ഹോസ്നി മുബാറക്കിന്റെ ഏകാധിപത്യത്തിന് അന്ത്യംകുറിച്ച ജനാധിപത്യവിപ്ളവത്തിന്റെ ഒന്നാം വാര്‍ഷികാചരണം പ്രമാണിച്ച് ഇന്നലെ കയ്റോയിലെ തഹ്റീര്‍ ചത്വരത്തിലേക്ക് പതിനായിരങ്ങള്‍ മാര്‍ച്ച് ചെയ്തു. ഇനിയും പൂര്‍ത്തിയാവാത്ത വിപ്ളവം പൂര്‍ണഫലപ്രാപ്തിയിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് അവര്‍ പ്രതിജ്ഞയെടുത്തു.
1981 മുതല്‍ രാജ്യത്തു നിലവിലുള്ള അടിയന്തരാവസ്ഥ പിന്‍വലിക്കുകയാണെന്ന് ഇടക്കാല സൈനികഭരണകൂടത്തിന്റെ മേധാവി ഫീല്‍ഡ് മാര്‍ഷല്‍ ഹുസൈന്‍ ടന്റാവി പ്രഖ്യാപിച്ചു. ഒന്നാം വാര്‍ഷികം പ്രമാണിച്ച് സ്മാരക നാണയം ഇറക്കാനും 2000 രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കാനും സൈനിക ഭരണകൂടം തീരുമാനിച്ചു.
എന്നാല്‍, ഇതുകൊണ്ടോന്നും ജനക്കൂട്ടം തൃപ്തിപ്പെട്ടില്ല. ടന്റാവിക്ക് എതിരേയും അവര്‍ മുദ്രാവാക്യം മുഴക്കി. തഹ്റീര്‍ ചത്വരത്തില്‍നിന്നു നേരത്തെ സൈനികര്‍ പിന്‍വാങ്ങിയിരുന്നു. ഈജിപ്ഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയ മുസ്ലിം ബ്രദര്‍ഹുഡിനെ പിന്തുണയ്ക്കുന്നവരും ലിബറല്‍ പാര്‍ട്ടികളില്‍പ്പെട്ടവരും തമ്മില്‍ തഹ്റീര്‍ ചത്വരത്തില്‍ വാക്കേറ്റമുണ്ടായി.
ഇപ്പോഴത്തെ സൈനിക ഭരണകൂടത്തിനെതിരെ മുദ്രാവാക്യം വിളിച്ച ഒരു വിഭാഗം ‘കുടുതല്‍ വിപ്ലവകാരികളെ കൊന്നോളൂ’ എന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. തലേന്ന് രാത്രി തന്നെ പ്രകടനക്കാരില്‍ കുറേപ്പേര്‍ താഹിര്‍ ചത്വരത്തില്‍ എത്തിയിരുന്നു. കഴിഞ്ഞ ജനവരി 25 നുണ്ടായ ജനകീയ പ്രക്ഷോഭത്തില്‍ 846 പേര്‍ കൊല്ലപ്പെടുകയും 6,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല