സാമ്പത്തികമായും ബൗദ്ധികമായും മറ്റു കഴിവുകള്‍ കൊണ്ടും ബ്രിട്ടന് വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ കഴിയുന്നവര്‍ക്ക് ഇനി മുതല്‍ പി ആര്‍ ലഭിക്കാന്‍ മുന്‍ഗണന നല്‍കുമെന്ന് കുടിയേറ്റ മന്ത്രി ഡാമിയന്‍ ഗ്രീന്‍. . ബ്രിട്ടനില്‍ സ്ഥിരതാമസം ആക്കുന്നതിനുള്ള വിദേശികളുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച് സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് ഈ നയം മാറ്റം. പ്രധാനമായും ഹൈലി സ്കില്‍ഡ് വിസക്കാര്‍ക്കും ബിസിനസുകാര്‍ക്കും ലോകോത്തര കലാകാരന്മാര്‍ക്കും ആയിരിക്കും ഇപ്രകാരം മുന്‍ഗണന ലഭിക്കുക.ടൈംസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ഡാമിയന്‍ ഗ്രീന്‍ ഇക്കാര്യം വ്യകത്മാക്കിയത്.ഇത് സംബന്ധിച്ച ഔദ്യോകിക പ്രഖ്യാപനം ഒരാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
പുതിയ നിയമം നടപ്പില്‍ വന്നാല്‍ ടയര്‍ 2 വിസയിലൂടെയുള്ള പി ആര്‍ നേടല്‍ ദുഷ്ക്കരമാവും.ഭൂരിപക്ഷം മലയാളികളും ഈ റൂട്ടിലാണ് പി ആര്‍ നേടുന്നത്.ഇവര്‍ കൂടുതല്‍ കടുത്ത പരിശോധനകള്‍ക്ക് വിധേയര്‍ ആവേണ്ടി വരും.ഇത്തരക്കാര്‍ ബ്രിട്ടനില്‍ സ്ഥിരതാമാസമാക്കുന്നത് കൊണ്ട് ബ്രിട്ടിഷ് സൊസൈറ്റിക്ക് എന്ത് പ്രയോജനം ആണ് ഉള്ളതെന്നും ബെന്ഫിറ്റ് കൊണ്ടല്ല ജീവിക്കാന്‍ പോകുന്നതെന്നും തെളിയിക്കണമെന്നാണ് കുടിയേറ്റ മന്ത്രി പറയുന്നത്.സ്വാഭാവികമായും ഈ കടമ്പ കടക്കുക ദുഷ്ക്കരമാവും.
കുടിയേറ്റക്കാരെ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്ന കാലം കഴിഞ്ഞെന്നും ഇനി രാജ്യത്തിന് വേണ്ടത് മിടുക്കരെ മാത്രമാണെന്നും ഡാമിയന്‍ ഗ്രീന്‍ പറഞ്ഞു.കുടിയേറ്റം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഇക്കഴിഞ്ഞ വര്‍ഷം 385,000 പേര്‍ക്ക് വിസ നിഷേധിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.വിസ നേടാന്‍ സമര്‍പ്പിച്ച 27,000 വ്യാജ രേഖകളും കണ്ടെത്തി.ഇവര്‍ക്ക് ഇനിയൊരിക്കലും യു കെ വിസ ലഭിക്കില്ല.ഓരോ മാസവും യു കെയിലേക്ക് വരുന്ന 1,000 പേരെയാണ് വിസ രേഖകള്‍ ശരിയല്ലാത്തതിനാല്‍ തടയുന്നത്.ഇതെല്ലാം തന്‍റെ സര്‍ക്കാരിന്റെ നേട്ടമാണെന്നാണ് മന്തി പറയുന്നത്.
പുതിയ പരിഷ്ക്കാരം നടപ്പില്‍ വരുന്നത് ഏറ്റവും ദോഷമായി ബാധിക്കുന്നത് അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ പി ആര്‍ ലഭിക്കുന്ന ടയര്‍ 2 (വര്‍ക്ക് പെര്‍മിറ്റ് ) വിസക്കരെയാണ്.ഹൈലി സ്കില്‍ഡ് വിസക്കാര്‍ക്കും ബിസിനസുകാര്‍ക്കും ഇന്‍വെസ്റ്റര്‍മാര്‍ക്കും പി ആര്‍ എളുപ്പമാവുമ്പോള്‍ മറ്റുള്ളവര്‍ക്ക് കാര്യങ്ങള്‍ ദുഷ്ക്കരമാവും.പുതിയ നിയമത്തിന് മുന്‍കാല പ്രാബല്യം ഉണ്ടാവുമോ എന്നത് ഔദ്യോകിക പ്രഖ്യാപനം വന്നാല്‍ മാത്രമേ അറിയാന്‍ സാധിക്കൂ.അതെ സമയം ബ്രിട്ടനെ പെരുവഴിയില്‍ ആക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം കുറയ്ക്കാന്‍ യാതൊരു നടപടിയും കൂട്ടു കക്ഷി സര്‍ക്കാര്‍ എടുക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല