1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2012

ഇറാന്‍ അമേരിക്ക പോര് തീക്കളി ആകുന്ന മട്ടുണ്ട്. പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളും മറ്റും അമേരിക്കൊപ്പം ചേര്‍ന്ന് ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ സ്ഥിതിയ്ക്ക്. എന്തായാലും ആണവപദ്ധതികളുമായി മുന്നോട്ടുപോകുന്ന ഇറാനെതിരേ ഉണ്ടായേക്കാവുന്ന സൈനിക നീക്കത്തിന്റെ ഭാഗമായി യുഎസ് ഉഗ്രശേഷിയുള്ള ബോംബുകള്‍ നിര്‍മിച്ചുതുടങ്ങിയതായി റിപ്പോര്‍ട്ട്. 13.6 ടണ്‍ ഭാരമുള്ള ബങ്കര്‍ബസ്റ്റര്‍ ബോംബാണു നിര്‍മിക്കുന്നതെന്നു സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ടെഹ്റാനില്‍ പലയിടത്തായി ഭൂമിക്കടിയില്‍ സ്ഥാപിച്ചിരിക്കുന്ന ആണവനിലയങ്ങളെല്ലാം തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ഈ ബോംബ്. ഏതു തരത്തിലുള്ള കവചവും തകര്‍ത്തു ലക്ഷ്യത്തിലെത്താന്‍ പ്രാപ്തമാണു ബോംബെന്ന് യുഎസ് പ്രതിരോധവൃത്തങ്ങള്‍ അവകാശപ്പെടുന്നു. പാറകളും കോണ്‍ക്രീറ്റും ഇരുമ്പുമെല്ലാം തുരന്നു ലക്ഷ്യത്തിലെത്തി സ്ഫോടനം നടത്താന്‍ ബോംബിനാകും.

ഇത്തരത്തിലുള്ള 20 ബോംബുകള്‍ നിര്‍മിക്കുന്നതിന് 33 കോടി ഡോളറാണ് പ്രതിരോധവകുപ്പ് ചെലവഴിക്കുന്നത്. ബോംബുകള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ 82 ദശലക്ഷം ഡോളര്‍കൂടി അനുവദിക്കണമെന്ന നിര്‍ദേശം യുഎസ് കോണ്‍ഗ്രസ് മുമ്പാകെ പെന്റഗണ്‍ വച്ചിട്ടുണ്ട്. വ്യോമസേനയുടെ ബി-2 സ്റ്റെല്‍ത് ബോംബര്‍ വിമാനത്തിലാണ് ഈ ബോംബുകള്‍ ഘടിപ്പിക്കുക.

അതേസമയം, ഇറാനുമായുള്ള സംഘര്‍ഷവും യെമനിലെ അല്‍ക്വയ്ദ, സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ എന്നിവരുടെ ഭീഷണിയും കണക്കിലെടുത്ത് മധ്യേഷ്യയിലേക്ക് വന്‍ കപ്പല്‍പ്പടയെ അയയ്ക്കാന്‍ അമേരിക്ക ഒരുങ്ങുന്നതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഒഴുകുന്ന വലിയൊരു സൈനികത്താവളംതന്നെയാണ് അയയ്ക്കുന്നതത്രേ. വിമാനവാഹിനിക്കപ്പല്‍, ഏതാവും അകമ്പടിക്കപ്പലുകള്‍, ചെറിയ അതിവേഗ ബോട്ടുകള്‍, നേവിസീലുകളെയും വഹിച്ച് പ്രത്യേക ഹെലികോപ്ടറുകള്‍ എന്നിവയാണ് ഈ ഒഴുകുന്ന സൈനികത്താവളത്തില്‍ ഉണ്ടാകുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.