ബ്രിട്ടണ്‍ ഒരു വികസിതരാജ്യമാണ്. എല്ലായിടത്തും വികസനമാണ്. അഞ്ഞൂറ് കിലോമീറ്റര്‍ വേഗത്തില്‍ പോകുന്ന തീവണ്ടിയൊക്കെയുള്ള നാടാണ് ബ്രിട്ടണ്‍. ആ ബ്രിട്ടണില്‍ ഒരു മോശം ട്രെയിന്‍ എന്നൊക്കെ പറ്റുമോ? അതായത് കേരളത്തിലോടുന്ന ചില പാസ്സഞ്ചര്‍ വണ്ടികളെപോലെയുള്ള ട്രെയിനുകള്‍ ബ്രിട്ടണില്‍ ഉണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്നാല്‍ ഇത് സത്യമാണ് എന്നാണ് പത്രങ്ങള്‍ വെളിപ്പെടുത്തുന്നത്. ഏത് അവികസിത രാജ്യത്തേയും പോലെ മോശം തീവണ്ടികള്‍ ബ്രിട്ടണിലുമുണ്ട്.
വൃത്തിയില്ലാത്ത സീറ്റുകളും മോശം ടോയ്ലെറ്റുമെല്ലാമായുള്ള ട്രെയിനുകള്‍ ബ്രിട്ടണിലുമുണ്ട്. നിറയെ ആളുംകൂടി വന്നുകഴിഞ്ഞാല്‍ നമ്മുടെ കൊച്ചു കേരളത്തിലെ പാസ്സഞ്ചര്‍ ട്രെയിനുകളെക്കാള്‍ കഷ്ടമാണ് ചില ട്രെയിനുകളുടെ അവസ്ഥ. 32.7 ബില്യണ്‍ പൗണ്ട് മുടക്കി വന്‍വേഗതയുള്ള തീവണ്ടി തുടങ്ങാന്‍ പോകുന്ന സാഹചര്യത്തിലാണ് ബ്രിട്ടണിലെ തീവണ്ടികളെക്കുറിച്ചും സ്റ്റേഷനുകളെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ വ്യാപകമാകുന്നത്.
വര്‍ഷങ്ങളായി ബ്രിട്ടണിലെ പല റൂട്ടുകളിലും യാത്ര ചെയ്യുന്നവര്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ പുതിയ പദ്ധതി കേട്ട് ഞെട്ടല്‍ പ്രകടിപ്പിച്ചുവെന്നാണ് അറിയുന്നത്. യാത്രക്കൂലിയുടെ കാര്യത്തില്‍ കഴിഞ്ഞ തവണത്തേക്കാളും ആറ് ശതമാനത്തോളം കൂടുതല്‍ തുകയാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ അതിനനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ലതാനും. അതിനിടയിലാണ് വന്‍തുക മുടക്കി തീവണ്ടിപ്പാത ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. വടക്കുനിന്ന് തെക്കോട്ട് യാത്ര ചെയ്യുന്ന ഒരാള്‍ ഒരു വര്‍ഷത്തെ സീസണ്‍ ടിക്കറ്റിന് നല്‍കേണ്ടിവരുന്നത് 6,700 പൗണ്ടാണ്. എന്നാല്‍ ഇത്രയും പണം വാങ്ങുന്ന ഒരാള്‍ക്ക് നല്‍കേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങളൊന്നുംതന്നെ ഇതില്‍ ഒരുക്കിയിട്ടില്ല എന്നാണ് യാത്രക്കാര്‍ പരാതിപ്പെടുന്നത്.
പലപ്പോഴും യാത്രക്കാരുടെ തിരക്കുമൂലം ഗര്‍ഭിണിപോലും ഈ വണ്ടിയില്‍ നിലത്ത് ഇരിക്കേണ്ടിവരുന്നുണ്ട്. 29.50 പൗണ്ട് മുടക്കി മിക്കവാറും ദിവസങ്ങളിലും വാട്ടര്‍ലൂവിലേക്ക് യാത്ര ചെയ്യുന്നയാള്‍ പറയുന്നത് എപ്പോഴും വൈകിവരുന്ന തീവണ്ടിയില്‍ ഒരിക്കല്‍പോലും തനിക്ക് സീറ്റ് കിട്ടിയില്ല എന്നാണ്. അത്രയും തിരക്കാണ് ട്രെയിനുകളില്‍. കൂടുതല്‍ കമ്പാര്‍ട്ട്മെന്റുകള്‍ അനുവദിക്കുകയോ അല്ലെങ്കില്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുകയോ ചെയ്യണം.
ചില തീവണ്ടികള്‍ എല്ലാ ദിവസവും എല്ലാ സ്റ്റേഷനിലും മൂന്ന് മിനിറ്റിലധികം പിടിച്ചിടുന്നു. ഇതുമൂലം ജോലിക്ക് സമയത്തിനെത്താനാകുമോയെന്ന ടെന്‍ഷനാണ് ഓരോ യാത്രക്കാരനുമുള്ളത്. മിക്കവാറും പേര്‍ക്ക് യാത്രക്കൂലി തിരിച്ചുവാങ്ങി പോകേണ്ട ഗതികേട് വന്നിട്ടുണ്ടെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. ഇതെല്ലാം ബ്രിട്ടണിലെ ഇപ്പോഴത്തെ തീവണ്ടി സര്‍വ്വീസിനെ കുറ്റപ്പെടുത്തുന്ന കാര്യങ്ങളാണ്. ഇതെല്ലാം ഉള്ളപ്പോഴാണ് ബ്രിട്ടീഷ് ജനതയുടെമേല്‍ വന്‍ഭാരമായി മാറാനിടയുള്ള വന്‍ പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല