ ആരോപണങ്ങള്‍ മഞ്ഞപ്പത്രക്കാരന്റെ ഭാവനയില്‍ വിരിഞ്ഞ കെട്ടുകഥകള്‍ മാത്രമാണെന്നാണ്.കെ മുരളീധരന്‍ എം എല്‍ എയുടെ യു കെ സന്ദര്‍ശനം റദ്ദാക്കിയത് സംബന്ധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് ഇപ്പോഴുള്ള വിവാദങ്ങള്‍ക്ക് കാരണമെന്നറിയുന്നു.
അതേസമയം ഒ ഐ സി സിയുടെ പേരില്‍ ഒരു നേതാവ് തന്നെ എന്തിന് കമ്പനി രൂപീകരിച്ചു എന്ന് നേതൃത്വം അന്വേഷിക്കണം.സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ബിസിനസ് താല്‍പ്പര്യങ്ങള്‍ കടന്നു വരുന്നത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുമെന്നും അണികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ട്ടിക്കുമെന്നും നേതാക്കള്‍ തിരിച്ചറിയണം.നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആരോപണരഹിതരായിരിക്കണം.അതോടൊപ്പം യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി പാര്‍ട്ടിയെ തകര്‍ക്കാന്‍ രഹസ്യ അജണ്ടയുമായി ഇറങ്ങിയിരിക്കുന്ന മാധ്യമ കുബുദ്ധികളെ തിരിച്ചറിയാനുള്ള വിവേകം പാര്‍ട്ടി നേതൃത്വത്തിന് ഉണ്ടാവണം.വ്യക്തിഹത്യയില്‍ ഡിപ്ലോമയെടുത്ത ഇത്തരക്കാരെ ഒറ്റപ്പെടുത്താനുള്ള നിശ്ചയദാര്‍ഢ്യം നേതാക്കള്‍ കാണിക്കണം.
വാല്‍ക്കഷണം
വലിയ പറമ്പിലെ ചേട്ടാ.. പാലു കൊടുത്ത കൈയ്യില്‍ തന്നെയാണ് ഈ പാമ്പിപ്പോള്‍ തിരിഞ്ഞു കൊത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല