1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2012

എന്‍എച്ച്എസിനെ സ്വകാര്യ വല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ അടുത്തിടെയായി ലണ്ടനില്‍ നടക്കുന്നതായി സ്ഥിരീകരിക്കാത്ത ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ അധികൃതര്‍ പലപ്പോഴും ഇതുമായി ബന്ധപെട്ട ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയാണ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ട് നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനെ (എന്‍എച്ച്എസ്) പൊതുമേഖലയില്‍നിന്നും സ്വകാര്യവത്കരിക്കാന്‍ രഹസ്യമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നീക്കം തുടങ്ങിയതായാണ് വെളിപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി സ്വകാര്യമേഖലയ്ക്ക് കൈമാറേണ്ട മൂന്നു സര്‍വീസുകള്‍ ഏതൊക്കെയാണെന്ന് കണ്ടെത്തി അറിയിക്കാന്‍ എല്ലാ പ്രൈമറി കെയര്‍ ട്രസ്റ്റുകള്‍ക്കും സര്‍ക്കാര്‍ കത്തയച്ചിരിക്കുകയാണ്.

എന്‍എച്ച്എസിനെ സ്വകാര്യവത്കരിക്കാനുള്ള ടോറികളുടെ പദ്ധതികളുടെ ഭാഗമാണിതെന്നാണ് ലേബര്‍ പാര്‍ട്ടിയുടെ ആരോപണം. പൊതുമേഖലയില്‍ എന്‍എച്ച് എസിനെ നിലനിര്‍ത്തുമെന്ന വാഗ്ദാനത്തില്‍നിന്ന് ഡേവിഡ് കാമറൂണ്‍ പിന്തിരിയുകയാണെന്ന് അവര്‍ ആരോപിച്ചു. എല്ലാ പ്രൈമറി കെയര്‍ ട്രസ്റ്റുകളും പുതിയ ജിപി കമ്മീഷനിംഗ് ഗ്രൂപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരിക്കണമെന്നാണ് ആരോഗ്യവകുപ്പിലെ കമ്മീഷനിംഗ് മേധാവി ഡേം ബാര്‍ബാര ഹാക്കിന്‍ പുറത്തിറക്കിയ കത്തില്‍ നിര്‍ദേശിച്ചിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന ദാതാക്കള്‍ക്ക് നല്‍കാവുന്ന സഹകരണം ലഭ്യമാക്കണമെന്നും കത്തില്‍ പറയുന്നു. കഴിഞ്ഞ ജൂലൈയില്‍ ട്രസ്റ്റുകള്‍ക്കയച്ച കത്ത് സ്വകാര്യവത്കരണത്തിനുള്ള പരസ്യനീക്കത്തിന്റെ തുടക്കമായിരുന്നുവെന്ന് ലേബര്‍ പാര്‍ട്ടി ആരോപിക്കുന്നു.

ആരോഗ്യ മേഖലയെ സ്വകാര്യവത്കരിക്കില്ലെന്ന് വാഗ്ദാനം ചെയ്ത് രണ്ടുമാസത്തിനുള്ളില്‍ കാമറൂണിന്റെ സര്‍ക്കാര്‍ മൂന്ന് പ്രാദേശിക സേവനങ്ങളെ സ്വകാര്യവത്കരിക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നുവെന്ന് ആന്‍ഡി ബര്‍ണഹാം ചൂണ്ടിക്കാട്ടി. ഗുണമേന്മയുള്ള സംഘടനകളെ സേവനദാതാക്കളായി നിയോഗിക്കുമ്പോള്‍ എന്‍എച്ച്എസ് രോഗികള്‍ക്കുള്ള ചികിത്സാനിലവാരം ഉയര്‍ത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. അതേസമയം എന്‍എച്ച്എസ് സ്വകാര്യവല്‍ക്കരിക്കുന്നത് മൂലം കുടിയേറ്റ നെഴ്സുമാര്‍ക്ക് ഗുണമാണോ ദോഷമാണോ ഉണ്ടാക്കുന്നതെന്ന് വ്യക്തമായി പറയാന്‍ ആകില്ലയെന്നാണ് വിദഗ്തരുടെ നിഗമനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.