കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതിയില്‍ വ്യാഴാഴ്ച ഹാജരാവുന്ന പാകിസ്താന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി മാപ്പ് പറയില്ല. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസുകള്‍ പുനരാരംഭിക്കാനാവശ്യപ്പെട്ട് സ്വിസ് സര്‍ക്കാറിന് കത്തയയ്ക്കാമെന്ന് ഉറപ്പു കൊടുക്കുകയുമില്ല. ഭരണകക്ഷിയായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി.) യിലെയും ഗീലാനിയുടെ അഭിഭാഷകസംഘത്തിലെയും വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ. വാര്‍ത്താ ഏജന്‍സിയാണ് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തത്.
പ്രസിഡന്റ് സര്‍ദാരിക്ക് എതിരേയുള്ള അഴിമതിക്കേസ് പുനരാരംഭിക്കണമെന്ന നിര്‍ദേശം ലംഘിച്ചതിനാണ് ഗീലാനിക്ക് സുപ്രീംകോടതി കോടതിയലക്ഷ്യത്തിനു നോട്ടീസയച്ചത്. സര്‍ദാരിയുടെ സ്വിസ് ബാങ്ക് നിക്ഷേപത്തെക്കുറിച്ച് വിവരം തേടി സ്വിസ് അധികൃതര്‍ക്കു കത്തെഴുതണമെന്നു പലതവണ കോടതി ആവശ്യപ്പെട്ടിട്ടും ഗീലാനി വഴങ്ങിയില്ല.
ജുഡീഷ്യറിയെ ബഹുമാനമുള്ളതിനാലാണ് കോടതിയില്‍ ഹാജരാവാന്‍ തീരുമാനിച്ചതെന്ന് ഗീലാനി പറഞ്ഞു. എന്നാല്‍ കോടതിയില്‍ മാപ്പു പറയുകയോ സ്വിസ് അധികൃതര്‍ക്ക് കത്തെഴുതാമെന്ന് ഉറപ്പുനല്‍കുകയോ ചെയ്യില്ല.
ഇതേസമയം ഗീലാനിയുടെ സാന്നിധ്യം കോടതിയെ തൃപ്തിപ്പെടുത്തുമെന്നാണ് പിപിപി നേതാക്കളുടെ വിശ്വാസം. പ്രസിഡന്റ് സര്‍ദാരിക്ക് നിയമനടപടികളില്‍നിന്ന് പരിപൂര്‍ണ സംരക്ഷണമുണ്ടെന്ന് ഗീലാനിക്കുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരാവുന്ന മുതിര്‍ന്ന അഭിഭാഷകനും പി.പി.പി. നേതാവുമായ ഐതസാസ് അഹ്‌സന്‍ ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആ നിലയ്ക്ക്, സര്‍ദാരിക്കെതിരായ കേസ് പുനരാരംഭിക്കാനാവശ്യപ്പെട്ട് സ്വിസ് സര്‍ക്കാറിന് ഗീലാനി കത്തെഴുതാത്തത് കോടതിയലക്ഷ്യമാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനിടെ, രഹസ്യക്കത്ത് വിവാദത്തെത്തുടര്‍ന്ന് പാക് പ്രതിരോധ സെക്രട്ടറിസ്ഥാനത്തുനിന്ന് നീക്കം ചെയ്തതിനെതിരെ ലഫ്. ജനറല്‍ (റിട്ട.) ഖാലിദ് നയീം ലോധി സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ സര്‍ദാരിക്കും ഗീലാനിക്കും ഇസ്‌ലാമാബാദ് ഹൈക്കോടതി നോട്ടീസയച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല