ഇറാനിലെ ആണവ പരിപാടിയെക്കുറിച്ച് മനസ്സിലാക്കാന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ) യുടെ പ്രത്യേക നിരീക്ഷക സംഘം ഇറാനിലെത്തി. ഇറാന്റെ ആണവ പരിപാടികള്‍ സംബന്ധിച്ച് പാശ്ചാത്യ രാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക കനത്ത സാഹചര്യത്തിലാണിത്. ഐ.എ.ഇ.എ ചീഫ് ഇന്‍സ്‌പെക്ടര്‍ ഹെര്‍മന്‍ നാക്കേര്‍ട്‌സിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ഇറാനിലെത്തിയത്. ആണവ പരിപാടികളുമായി മുന്നോട്ടു പോകുമെന്നു പ്രഖ്യാപിച്ച ഇറാന്‍ യുഎന്‍ സംഘവുമായി ചര്‍ച്ചയ്ക്കു തയാറാകുമെന്നു പ്രതീക്ഷ. ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ച് എല്ലാ ആശങ്കകളും പരിഹരിക്കുകയാണു ലക്ഷ്യമെന്നു ഹെര്‍മന്‍ നാക്കേര്‍ട്സ് വ്യക്തമാക്കി.
ഏജന്‍സിയുടെ ചോദ്യങ്ങള്‍ക്ക് ഇറാന്‍ മറുപടി നല്‍കണമെന്ന് ഐ.എ.ഇ.എ ഡയറക്ടര്‍ ജനറല്‍ യുകിയ അമാനൊ ആവശ്യപ്പെട്ടു. എന്നാല്‍ ആണവായുധം വികസിപ്പിക്കുന്നുവെന്ന വാര്‍ത്ത ഇറാന്‍ നിഷേധിച്ചു. ഇറാന്‍ ആണവായുധം നിര്‍മിക്കുന്നുവെന്ന ആരോപണം പരിശോധനയോടെ അവസാനിക്കുമെന്ന് ഐ.എ.ഇ.എയിലെ ഇറാന്‍ അംബാസഡര്‍ അസ്ഗര്‍ സോള്‍ട്ടാനിയെ പറഞ്ഞു. സമാധാന ആവശ്യങ്ങള്‍ക്കാണു പദ്ധതി പ്രയോജനപ്പെടുത്തുന്നതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
ഇറാനെതിരേ രാജ്യാന്തര സമൂഹം ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ വിലക്കി. ഇറാനിലെ കേന്ദ്രബാങ്കിന്‍റെ ആസ്തികള്‍ മരവിപ്പിക്കുന്നതടക്കമുളള സാമ്പത്തിക ഉപരോധ നടപടിയും ഇ.യു സ്വീകരിച്ചിട്ടുണ്ട്. യുഎസ് കടുത്ത ഉപരോധ നടപടിയാണു സ്വീകരിച്ചത്. രാജ്യാന്തര സമൂഹം ഇറാനെ ഒറ്റപ്പെടുത്തണമെന്നാണു യുഎസ് ആഹ്വാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല