സൈനിക അട്ടിമറി ഭയന്ന് പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി പാക്കിസ്ഥാനിലെ ബ്രിട്ടീഷ് സ്ഥാനപതിയെ ഫോണില്‍ ബന്ധപ്പെട്ട് സഹായം അഭ്യര്‍ഥിച്ചതായി വെളിപ്പെടുത്തല്‍. പാക്കിസ്ഥാനിലെ ബ്രിട്ടീഷ് സ്ഥാനപതി ആഡം തോംസണെ ഫോണില്‍ ബന്ധപ്പെട്ട ഗിലാനി പരിഭ്രാന്തനായിരുന്നുവെന്നും ബ്രിട്ടീഷ് സ്ഥാനപതി കാര്യാലയം ഉദ്യോഗസ്ഥന് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്ന് വ്യക്തമല്ല.
യുഎസ് സൈന്യം പാക്കിസ്ഥാനിലെ ഒളിത്താവളത്തില്‍വെച്ച് ഒസാമാ ബിന്‍ ലാദനെ വധിച്ചശേഷം സൈനിക അട്ടിമറി ഭയന്ന പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി സഹായമഭ്യര്‍ഥിച്ച് യുഎസിന് കത്തെഴുതിയെന്ന ‘മെമ്മോ ഗേറ്റ്’ വിവാദം ചൂടുപിടിച്ചു നില്ക്കുന്ന പശ്ചാത്തലത്തിലാണ് ഗിലാനിക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് സ്ഥാനപതി കാര്യലയവും രംഗത്തുവന്നിരിക്കുന്നത്.
മെമ്മോ ഗേറ്റ് വിവാദത്തില്‍ പാക് സൈനിക മേധാവിയെയും ഐഎസ്ഐ മേധാവിയെയും ഗിലാനി അടുത്തിടെ കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ പ്രതിരോധ സെക്രട്ടറിയെ ഗിലാനി പുറത്താക്കിയത് സൈന്യവും സര്‍ക്കാരും തമ്മിലുള്ള ബന്ധം മോശമാക്കിയിരുന്നു.
അതേസമയം പാക് സര്‍ക്കാര്‍ ബ്രിട്ടന്റെ സഹായം തേടിയെന്ന റിപ്പോര്‍ട്ട് പ്രധാനമന്ത്രി ഗീലാനി നിഷേധിച്ചു. കഴിഞ്ഞയാഴ്ച ബ്രിട്ടീഷ് ഹൈക്കമ്മീഷണറുമായി ഫോണില്‍ ബന്ധപ്പെട്ട ഗീലാനി, സൈന്യം അധികാരം പിടിക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ചെന്നും ഇതു തടയാന്‍ ബ്രിട്ടന്റെ സഹായം തേടിയെന്നുമുള്ള അസോസിയേറ്റഡ് പ്രസിന്റെ റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.
പാക്കിസ്ഥാനിലെ ജനാധിപത്യ സര്‍ക്കാരിന്റെ ശക്തി ജനങ്ങളാണെന്നും ഏതെങ്കിലും വിദേശരാജ്യമല്ലെന്നും പ്രധാനമന്ത്രിയുടെ വക്താവ് ചൂണ്ടിക്കാട്ടി. മെമ്മോഗേറ്റ് പ്രശ്നത്തില്‍ സിവിലിയന്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ സമ്മര്‍ദം നേരിടുകയാണ്. ഇതിനിടെ സര്‍ദാരിക്ക് എതിരേയുള്ള അഴിമതിക്കേസ് പുനരാരംഭിക്കാത്തപക്ഷം ഗീലാനിക്ക് എതിരേ നടപടിയെടുക്കുമെന്ന് പാക് സുപ്രീംകോടതി മുന്നറിയിപ്പു നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല