ഉദയനാണ് താരം എന്ന ചിത്രത്തിലെ സരോജ് കുമാറിനെ പ്രേക്ഷകര്‍ മറന്നിട്ടുണ്ടാകില്ല. ഉദയന്റെ തിരക്കഥ മോഷ്ടിച്ച് താരമായി മാറിയ സരോജ് കുമാറിന് പിന്നീടെന്തു സംഭവിച്ചിട്ടുണ്ടാകും? സജിന്‍ രാഘവ് സംവിധാനം ചെയ്യുന്ന പത്മശ്രീ ഡോക്ടര്‍ ഭരത് സരോജ് കുമാര്‍ എന്ന ചിത്രം പറയുന്നത് ഇക്കാര്യമാണ്. എന്നാല്‍ സരോജ് കുമാറിന്റെ സിനിമാ ജീവിതത്തേക്കാള്‍ വ്യക്തി ജീവിതത്തിലെ സംഭവങ്ങളാണ് സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നത്. സരോജ് കുമാറായി ശ്രീനിവാസന്‍ വേഷമിടുമ്പോള്‍ മംമ്തയാണ് സരോജിന്റെ ഭാര്യയായി എത്തുന്നത്.
സിനിമയിലെ മിക്ക നായികമാരോടും ഐ ലവ് യു പറഞ്ഞിട്ടുള്ള നടനാണ് സരോജ് കുമാര്‍. ശോഭനയോടും ഉര്‍വ്വശിയോടും കാവ്യ മാധവനോടും സരോജ് കുമാര്‍ പ്രണയാഭ്യര്‍ഥന നടത്തിയിട്ടുണ്ട്. ഈ വിവരങ്ങളെല്ലാം ഭാര്യയ്ക്ക് അറിയാം. ഇതെല്ലാം അറിഞ്ഞിട്ടു തന്നെയാണ് സരോജിനെ അവര്‍ വിവാഹം ചെയ്തത്.
എങ്കിലും ഒരവസരത്തില്‍ ഭാര്യയ്ക്ക് ഇതൊക്കെ സരോജിനോട് ചോദിയ്‌ക്കേണ്ടി വരുന്നു. നിങ്ങള്‍ ശോഭനയോട് ഐ ലവ് യു പറഞ്ഞിട്ടില്ലേ? കാവ്യ മാധവനോട് ഐ ലവ് യു പറഞ്ഞിട്ടില്ലേ എന്ന അവരുടെ ചോദ്യത്തിന് മുന്നില്‍ സരോജ് പതറുന്നു.
എന്നാല്‍ ഒടുവില്‍ എല്ലാവരോടും താന്‍ പ്രണയാഭ്യര്‍ഥന നടത്തിയിട്ടുണ്ടെന്നും എന്നാല്‍ ആരും തന്റെ വലയില്‍ വീണില്ലെന്നും സരോജ് കുമാര്‍ തുറന്ന് സമ്മതിയ്ക്കുന്നു.
ഇത്തരത്തില്‍ സരോജിന്റെ ജീവിതത്തിലെ നര്‍മ്മം നിറഞ്ഞ മുഹൂര്‍ത്തങ്ങളിലൂടെയാണ് പത്മശ്രീ സരോജ് കുമാറിന്റെ കഥ വികസിയ്ക്കുന്നത്. ആദ്യ ചിത്രമായ ഉദയനാണ് താരത്തിലെ പച്ചാളം ഭാസിയും ഈ ചിത്രത്തിലുണ്ട്. ആദ്യ ചിത്രം പോലെ തന്നെ ഇതും ഒരു ഹിറ്റായി മാറുമെന്ന് പ്രതീക്ഷിയ്ക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല