മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലെയും തൃശൂര്‍ മദര്‍ ആശുപത്രിയിലെയും നേഴ്സുമാര്‍ സമരത്തിന്. വേതന പരിഷ്കരണം, ജോലിഭാരം കുറയ്ക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു തൃശൂര്‍ മദര്‍ ആശുപത്രിയിലെ നേഴ്സുമാര്‍ ഫെബ്രുവരി ഒന്നുമുതലും ലേക് ഷോര്‍ ആശുപത്രിയിലെ നേഴ്സുമാര്‍ ജനുവരി മുപ്പത് മുതലുമാണ് അനിശ്ചിതകാല സമരത്തിന് തയ്യാറെടുക്കുന്നത്. യുണൈറ്റഡ് നെഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ ആശുപത്രിയിലെ മുഴുവന്‍ നേഴ്സുമാരും പങ്കെടുക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചു.
ഇന്ത്യയില്‍ നേഴ്സിങ് മേഖലയില്‍ മാത്രമായി 15 ലക്ഷത്തോളം പേര്‍ ജോലി ചെയ്യുന്നുണ്ട്. അറ്റന്‍ഡര്‍, സ്വീപ്പര്‍, നേഴ്സ്, ലാബ്ടെക്നീഷ്യന്മാര്‍, ഇതര സാങ്കേതികവിദഗ്ധര്‍ അടക്കം വിവിധ കാറ്റഗറികളിലായി 12ഉം 24ഉം മണിക്കൂര്‍വരെ ജോലിചെയ്യുന്ന ജീവനക്കാരുടെ കഷ്ടതകള്‍ ഭരണാധികാരികള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കേരളത്തില്‍ത്തന്നെ അറുന്നൂറോളം സ്വകാര്യ ആശുപത്രികളിലായി പത്തും ഇരുപതും വര്‍ഷംവരെ സര്‍വീസുള്ള തൊഴിലാളികള്‍ക്ക് പല ആശുപത്രി മാനേജ്മെന്റുകളും 1500 രൂപ മുതല്‍ 4000 രൂപവരെയാണ് ശമ്പളം നല്‍കുന്നത്. അപൂര്‍വം ചില ആശുപത്രികളാണ് 6000 രൂപവരെ നല്‍കുന്നത്.
അതേസമയം ആശുപത്രികളിലെ രോഗി-നേഴ്സ് അനുപാതവും ഭയാനകമാണ് താനും. നിയമമനുസരിച്ച് വാര്‍ഡുകളില്‍ അഞ്ചു രോഗികള്‍ക്ക് ഒരു നേഴ്സ് എന്ന നിലയിലും ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളില്‍ 1:1 എന്ന അനുപാതവുമാണ് വേണ്ടത്. എന്നാല്‍ കേരളത്തിലെ ചില പ്രമുഖ ആശുപത്രികളില്‍പോലും 30 രോഗികള്‍ക്ക് ഒരു നേഴ്സ് എന്ന അനുപാതമാണുള്ളത്. നേഴ്സുമാരെ സ്ഥിരപ്പെടുത്തിയാല്‍ ആനുകൂല്യം കൂടുതല്‍ നല്‍കണം എന്നതിനാല്‍ കരാര്‍വല്‍ക്കരണവും വ്യാപകമാകുന്നു. ജോലിസ്ഥിരത ലഭിക്കുന്നേയില്ല. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആയി അംഗീകരിക്കപ്പെട്ട സ്ഥലങ്ങളില്‍പോലും നേഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് ബോണ്ട് സമ്പ്രദായം നിലനില്‍ക്കുന്നു. സുപ്രീകോടതിവിധിയുണ്ടായിട്ടുപോലും ഇത് ഉപേക്ഷിക്കാന്‍ പല മാനേജ്മെന്റുകളും തയ്യാറാകുന്നില്ല. ഈ പ്രശ്നങ്ങള്‍ എല്ലാം ഉയര്‍ത്തിയാണ് നേഴ്സുമാര്‍ വ്യാപകമായി സമരത്തിന് ഇറങ്ങിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നിയന്ത്രണത്തിലുള്ള കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ നേഴ്സുമാര്‍ ഒന്നടങ്കം നെഴ്സസ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം തുടങ്ങിയിരുന്നു. മുംബൈയിലും കൊല്‍ക്കത്തയിലും മലയാളി നേഴ്സുമാര്‍ തുടങ്ങി വെച്ച സമരം കേരളത്തിലെ അങ്ങോളം ഇങ്ങോളമുള്ള ആശുപത്രിയിലേക്ക് വ്യാപിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി കാണാന്‍ കഴിയുന്നത്. നേരത്തെ, ഗവണ്‍മെന്‍റ് ഹോസ്പിറ്റലുകളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന അസോസിയേഷനുകള്‍ സ്വകാര്യമേഖലയിലെ ചൂഷണത്തിനെതിരെയും ശബ്ദമുയര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു എന്നതിന്‍റെ തെളിവാണ് ഈ പുതിയ മുന്നേറ്റങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല