ലോകം മറ്റൊരു യുദ്ധത്തിനു സാക്ഷ്യം വഹിക്കേണ്ടി വന്നേക്കുമെന്ന സൂചന ലഭിച്ചു തുടങ്ങി. ഇറാനില്‍ നിന്നുള്ള എണ്ണക്കയറ്റുമതിക്കു തടസം സൃഷ്ടിച്ചാല്‍ ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന്‍ വീണ്ടും ഭീഷണി മുഴക്കിയിരിക്കുകയാണ്. ഇറാനെതിരേ എണ്ണ ഉപരോധം ഏര്‍പ്പെടുത്തിയ യൂറോപ്യന്‍ യൂണിയന്റെ നടപടി അനീതിപരമാണെന്ന് ഇറാന്‍ പറഞ്ഞു.
അതേസമയം ഇറാനുമായുള്ള ഏറ്റുമുട്ടല്‍ അനിവാര്യമായാല്‍ ബ്രിട്ടന്‍ യുദ്ധക്കപ്പലുകള്‍ അയയ്ക്കുമെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ഫിലിപ്പ് ഹാമന്‍ഡ് വ്യക്തമാക്കി. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണടാങ്കറുകള്‍ കടന്നുപോകുന്ന ഹോര്‍മൂസ് ജലപാത അടച്ചാല്‍ സൈനികശക്തി ഉപയോഗിച്ചു തുറക്കുമെന്ന് അമേരിക്ക മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഞായറാഴ്ച അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ ഹോര്‍മൂസിലൂടെ കടന്നുപോയിരുന്നു.
ബ്രിട്ടീഷ്, ഫ്രഞ്ച് യുദ്ധക്കപ്പലുകളും അകമ്പടി സേവിച്ചു. ഇറാനില്‍നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് ജൂലൈമുതല്‍ നിര്‍ത്തലാക്കണമെന്നാണ് 27 അംഗ യൂറോപ്യന്‍ യൂണിയന്റെ നിര്‍ദേശം. ഇറാന്‍ സെന്‍ട്രല്‍ബാങ്കിനെതിരേ ഉപരോധവും പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്റെ നടപടി എണ്ണവിലക്കയറ്റത്തിനിടയാക്കുമെന്ന് ആശങ്കയുണ്ട്. യൂറോപ്യന്‍ യൂണിയന്റെ നടപടി ഇറാന്റെ ആണവപ്രതിസന്ധി പരിഹരിക്കാന്‍ ഉതകില്ലെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി ലാവ്റോവ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല