69-മത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജോര്‍ജ് ക്ലൂണി, മെറില്‍ സ്ട്രിപ് എന്നിവരാണ് യഥാക്രമം മികച്ച നടനും നടിയുമായി തിരഞ്ഞെടുക്കപ്പെട്ടത്. ലിയനാര്‍ഡോ ഡിക്രാപിയോ, ബ്രാഡ് പിറ്റ് എന്നിവരുമായി കടുത്ത മത്സരം നേടിട്ടാണ് ജോര്‍ജ് ക്ലൂണി ദ ഡിസന്റന്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിന് പുരസ്‌കാരം നേടിയത്.
ദ അയണ്‍ ലേഡിയിലെ അഭിനയത്തിനാണ് മെറില്‍ സ്ട്രിപ് മികച്ച നടിയായത്. ദ ഡിസന്റന്‍സ് ആണ് മികച്ച ചിത്രം. അസ്ഗര്‍ ഫര്‍ഹാദിയ്ക്കാണ് മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം. ‘എ സെപ്പരേഷന്‍’ എന്ന ചിത്രത്തിനാണ് പുരസ്‌കാരം.
വെറ്ററന്‍ താരം മോര്‍ഗന്‍ ഫ്രീമാന് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. അഞ്ച് ദശാബ്ദക്കാലം ഹോളിവുഡ് സിനിമയില്‍ നിറഞ്ഞുനിന്ന മോര്‍ഗന്‍ ഫ്രീമാന്റെ മിക്കവാറും ചിത്രങ്ങള്‍ ഹിറ്റുകളാണ്. സഹതാരങ്ങളായി അഭിനയിച്ച പലരും വേദിയില്‍ ഫ്രീമാന് പുരസ്‌കാരം നല്‍കുന്നത് കാണാനെത്തിയിരുന്നു. മാര്‍ട്ടിന്‍ സ്‌കോര്‍സെസെ മികച്ച സംവിധായകനുള്ള ഇത്തവണത്തെ പുരസ്‌കാരം നേടി. ഹ്യൂഗോ എന്ന ചിത്രത്തിനാണ് അവാര്‍ഡ്.
ടെലിവിഷന്‍ പരമ്പര വിഭാഗത്തില്‍ ടൈറ്റാനിക് താരം കേറ്റ് വിന്‍സെലെറ്റ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗാനത്തിന് മഡോണയ്ക്കും പുരസ്‌കാരമുണ്ട്. കോമഡി ആന്റ് മ്യൂസിക്കല്‍ വിഭാഗത്തിനും പ്രത്യേകമായാണ് പുരസ്‌കാരങ്ങള്‍. ഈ വിഭാഗത്തില്‍ ജീന്‍ ഡുജാര്‍ഡിന്‍, മിഷേല്‍ വില്യംസ് എന്നിവര്‍ മികച്ച നടനും നടിയുമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല