ന്യൂയോര്‍ക്കിലെ റോക്ക്ലന്‍ഡ് കൌണ്ടി ലെജിസ്ലേച്ചറിലേക്കു മലയാളി വനിത ആനി പോള്‍ തെരഞ്ഞെടുക്കപ്പെട്ടതു വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ച് അമേരിക്കയില്‍ ജോലി ചെയ്യുന്ന എല്ലാ മലയാളി നെഴ്സുമാര്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്‍ബലത്തോടെ 61 ശതമാനം വോട്ടു നേടിയാണു മൂവാറ്റുപുഴ കല്ലൂര്‍ക്കാട് നെടുംകല്ലേല്‍ വീട്ടില്‍ ജോണ്‍ ജോര്‍ജിന്റെയും മേരി ജോര്‍ജിന്റെയും മകളായ ആനി പോള്‍ വിജയിച്ചത്.
കഴിഞ്ഞ നാലിനായിരുന്നു സത്യപ്രതിജ്ഞ. ന്യൂയോര്‍ക്കില്‍ പ്രാദേശിക നിയമനിര്‍മാണസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി വനിതയാണ് ആനി പോള്‍. എന്തു ചെയ്താലും നന്നായി ചെയ്യുക എന്നതാണു തന്റെ വിജയരഹസ്യമെന്നു രാമപുരം തേവര്‍കുന്നേല്‍ അഗസ്റിന്‍ പോളിന്റെ ഭാര്യയായ ആനി പോള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമാണു തന്നെ ഉന്നതപദവിയിലേക്ക് എത്തിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നഴ്സിംഗ് പഠനത്തി നുശേഷം 1982ല്‍ അമേരിക്കയിലെത്തിയ ആനി വിവിധ ആശുപത്രികളില്‍ നഴ്സായി ജോലി നോക്കി. റോക്ലന്‍ഡിലെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി പോളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി സ്ഥാപക സെക്രട്ടറി, ഹഡ്സന്‍വാലി മലയാളി അസോസിയേഷന് പ്രസിഡന്റ്, കേരളജ്യോതി പത്രാധിപ, ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന് സ്ഥാപക പ്രസിഡന്റ്, ഫെഡറേഷന് ഓഫ് ഇന്ത്യന്‍ കാത്തലിക് അസോസിയേഷന് ഓഫ് അമേരിക്ക ജോയിന്റ് സെക്രട്ടറി, ഇന്ത്യ കാത്തലിക് അസോസിയേഷന് ഓഫ് അമേരിക്ക സോണല്‍ ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ ന്യൂസിറ്റി ലൈബ്രറി ബോര്‍ഡ് സെക്രട്ടറിയാണ്. സാമൂഹ്യ രംഗത്തും നഴ്സിംഗ് രംഗത്തും നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. മറീനാ, ഷബാന, നതാഷ എന്നിവരാണു മക്കള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല