അഡലെയ്ഡ്: നായകന് മൈക്കല്‍ ക്ളാര്‍ക്കിന്റെയും മുന്‍ നായകന് റിക്കി പോണ്ടിംഗിന്റെയും സെഞ്ചുറികളുടെ മികവില്‍ ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഓസ്ട്രേലിയ ശക്തമായ നിലയില്‍. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്നിന് 335 റണ്‍സെന്ന നിലയിലാണ് ഓസ്ട്രേലിയ. 140 റണ്‍സുമായി ക്ളാര്‍ക്കും 137 റണ്‍സുമായി പോണ്ടിംഗും ക്രീസിലുണ്ട്. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുക്കെട്ടില്‍ ഇരുവരും 251 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസ് മൂന്നിന് 84 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയെ നേരിടുമ്പോഴാണ് പോണ്ടിംഗ്-ക്ളാര്‍ക്ക് സഖ്യം രക്ഷക്കെത്തിയത്.
ഏഴാം ഓവറില്‍ പെര്‍ത്ത് ടെസ്റ്റിലെ വിജയശില്പി ഡേവിഡ് വാര്‍ണറെ സഹീര്‍ ഖാന് എല്‍ബിഡബ്ള്യുവില്‍ കുടുക്കി. മൂന്നു റണ്‍സെടുത്ത ഷോണ്‍ മാര്‍ഷിന്റെ കുറ്റി അശ്വിന് തെറിപ്പിച്ചു. നിലയുറപ്പിക്കാന്‍ ശ്രമിച്ച കോവനെ അശ്വിന് കവറില്‍ ലക്ഷമണിന്റെ കൈകളിലെത്തിച്ചു. എന്നാല്‍ ഇതിനുശേഷം ഇന്ത്യ ചിത്രത്തിലേ ഇല്ലായിരുന്നു. വ്യക്തിഗത സ്കോര്‍ 81 റണ്‍സിലെത്തിയപ്പോള്‍ പോണ്ടിംഗ് ടെസ്റ്റ് ക്രിക്കറ്റില്‍ 13,000 റണ്‍സ് തികച്ചു.
സച്ചിനും ദ്രാവിഡിനും ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമാണ് പോണ്ടിംഗ്്. 164 പന്തില്‍ നിന്നാണ് പോണ്ടിംഗ് 41-ാം ടെസ്റ്റ് സെഞ്ചുറി നേടിയത്. തൊട്ടു പിന്നാലെ 133 പന്തില്‍ 14 ബൌണ്ടറികളും ഒരു സിക്സറുമായി ക്ളാര്‍ക്കും സെഞ്ചുറി തികച്ചു. ആദ്യ മൂന്ന് ടെസ്റ്റിലും വിജയിച്ച് പരമ്പര സ്വന്തമാക്കിയ ഓസ്ട്രേലിയ ഒരു സമ്പൂര്‍ണ വൈറ്റ്വാഷാണ് പ്രതീക്ഷിക്കുന്നത്. സമനില കൊണ്ട് പേരിനെങ്കിലും മാനം കാക്കാമെന്നൊരു നേര്‍ത്ത പ്രതീക്ഷ മാത്രമാണ് ഇന്ത്യയുടെ കൈമുതല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല