1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2012

വേതന പരിഷ്‌കരണം, ജോലിഭാരം കുറയ്ക്കല്‍ എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് തൃശൂര്‍ മദര്‍ ഹോസ്പിറ്റലില്‍ യുണൈറ്റഡ് നേഴ്സ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആരംഭിക്കാനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. നേഴ്സുമാരുടെ ആവശ്യങ്ങള്‍ എല്ലാം കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ മാനേജ്മെന്റ് അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചത്. അഞ്ച് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ മദര്‍ ഹോസ്പിറ്റല്‍ അധികൃതര്‍ നേഴ്സുമാര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുകയായിരുന്നു.

അതേസമയം എറണാകുളം ലേക്ക് ഷോര്‍ ആശുപത്രിയിലെ നേഴ്സുമാര്‍ ഇന്ന് മുതല്‍ ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം തുടങ്ങി. മദര്‍ ഹോസ്പിറ്റല്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ കഴിഞ്ഞ മാസത്തെ ശമ്പളം ഫെബ്രുവരി അഞ്ചിന് മുന്‍പ്‌ നല്‍കാമെന്നും മാനേജ്മെന്റ് സമ്മതിച്ചിട്ടുണ്ട്.

മാന്യമായ വേതനം നെഴ്സുമാര്‍ക്ക് നല്‍കാമെന്നേറ്റ ഹോസ്പിറ്റല്‍ അധികൃതര്‍ പ്രസവാവധി നല്‍കുവാനും നേഴ്സിംഗ് കോളേജിലെയും സ്കൂളിലെയും അധ്യാപകര്‍ക്ക്‌ യു.ജി.സി സ്കെയിലില്‍ ശമ്പളം നല്‍കുവാനും പുരുഷ നെഴ്സുമാര്‍ക്ക് പ്രത്യേക റിസര്‍വേഷന്‍ ഏര്‍പ്പെടുത്തുവാനും സമ്മതിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ ശമ്പളം 11000 ആക്കുവാനും മാനേജ്മെന്റ് സമ്മതിച്ചു. യുണൈറ്റഡ് നെഴ്സസ് അസോസിയേഷന്റെ ശക്തമായ ഇടപെടലാണ് സമരം കൂടാതെ തന്നെ നേഴ്സുമാരുടെ ആവശ്യങ്ങള്‍ എല്ലാം അംഗീകരിക്കുവാന്‍ മാനേജ്മെന്റിനെ പ്രേരിപ്പിച്ചത്.

മുന്‍പ്‌ ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ എല്ലാം തന്നെ പരാജയപ്പെട്ടതിനെ തുടര്‍ന്നു ഫെബ്രുവരി ഒന്നുമുതല്‍ മദര്‍ ഹോസ്പിറ്റലിലെ നേഴ്സുമാര്‍ അനിശ്ചിതകാല സമരം നടത്തുവാന്‍ തീരുമാനിച്ചിരുന്നു. അതേസമയം കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ നേഴ്സുമാരുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യന്‍ നഴ്സസ് പേരന്‍റ്സ് അസോസിയേഷന്‍ നടത്തിയ പ്രകടനം പൊലീസ് തടഞ്ഞു. ഇരുന്നൂറോളം രക്ഷിതാക്കളാണ് പ്രകടനമായി ആശുപത്രിയിലേക്കെത്തിയിലെത്തിയത്.

മക്കളെ കാണണമെന്നാവശ്യപ്പെട്ട രക്ഷിതാക്കളെ ആശുപത്രി കവാടത്തില്‍ പൊലീസ് തടഞ്ഞതു നേരിയ സംഘര്‍ഷത്തിനു കാരണമായി. ഒരു രക്ഷിതാവിനു പരുക്കേറ്റതായി റിപ്പോര്‍ട്ട്. സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടാണു നഴ്സുമാര്‍ സമരം നടത്തുന്നത്. സമരം അവസാനിപ്പിക്കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സമരക്കാരെ ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.