രണ്ടാം പാദ ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനെതിരേ 2-2 സമനിലയോടെ ബാഴ്സലോണ സ്പാനിഷ് കപ്പ് സെമിയില്‍. ആദ്യ പാദത്തില്‍ 2-1 ന് റയലിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത ബാഴ്സലോണ ഇരുപാദങ്ങളിലുമായി 4-3 ന്റെ ജയത്തോടെ സെമിയിലെത്തി. ബാഴ്സലോണയുടെ തട്ടകമായ ന്യൂകാമ്പില്‍ രണ്ടു ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് റയല്‍ മാഡ്രിഡ് സമനില പിടിച്ചത്. മറ്റൊരു മത്സരത്തില്‍ ലെവന്റയെ ഇരുപാദങ്ങളിലുമായി 7-1 നു കീഴടക്കി വലന്‍സിയ സെമിയില്‍ ഇടംപിടിച്ചു.
സ്വന്തം കാണികളുടെ മുന്നില്‍ പെദ്രോയിലൂടെ ബാഴ്സലോണ 1-0 നു മുന്നിലെത്തി. 30 -ാം മിനിറ്റില്‍ ആന്ദ്രേ ഇനിയെസ്റ്റയ്ക്കു പകരക്കാരനായാണ് പെദ്രോ മൈതാനത്തെത്തിയത്. 43-ാം മിനിറ്റിലായിരുന്നു പെദ്രൊയുടെ ഗോള്‍. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈം അവസാനിക്കാറായപ്പോള്‍ ഡാനി ആല്‍വസ് ബാഴ്സയുടെ ലീഡ് 2-0 ആക്കി. രണ്ടു ഗോളിനു പിന്നിലായ റയല്‍ മാഡ്രിഡ് 68-ാം മിനിറ്റില്‍ ക്രിസ്റ്യാനോ റൊണാള്‍ഡോയിലൂടെ ഒരു ഗോള്‍ മടക്കി.
നാലു മിനിറ്റിനു ശേഷം കരിം ബെന്‍സമ രണ്ടാം ഗോളും നേടി റയലിനെ 2-2 സമനിലയിലെത്തിച്ചു. തുടര്‍ന്ന് വിജയഗോളിനായി ഇരു ടീമും കൈമെയ് മറന്നു പോരാടിയതോടെ മത്സരം പരുക്കനായി. 88-ാം മിനിറ്റില്‍ റയലിന്റെ സെര്‍ജിയൊ റാമോസ് ചുവപ്പുകാര്‍ഡു കണ്ടു പുറത്തായി.
അതേസമയം എസി മിലാന്‍ ഇറ്റാലിയന്‍ കപ്പ് ഫുട്ബോള്‍ സെമിയില്‍ പ്രവേശിച്ചു. ലാസിയൊയെ 3-1 നു കീഴടക്കിയാണ് എസി മിലാന്‍ സെമിയില്‍ ഇടംപിടിച്ചത്. ഒരു ഗോളിനു പിന്നിട്ടുനിന്നശേഷം മൂന്നെണ്ണം തിരിച്ചടിച്ച് എസി മിലാന്‍ സെമിയിലെത്തുകയായിരുന്നു. സിസെയിലൂടെ (5) ലാസിയൊ മുന്നില്‍ കടന്നു. എന്നാല്‍, റൊബീഞ്ഞോ (15), ക്ളാരെന്‍സ് സീഡോഫ് (18), സ്ളാട്ടന്‍ ഇബ്രാഹിമോവിച്ച് (84) എന്നിവരാണ് മിലാന്റെ ഗോള്‍ നേടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല