ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ മുമ്പന്മാരായ റാഫേല്‍ നദാല്‍, കരോലിന് വോസ്നിയാകി, കിം ക്ളൈസ്റ്റേഴ്സ്, ലി ന തുടങ്ങിയവര്‍ മൂന്നാം റൌണ്ടില്‍. പുരുഷ വിഭാഗം രണ്ടാം റാങ്കുകാരനായ സ്പെയിനിന്റെ നദാല്‍, ജര്‍മനിയുടെ ടോണി ഹാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്താണ് മൂന്നാം റൌണ്ടിലെത്തിയത്. സ്കോര്‍: 6-4, 6-3, 6-4. 2009 ജേതാവായ നദാല്‍ ആദ്യ സെറ്റ് 54 മിനിറ്റുകൊണ്ടാണ് സ്വന്തമാക്കിയത്. ഓസ്ട്രേലിയന്‍ ഓപ്പണിലെ ഏറ്റവും ഉയര്‍ന്ന പ്രായക്കാരനാണ് 33 വയസുകാരനായ ടോണി ഹാസ്.
പതിനൊന്നാം റാങ്കുകാരനായ അര്‍ജന്റീനയുടെ യുവാന്‍ മാര്ട്ടിന് ഡെല്പെട്രൊ സ്ളൊവേന്യയുടെ ബ്ളാസ് കവ്കികിനെ രണ്ടു മണിക്കൂര്‍ 42 മിനിറ്റ് നീണ്ട മത്സരത്തിനൊടുവില്‍ കീഴടക്കി മൂന്നാം റൌണ്ടില്‍ പ്രവേശിച്ചു. സ്കോര്‍: 6-4, 7-5, 6-3.
വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യനായ ബെല്‍ജിയത്തിന്റെ കിം ക്ളൈസ്റേഴ്സ് മൂന്നാം റൌണ്ടില്‍ കടന്നു. തന്റെ ഇളയ സഹോദരിയുടെ ജന്മദിനത്തില് എതിരാളിയെ ഏകപക്ഷീയമായാണ് ക്ളൈസ്റേഴ്സ് കീഴടക്കിയത്. സ്കോര്‍: 6-0, 6-1. ഫ്രഞ്ച് ഓപ്പണ്‍ ജേതാവായ ചൈനയുടെ നാ ലി ഓസ്ട്രേലിയയുടെ ഒലിവിയ റൊഗൊവ്സ്കയെ 6-2, 6-2 നു കീഴടക്കി മൂന്നാം റൌണ്ടിലെത്തി. മൂന്നാം സീഡ് വിക്ടോറിയ അസരെങ്കയും വനിതാ വിഭാഗം സിംഗിള്‍സ് മൂന്നാം റൌണ്ടിലെത്തിയിട്ടുണ്ട്. ഡെല്ലക്വയെ 6-1, 6-0 നു കീഴടക്കിയാണ് അസരെങ്ക മൂന്നാം റൌണ്ടിലെത്തിയത്. പുരുഷ വിഭാഗത്തില്‍ വാവ്റിങ്കയും മൂന്നാം റൌണ്ടിലെത്തി.
അതേസമയം, ഓസ്ട്രേലിയയുടെ കൌമാര വിസ്മയം ബര്‍ണാഡ് ടോമിക് ഉജ്വലജയത്തോടെ മൂന്നാം റൌണ്ടിലെത്തി. അമേരിക്കയുടെ സാം ക്വെറിയെ നാലു സെറ്റു നീണ്ടു പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തി. സ്കോര്‍: 3-6, 6-3, 7-6, 6-3. ലോക റാങ്കിംഗില്‍ 38-ാം സ്ഥാനക്കാരനായ സാം ക്വെറി 95-ാം റാങ്കുകാരനായ ടോമിക്കിനെ നേരിടുമ്പോള്‍ പലപ്പോഴും പതറി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല