തടിച്ചുരുണ്ട കുഞ്ഞുങ്ങള്‍ക്കാണ് ആരോഗ്യം ഉണ്ടാകുക എന്നൊരു തെറ്റായ ധാരണ നമുക്കിടയില്‍ ഉണ്ടെന്നു തോന്നുന്നു. എന്നാല്‍ പുതിയ പഠനങ്ങള്‍ നിര്‍ദേശിക്കുന്നത് കുട്ടികള്‍ തടിച്ചുകൊഴുക്കാതിരിക്കാന്‍ അച്ഛനമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നാണ്. തടികൂടിയ കുഞ്ഞുങ്ങളെ കൊഞ്ചിക്കാനും ലാളിക്കാനുമൊക്കെ കൗതുകമുണ്ടാവും. പക്ഷേ, ആ തടിയുമായി വളര്‍ന്നാല്‍ അവര്‍ ഒന്നിനുംകൊള്ളാത്തവരായി മാറും. കുട്ടികളില്‍ പോഷണക്കുറവ് ഒരുവലിയ സാമൂഹിക ആരോഗ്യപ്രശ്‌നമായിരുന്നകാലം കഴിയുകയാണ്. അതിനുപകരം പൊണ്ണത്തടി ഒരു ആരോഗ്യവിപത്തായി വളര്‍ന്നുവന്നിരിക്കുന്നു. ലോകജനസംഖ്യയുടെ മൂന്നിലൊന്നിന്, അതായത് 30 ശതമാനത്തിന് പൊണ്ണത്തടി ബാധിച്ചിരിക്കുന്നതായി കണക്കാക്കിയിരിക്കുന്നു.
സൂഷ്മ പോഷണങ്ങളുടെ കുറവ്
ഇക്കൂട്ടരില്‍കാണുന്ന സൂക്ഷ്മപോഷണങ്ങളുടെ കുറവ് പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു. വണ്ണം കൂടുതലാണെങ്കിലും അയണ്‍, അയോഡിന്‍, സിങ്ക്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി എന്നിവയുടെ കുറവ് വ്യാപകമായിരിക്കുന്നു. സമീകൃതാഹാരം, ആരോഗ്യകരമായ ഭക്ഷണരീതി എന്നിവയുടെ അഭാവമാണ് ഇതിന്റെ പ്രധാനകാരണം.
കുഞ്ഞുങ്ങളുടെ ഭാരം
അവരവരുടെ പ്രായത്തിനാവശ്യമുള്ളതില്‍നിന്നും 20 ശതമാനം തൂക്കം കൂടുതലാണെങ്കില്‍ പൊണ്ണത്തടിയുണ്ട് എന്നു കണക്കാക്കുന്നു. ബോഡിമാസ് ഇന്‍ഡക്‌സ് കണക്കാക്കിയും ഇതിന്റെ തോത് കണ്ടുപിടിക്കാം. പ്രായപൂര്‍ത്തിയായ ഒരാളിന് അവരുടെ ഉയരത്തില്‍ നിന്നും 100 കി.ഗ്രാം കുറയ്ക്കുന്നതാണ് അഭികാമ്യമായ തൂക്കം. ഉദാ: 170 സെ.മീ – 100 = 70 കി.ഗ്രാം. ഇതില്‍നിന്നും ചെറുപ്രായത്തില്‍ 5 കുറയുകയോ പ്രായമേറുമ്പോള്‍ 5 കൂടുകയോ ആകാം. ഇങ്ങനെ ഉയരത്തിനനുസരിച്ച് തൂക്കമുള്ള ആളിന്റെ ബി.എം.ഐ. 22 23 ആയിരിക്കും. 18.5 25 ആണ് നോര്‍മല്‍ ബി.എം.ഐ. എന്നാല്‍ നമ്മള്‍ ഏഷ്യക്കാര്‍ 22 23 ല്‍ ബി.എം.ഐ. നിലനിര്‍ത്തുന്നതാണ് നല്ലത് എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.
ജനനസമയത്ത് ബി.എം.ഐ. 13 ആണ്. ഇത് ഒരു വയസ്സാകുമ്പോള്‍ 17 ആകും. പിന്നീട് 15 ആയി കുറയുകയും ക്രമേണ പ്രായപൂര്‍ത്തി എത്തുമ്പോള്‍ 18.5 25 ആകുകയുംചെയ്യും. ഓരോ പ്രായക്കാര്‍ക്കും ആവശ്യമായ തൂക്കം, ഉയരം, ബി.എംഐ. എന്നിവ രേഖപ്പെടുത്തിയിട്ടുള്ള ചാര്‍ട്ട് ലഭ്യമാണ്.
പൊണ്ണത്തടിയുടെ കാരണങ്ങള്‍
മിക്കവാറും ആഹാരരീതിയിലുള്ള വ്യതിയാനം, അമിതാഹാരം, വ്യായാമക്കുറവ് എന്നിവയായിരിക്കും പൊണ്ണത്തടിയുടെ കാരണം. ശരീരത്തില്‍ കൊഴുപ്പുകോശങ്ങള്‍ വര്‍ധിക്കുന്നത് ശിശുക്കളില്‍തന്നെ ആരംഭിക്കുന്ന ഒരു പ്രതിഭാസമാണ്. പൊണ്ണത്തടിയുള്ള കുട്ടികളില്‍ 80 ശതമാനവും അങ്ങനെതന്നെ തുടരുന്നു എന്നത് ശ്രദ്ധേയമാണ്. അമിതാഹാരംമൂലം പൊണ്ണത്തടിവരുന്നവരുടെ ഉയരവും പ്രായത്തില്‍ കവിഞ്ഞതായിരിക്കും.
പൊണ്ണത്തടിവരാന്‍ മറ്റു പലകാരണങ്ങളുമുണ്ട്. ചില പ്രത്യേകരോഗങ്ങള്‍ ഉള്ളവര്‍, ചില പ്രത്യേകമരുന്ന് കഴിക്കുന്നവര്‍ എന്നിവരില്‍ പൊണ്ണത്തടി കൂടുതലായിക്കാണുന്നുണ്ട്. എന്നാല്‍ ഇക്കൂട്ടരില്‍ പ്രായത്തിനേക്കാള്‍ കുറവായിരിക്കും ഉയരം. കുഷിങ് സിന്‍ഡ്രോം, ഹൈപ്പോ തൈറോയ്ഡിസം എന്നിവയുള്ള കുട്ടികളില്‍ തടി കൂടുതലും ഉയരം കുറവും ആയിരിക്കും. കൊഴുപ്പുകോശങ്ങള്‍ ഉത്ഭവിപ്പിക്കുന്ന ലെപ്ടിന്‍ എന്ന ഒരു ഹോര്‍മോണ്‍ നമ്മുടെ വിശപ്പിനെ നിയന്ത്രിക്കണം. എന്നാല്‍ ചില ജനിതകവൈകല്യങ്ങള്‍കാരണം ലെപ്ടിന്‍ കുറയുമ്പോള്‍ പൊണ്ണത്തടി ഉണ്ടാകാം.
അനുബന്ധ രോഗങ്ങള്‍
പൊണ്ണത്തടിയോടൊപ്പം കഴുത്തിനുപിറകില്‍ കറുപ്പുനിറംകാണുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇതിന് Acanthosis Nigricans എന്നു പറയും. ഇത് സമീപഭാവിയില്‍ പ്രമേഹരോഗം വരുമെന്നതിന്റെ സൂചനയാകാം. ഡയബറ്റിസ്, പ്രഷര്‍, ഹൃദ്രോഗം, കൊളസ്‌ട്രോള്‍, പക്ഷാഘാതം, രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥ, ഗൗട്ട്, സന്ധിവേദന, തേയ്മാനം, പിത്താശയരോഗങ്ങള്‍, സ്തനാര്‍ബുദം, വന്‍കുടല്‍ കാന്‍സര്‍, മൂത്രാശയ കാന്‍സര്‍, എല്ലിന്റെ ഒടിവുകള്‍, വീഴ്ച, ശ്വാസതടസ്സം എന്നിവ ഇവരില്‍ വളരെക്കൂടുതലായിരിക്കും. മരണനിരക്കും അകാലത്തിലുള്ള മരണവും ഇവരില്‍ കൂടുതലാണ്. 10 ശതമാനം തൂക്കം കുറച്ചാല്‍ അകാലമരണത്തില്‍ 20 ശതമാനവും പ്രഷര്‍, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവയില്‍ 30 ശതമാനം കുറവും വരും എന്നത് ആശയ്ക്ക് വക നല്‍കുന്നു.
പൊണ്ണത്തടി കുറയ്ക്കാനുള്ള വഴികള്‍
1. ആഹാരനിയന്ത്രണം. പട്ടിണിയിരിക്കുന്നതും സദ്യ കഴിക്കുന്നതും ഒഴിവാക്കുക.
2. ആഹാരം ഭക്ഷണസമയത്തുമാത്രം കഴിക്കുക. ഇടവേളകളിലെ ഭക്ഷണം, സ്‌നാക്‌സ്, ചിപ്‌സ്, മിഠായി, നട്‌സ്, കോളകള്‍ എന്നിവ ഒഴിവാക്കുക. ഇടവേളകളില്‍ ധാരാളം വെള്ളം കുടിക്കുക.
3. ലഹരിപദാര്‍ഥങ്ങള്‍, മദ്യം എന്നിവ ഒഴിവാക്കുക, പുകവലിയും ശരീരത്തിനു ഹാനികരമായതിനാല്‍ ഒഴിവാക്കുക.
4. കൊഴുപ്പുകൂടിയ ആഹാരങ്ങള്‍, ഫാസ്റ്റ് ഫുഡ് എന്നിവയുടെ ഉപയോഗം വല്ലപ്പോഴും ഒരിക്കല്‍ മാത്രമാക്കുക.
5. ആറുമാസത്തില്‍ 2 കി.ഗ്രാം തൂക്കം കുറയ്ക്കുമെന്ന പ്രതിജ്ഞ എടുക്കുക.
6. 20-30 മിനുട്ടുനേരം ശരീരം വിയര്‍ക്കുവോളം വ്യായാമം ചെയ്യുക.
7. ഇലക്കറികള്‍, പച്ചക്കറികള്‍, സാലഡുകള്‍, തണ്ണിമത്തന്‍, തക്കാളി, തുടങ്ങി മധുരംകുറഞ്ഞ പഴവര്‍ഗങ്ങളുടെ ഉപയോഗംകൂട്ടി ആഹാരം നിയന്ത്രിക്കുക.
8. ആവശ്യമെങ്കില്‍മാത്രം മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കുക.
9. യോഗ, വ്യായാമക്ലാസുകള്‍ എന്നിവയില്‍ ചേരുകയും അത് ജീവിതരീതിയാക്കുകയും ചെയ്യുക. ടി.വി., കമ്പ്യൂട്ടര്‍ എന്നിവയിലും സ്‌നാക്‌സ് കഴിച്ചുകളയുന്ന സമയവും ചിട്ടപ്പെടുത്തുക.
10. മാനസിക പിരിമുറുക്കങ്ങള്‍വെടിഞ്ഞ് ശുഭാപ്തിവിശ്വാസം ഉള്‍ക്കൊണ്ട് ജീവിതരീതി മാറ്റിയെടുക്കുക. ‘പൊണ്ണത്തടിയന്‍’ എന്ന കളിയാക്കലുകളെ അതിജീവിക്കാന്‍ ശാരീരികമായും മാനസികമായും ഒരുങ്ങുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല