മുല്ലപ്പെരിയാര്‍ വിവാദത്തിനിടെ സോഹന്‍ റോയിയുടെ ഡാം 999 സിനിമ സംസ്ഥാനത്തു നിരോധിച്ചതിനു തമിഴ്നാടിനു സുപ്രീംകോടതിയുടെ നിശിത വിമര്‍ശനം. നിരോധനം ചോദ്യം ചെയ്തു സോഹന്‍ റോയി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം നടക്കവേയാണ് ജസ്റീസ് എ. കെ. ഗാംഗുലി, ജസ്റീസ് ജെ. എസ്. ഖേഹര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് തമിഴ്നാട് നിലപാടിനെ വിമര്‍ശിച്ചത്.
പൌരന്റെ മൌലിക അവകാശമായ ആവിഷ്കാര, അഭിപ്രായ സ്വാതന്ത്യ്രങ്ങള്‍ നിഷേധിക്കാന്‍ സംസ്ഥാനത്തിനു കഴിയുമോയെന്നു കോടതി ചോദിച്ചു. ഇന്ത്യക്ക് ഒരു ഭരണഘടന മാത്രമാണുള്ളത്. എല്ലാ സംസ്ഥാനങ്ങളും ഈ ഭരണഘടനയ്ക്കു വിധേയമാണ്. അല്ലാതെ തമിഴ്നാടിനു മാത്രമായി ഭരണഘടനയില്ലെന്നു കോടതി പറഞ്ഞു.
സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശന അനുമതി നല്‍കിയ ഒരു സിനിമ നിരോധിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിഞ്ഞുവെന്ന് വിശദീകരിക്കാന്‍ തമിഴ്നാടിനു വേണ്ടി ഹാജരായ അഡീഷന്‍ അ്ഡ്വേക്കറ്റ് ജനറല്‍ ഗുരുകൃഷ്ണ കുമാറിനോടു കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വിശ്വാസലംഘനവും ക്രമസമാധാന പ്രശ്നവുമൊന്നും കാരണങ്ങളല്ല. അഭിപ്രായ സ്വാതന്ത്യ്രം ഭരണഘടന നല്‍കുന്ന അവകാശമാണ്.
സിനിമയില്‍ അശ്ളീലമോ സാംസ്കാരിക പാരമ്പര്യത്തെ ഹനിക്കുന്നതോ മതവികാരത്തെ വ്രണപ്പെടുത്തുന്നതോ എന്തെങ്കിലുമുണ്െടങ്കില്‍ അത് ആദ്യം മനസിലാക്കണം. ഇതൊന്നുമില്ലെങ്കില്‍ പിന്നെ എന്തിന് സിനിമ തടഞ്ഞുവെന്ന് ബെഞ്ച് ചോദിച്ചു. ക്രമസമാധാന പ്രശ്നമുണ്ടാകുകയാണെങ്കില്‍ സിനിമ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്െടന്നു അഭിഭാഷകന്‍ വാദിച്ചപ്പോള്‍ രാജ്യത്തിന് ഒരു ഭരണഘടന മാത്രമേയുള്ളൂവെന്നും നിങ്ങള്‍ക്കായി പ്രത്യേക ഭരണഘടനയില്ലെന്നും കോടതി ആവര്‍ത്തിച്ചു.
ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദം തമിഴ്നാടിന്റെ വാദത്തെ വീണ്ടും ദുര്‍ബലപ്പെടുത്തുകയും ചെയ്തു. സെന്‍സര്‍ ബോര്‍ഡ് ഒരു സിനിമയ്ക്കു പ്രദര്‍ശന അനുമതി നല്‍കിക്കഴിഞ്ഞാല്‍ പിന്നെ അതു നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നു കേന്ദ്രസര്‍ക്കാരിനു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ ജെയിന്‍ കോടതിയെ അറിയിച്ചു. ഇരുഭാഗങ്ങളുടെയും വാദം കേട്ട ബെഞ്ച് ഇക്കാര്യത്തില്‍ വിശദീകരണം എന്തെങ്കിലുമുണ്െടങ്കില്‍ സമര്‍പ്പിക്കാന്‍ തമിഴ്നാടിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല