1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2012

നൈജീരിയയിലെ കാനോയിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഗുജറാത്തിലെ ദാഹോദ് സ്വദേശി കേവല്‍ കുമാര്‍ കാളിദാസ് രജ്പുത് (23) ആണ് മരിച്ചതെന്ന് നൈജീരിയയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം സ്ഥിരീകരിച്ചു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാര്‍ക്ക് ആക്രമണങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്. പത്തുമാസം മുമ്പാണ് കേവല്‍കുമാര്‍ നൈജീരിയയിലേക്കു പോയത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാന്‍ സഹായിക്കണമെന്ന് ഇന്ത്യന്‍ എംബസി അധികൃതരോടും ഗുജറാത്ത് സര്‍ക്കാരിനോടും ആവശ്യപ്പെട്ടതായി കേവല്‍കുമാറിന്റെ പിതാവ് കാളിദാസ് രാജ്പുത് പറഞ്ഞു.

അക്രമത്തില്‍ മരിച്ചവരുടെ സംഖ്യ 178 ആയി ഉയര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ചയും ഇന്നലെയുമായി നടന്ന ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 180 കവിഞ്ഞു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി അധികൃതര്‍ വ്യക്തമാക്കി. പ്രധാനമായും പോലീസ് സ്റ്റേഷനുകളെ ലക്ഷ്യമാക്കിനടത്തിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ബോകോ ഹറാം എന്ന ഇസ്‌ലാമിക സംഘടന ഏറ്റെടുത്തിട്ടുണ്ട്.

പാശ്ചാത്യ വിദ്യാഭ്യാസത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ സംഘടനയായ ബോകോ ഹറാം തോക്കുകളും ബോംബുകളും ഉപയോഗിച്ചാണ് ആക്രമണം അഴിച്ചുവിട്ടത്. നഗരത്തില്‍ ഏതാണ്ട് 20-ഓളം ബോംബാക്രമണങ്ങള്‍ നടന്നു. പരിഭ്രാന്തരായ ജനം സുരക്ഷാസ്ഥാനങ്ങളന്വേഷിച്ച് പരക്കംപാഞ്ഞു. അക്രമത്തില്‍ ഒരു ക്രിസ്ത്യന്‍ പള്ളി പൂര്‍ണമായും മറ്റൊന്ന് ഭാഗികമായും തകര്‍ന്നു.

ആക്രമണം നടന്ന കാനോയിലെ ആസ്​പത്രിയുടെ മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ കുന്നുകൂട്ടിയിരിക്കുകയാണ്. രണ്ട് ഇന്ത്യന്‍ കുടുംബങ്ങളിലെ ആറു പേരെ പരിക്കുകളോടെ കാനോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ രണ്ടു പേര്‍ കുട്ടികളാണ്. കേവല്‍കുമറിന്റെ സഹപ്രവര്‍ത്തകരും നേപ്പാള്‍ സ്വദേശികളുമായ ഹരിപ്രസാദ് ഭുസാല്‍, രാജ് സിംഗ് എന്നിവരും കൊല്ലപ്പെട്ടു.

നൈെജീരിയയിലുള്ള ഇന്ത്യക്കാര്‍ എംബസിയില്‍ രജിസ്റര്‍ ചെയ്യണമെന്ന് ഹൈക്കമ്മീഷണര്‍ മഹേഷ് സചദേവ് നിര്‍ദേശിച്ചു. നൈജീരിയയില്‍ ശരിയത്ത് ഭരണത്തിനുവേണ്ടി സമരം ചെയ്യുന്നവരാണ് ബോക്കോഹറം തീവ്രവാദികള്‍. 20 ബോംബ് സ്ഫോടനങ്ങളാണ് തീവ്രവാദികള്‍ നടത്തിയത്. ഇതെത്തുടര്‍ന്ന് സുരക്ഷാസേനയും ഭീകരരും തമ്മില്‍ വെടിവയ്പുണ്ടായി. കാനോയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവില്‍ ഇന്നലെ അയവുവരുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.