ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ സെമിഫൈനലില്‍ റോജര്‍ ഫെഡററും കിം ക്ലൈസ്‌റ്റേഴ്‌സും പ്രവേശിച്ചു. മെല്‍ബണ്‍ പാര്‍ക്കില്‍ നാലു തവണ കിരീടം ചൂടിയ ഫെഡറര്‍ ക്വാര്‍ട്ടര്‍ഫൈനലില്‍ മാര്‍ട്ടന്‍ ഡെല്‍ പെട്രോയേയാണ് തോല്‍പിച്ചത്. സ്‌കോര്‍: 6-4, 6-3, 6-2. മത്സരം ഒരു മണിക്കൂറും 59 മിനിറ്റും നീണ്ടുനിന്നു. റാഫേല്‍ നഡാല്‍-തോമസ് ബര്‍ഡിച്ച് ക്വാര്‍ട്ടറിലെ വിജയിയായിരിക്കും സെമിയില്‍ ഫെഡററുടെ എതിരാളി.
വനിതാ വിഭാഗത്തില്‍ കാരോലിന്‍ വോസ്‌നിയാക്കിയെ മറികടന്നാണ് നിലവിലുള്ള ചാമ്പ്യന്‍ കിം ക്ലൈസ്‌റ്റേഴ്‌സ് സെമിയില്‍ പ്രവേശിച്ചത്. സ്‌കോര്‍: 6-3, 7-6. മത്സരം ഒരു മണിക്കൂറും 45 മിനിറ്റും നീണ്ടുനിന്നു. ഈ തോല്‍വിയോടെ വോസ്‌നിയാക്കിക്ക് ലോക ഒന്നാം റാങ്ക് അടിയറവയ്‌ക്കേണ്ടിവരുമെന്ന് ഉറപ്പായി. കഴിഞ്ഞയാഴ്ചത്തെ റാങ്കിങ്ങിലാണ് വോസ്‌നിയാക്കി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
മറ്റൊരു ക്വാര്‍ട്ടറില്‍ പോളണ്ടിന്റെ അഗ്‌നിയെസ്‌ക റഡ്വാന്‍സ്‌കയെ തോല്‍പിച്ച മൂന്നാം സീഡ് വിക്‌ടോറിയ അസരെങ്കയാണ് സെമിയില്‍ ക്ലൈസ്‌റ്റേഴ്‌സിന്റെ എതിരാളി. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് അസരെങ്ക വിജയിച്ചത്. സ്‌കോര്‍: 6-7, 6-0, 6-2. വനിതകളുടെ ഡബിള്‍സില്‍ സാനിയ മിര്‍സ-യെലേന വെസ്‌നിന സഖ്യവും സെമിഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ അമേരിക്കയുടെ ലീസല്‍ ഹ്യൂബര്‍-ലിസ റെയ്മണ്ട് സഖ്യത്തെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് അവര്‍ തോല്‍പിച്ചത്. സ്‌കോര്‍: 6-3, 5-7, 7-6.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല