ഇന്ത്യന്‍ ദമ്പതിമാരുടെ കുട്ടികളെ ശിശുക്ഷേമകേന്ദ്രം ഏറ്റെടുത്തതിനു പിന്നില്‍ സാംസ്‌കാരികമായ മുന്‍വിധിയൊന്നുമില്ലെന്ന് നോര്‍വീജിയന്‍ വിദേശകാര്യമന്ത്രി ജോനാസ് ഗാര്‍ സ്റ്റോര്‍ വ്യക്തമാക്കി. വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയുമായി നേരിട്ടു സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യമറിയിച്ചതെന്ന് നോര്‍വീജിയന്‍ എംബസി അറിയിച്ചു. നോര്‍വേയിലെ ശിശുക്ഷേമകേന്ദ്രം ഇത്തരത്തില്‍ ഇടപെടുന്നത് ചുരുക്കം കേസുകളിലാണെന്നും നോര്‍വീജിയന്‍ മന്ത്രി വ്യക്തമാക്കി.
നോര്‍വേയിലെ സ്റ്റാവന്‍ഗറില്‍ ഇന്ത്യന്‍ ദമ്പതിമാരായ അനുരൂപിന്റെയും സാഗരികയുടെയും മൂന്നും ഒന്നും വയസ്സുള്ള കുട്ടികളെയാണ് നോര്‍വേ ഏറ്റെടുത്തത്. കുട്ടികള്‍ ഏതു രാജ്യക്കാരായാലും അവരോട് മോശമായി പെരുമാറിയാല്‍ നോര്‍വേയിലെ ശിശുക്ഷേമവകുപ്പ് ഇടപെടും. ഈ കുട്ടികളെ മാതാപിതാക്കളില്‍നിന്ന് മാറ്റിപ്പാര്‍പ്പിക്കാനുള്ള തീരുമാനമെടുത്തത് അവിടത്തെ കുടംബകോടതി അഥവാ കൗണ്ടി കമ്മിറ്റി ആണെന്ന് ശിശുക്ഷേമ സര്‍വീസസ് തിങ്കളാഴ്ച പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ നവംബര്‍ 28-നാണ് കുട്ടികളെ മാറ്റാനുള്ള തീരുമാനമെടുത്തത്. കമ്മിറ്റിയുടെ തീരുമാനം ഏകകണ്ഠമായിരുന്നു. ഇന്ത്യന്‍ സംസ്‌കാരത്തോടുള്ള മുന്‍വിധിയല്ല ഈ നടപടിയിലേക്കു നയിച്ചതെന്ന് ചൈല്‍ഡ് വെല്‍ഫേര്‍ സര്‍വീസസ് തലവന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഈ കേസില്‍ എന്തുകൊണ്ടാണ് കുട്ടികളെ ഏറ്റെടുത്തതെന്നത് രഹസ്യമായതിനാല്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ സംരക്ഷണം ഇന്ത്യയിലുള്ള അവരുടെ മുത്തച്ഛനെയും മുത്തശ്ശിയെയും ഏല്പിക്കുക എന്ന സമവായത്തിലെത്താനാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല