ഇന്ത്യ നാണക്കേടിന്റെ പടുകുഴിയിലേക്ക്, അഡ്ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരേ ഓസ്ട്രേലിയയ്ക്ക് വിജയം നാല് വിക്കറ്റ് മാത്രം അകലെ. ഓസീസ് ഉയര്‍ത്തിയ 500 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് രണ്ടാമിന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് നാലാം ദിനമായ ഇന്ന് കളി നിര്‍ത്തുമ്പോള്‍ 166 റണ്‍സെടുക്കുന്നതിനിടെ ആറ് വിക്കറ്റുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
മുന്‍നിര വിക്കറ്റുകളെല്ലാം കളഞ്ഞുകുളിച്ച ഇന്ത്യ പരാജയം ഉറപ്പിച്ച സ്ഥിതിയാണ്. 62 റണ്‍സെടുത്ത വീരേന്ദര്‍ സേവാഗ് മാത്രമാണ് നാണക്കേട് ഒഴിവാക്കുന്ന ബാറ്റിംഗ് കാഴ്ചവച്ചത്. മറ്റ് മുന്‍നിര താരങ്ങളുടെ പ്രകടനം കഴിഞ്ഞ മത്സരങ്ങളിലേതിന്റെ തനിയാവര്‍ത്തനമായിരുന്നു. ഗംഭീര്‍ ആദ്യം തന്നെ മൂന്ന് റണ്‍സുമായി പുറത്തായി. ദ്രാവിഡ് 25 ഉം സച്ചിന്‍ 13 ഉം റണ്‍സെടുത്തു.
വി.വി.എസ് ലക്ഷ്മണ്‍ (35), വിരാട് കൊഹ്ലി (22) എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍. ഒന്നാമിന്നിംഗ്സില്‍ സെഞ്ചുറി നേടിയ കൊഹ്ലി ഇക്കുറി റണ്ണൌട്ടാകുകയായിരുന്നു. രണ്ട് റണ്‍സെടുത്ത ഇഷാന്ത് ശര്‍മയും വൃദ്ധിമാന്‍ സാഹയുമാണ് ക്രീസില്‍. ഓസീസിന് വേണ്ടി നഥാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റുകളും റയാന്‍ ഹാരിസ് രണ്ട് വിക്കറ്റുകളും വീഴ്ത്തി.
നേരത്തെ ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സിന് രണ്ടാമിന്നിംഗ്സ് ഡിക്ളയര്‍ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 332 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യയുടെ വിജയലക്ഷ്യം ഇതോടെ 500 റണ്‍സായിരുന്നു. ഈ മത്സരത്തില്‍ വിജയിക്കുന്നതോടെ പരമ്പര 4-0 ത്തിന് ഓസീസ് തൂത്തുവാരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല