തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് ‘സിങ്കം’. ദുരൈസിങ്കം എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ വീരസാഹസികതകളുടെ കഥയാണ് സംവിധായകന്‍ ഹരി ഈ ചിത്രത്തിലൂടെ പറഞ്ഞത്. സിങ്കത്തിന് ശേഷം ധനുഷിനെ നായകനാക്കി ‘വേങ്കൈ’ എന്ന സിനിമ ഹരി ചെയ്തെങ്കിലും അത് ബോക്സോഫീസില്‍ ചലനമുണ്ടാക്കിയില്ല.
സൂര്യയുടെ ഏഴാം അറിവ് ചിത്രീകരിക്കുന്ന സമയത്തുതന്നെ സിങ്കത്തിന്‍റെ രണ്ടാം ഭാഗം ഉടന്‍ എടുക്കണമെന്ന് സൂര്യ ഹരിയോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് ഹരി തിരക്കഥ തയ്യാറാക്കി. തിരക്കഥ വായിച്ചുകേട്ട സൂര്യ ഒകെ പറഞ്ഞു.
ഏഴാം അറിവ് വേണ്ടത്ര വിജയമാകാതെ പോയതോടെ ഒരു വമ്പന്‍ കൊമേഴ്സ്യല്‍ ഹിറ്റ് സൂര്യയ്ക്ക് അത്യാവശ്യമായി. ‘സിങ്കം 2’ എത്രയും വേഗം ചിത്രീകരിക്കാമെന്ന അഭിപ്രായം ഉയര്‍ന്നു. എന്നാല്‍ കെ വി ആനന്ദിന് മുമ്പുതന്നെ സൂര്യ ഡേറ്റ് കൊടുത്തിട്ടുള്ളതിനാല്‍ ‘മാറ്റ്‌റാന്‍’ എന്ന സിനിമയില്‍ സൂര്യയ്ക്ക് അഭിനയിക്കേണ്ടതായി വന്നു. കാത്തിരിക്കാന്‍ ഹരി ഒരുക്കമായിരുന്നു.
എന്നാല്‍ മാറ്റ്‌റാന്‍റെ ചിത്രീകരണം ഉടനൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ല. ബയന്‍ഡഡ് സ്ക്രിപ്റ്റുമായി സൂര്യയെ കാത്തിരുന്ന് ഹരിക്ക് മടുത്തു. ഒടുവില്‍ ‘സിങ്കം 2’ല്‍ നിന്ന് സൂര്യയെ പുറത്താക്കുക എന്ന കടുത്ത തീരുമാനം ഹരി എടുത്തിരിക്കുകയാണ്. സൂര്യയ്ക്ക് പകരം വിശാലിനെ നായകനാക്കി സിങ്കം 2 ചിത്രീകരിക്കാനാണ് പരിപാടി. വിശാലും സമ്മതം മൂളിയതോടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കുമെന്നാണ് സൂചന.
സമീപകാലത്ത് വിശാലിന് ഹിറ്റുകളൊന്നും നല്‍കാനായിട്ടില്ല. വിക്രമിന് സാമിയും സൂര്യയ്ക്ക് സിങ്കവും സമ്മാനിച്ച ഹരി വിശാലിന് ‘സിങ്കം 2’ലൂടെ ഒരു മെഗാഹിറ്റ് നല്‍കുമെന്ന് പ്രതീക്ഷിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല